“വിഘ്നേഷ് പുത്തൂർ എന്നെ ബിഷൻ സിംഗ് ബേദിയെയും എരപ്പള്ളി പ്രസന്നയെയും ഓർമ്മിപ്പിക്കുന്നു”: മുംബൈ ഇന്ത്യൻസിൻ്റെ പുതിയ കണ്ടെത്തലിനെ നവജോത് സിംഗ് സിദ്ധു | Vignesh Puthur

മുംബൈ ഇന്ത്യൻസിന്റെ മലയാളിയായ 24 കാരനായ വിഘ്‌നേഷ് പുത്തൂർ ഇതുവരെ ഒരു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരം പോലും കളിച്ചിട്ടില്ല, എന്നാൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ തന്റെ ബൗളിംഗിലൂടെ ഈ യുവ സ്പിന്നർ എല്ലാവരെയും ആകർഷിച്ചു.ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തില്‍ ഇംപാക്‌ട് പ്ലേയറായി കളത്തിലെത്തിയ താരം മിന്നും പ്രകടനവുമായി കളം നിറഞ്ഞു.തന്‍റെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്‌ത്തിക്കൊണ്ടാണ് ഇടം കയ്യന്‍ റിസ്‌റ്റ് സ്‌പിന്നറായ വിഘ്നേഷ് വരവറിയിച്ചത്.

ചെന്നൈ നായകന്‍ റിതു രാജ് ഗെയ്‌ക്വാദിനെയാണ് മലയാളി താരം ആദ്യ ഇരയാക്കിയത്. തന്‍റെ രണ്ടാം ഓവറില്‍ അപകടകാരിയായ ശിവം ദുബെയേയും വിഘ്‌നേഷ്‌ കൂടാരം കയറ്റി. മൂന്നാം ഓവറില്‍ ദീപക്‌ ഹൂഡയേയും വീഴ്‌ത്തിക്കൊണ്ട് വിഘ്‌നേഷ് മലയാളികളുടെ അഭിമാനമായി. മത്സരത്തില്‍ തന്‍റെ നാല് ഓവറില്‍ 32 റണ്‍സ് മാത്രം വഴങ്ങിയാണ് മലയാളി താരം മൂന്ന് വിക്കറ്റ് വീഴ്‌ത്തിയത്.ഫ്രാഞ്ചൈസിയുടെ സ്കൗട്ടിംഗ് ടീം ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ മകനായ വിഘ്‌നേഷിനെ കണ്ടെത്തി, അഞ്ച് തവണ ചാമ്പ്യന്മാരായ ടീമിനെതിരെ അദ്ദേഹത്തിന് അരങ്ങേറ്റം നൽകാൻ ടീം മാനേജ്‌മെന്റ് തീരുമാനിച്ചു.

മത്സരത്തിന്റെ വ്യാപ്തി അദ്ദേഹത്തെ ബാധിച്ചില്ല, കൂടാതെ തന്റെ സ്പെല്ലിലുടനീളം അദ്ദേഹം മികവ് പുലർത്തുകയും ചെയ്തു.കേരള സീനിയര്‍ ടീമിനായി ഒരു മത്സരം പോലും കളിക്കാത്ത താരമാണ് വിഘ്‌നേഷ്‌. അണ്ടർ 14, അണ്ടർ 19 തലങ്ങളിൽ മാത്രമാണ് താരം സംസ്ഥാനത്തെ പ്രതനിധീകരിച്ചത്. കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനായി കളിച്ചിട്ടുണ്ട്.മുൻ ഇന്ത്യൻ താരം നവ്‌ജോത് സിംഗ് സിദ്ധു ഇന്ത്യയിലെ രണ്ട് ഇതിഹാസ സ്പിന്നർമാരായ ബിഷൻ സിംഗ് ബേദിയെയും എരപ്പള്ളി പ്രസന്നയെയും ഓർമ്മിപ്പിച്ചുകൊണ്ട് മുംബൈയുടെ പുതിയ താരത്തെ പ്രശംസിച്ചു.

“വിഘ്നേഷ് പുത്തൂർ എല്ലായിപ്പോഴും വിക്കറ്റുകൾ സ്വന്തമാക്കാനാണ് ശ്രമിക്കുന്നത്. ഏറ്റവും പതിയെ പന്ത് എറിയുന്നതിൽ അവൻ ഭയപ്പെടുന്നില്ല. ബോൾ കൂടുതൽ സമയം വായുവിൽ നിർത്താൻ അവൻ ശ്രമിക്കുന്നു. നിലവിലെ സ്പിന്നർമാർ പ്രതിരോധാത്മകമായാണ് പന്ത് എറിയാറുള്ളത്. അതുകൊണ്ടുതന്നെ ബാറ്റർമാരുടെ ലെഗ് സൈഡാണ് അവർ നിരീക്ഷിക്കുന്നത്. പക്ഷേ വിഘ്നേഷ് അങ്ങനെയല്ല” സിദ്ധു പറഞ്ഞു.”എന്നിരുന്നാലും, വിഘ്‌നേഷ് വ്യത്യസ്തനാണ്, കാരണം അദ്ദേഹം ഒരു സ്പിന്നറെ പോലെ പന്തെറിഞ്ഞു. വിഘ്‌നേഷിനെ കണ്ടപ്പോൾ ബിഷൻ സിംഗ് ബേദിയെയും എരപ്പള്ളി പ്രസന്നയെയും ഞാൻ ഓർക്കുന്നു. ബിഷൻ സിംഗ് ബേദിക്ക് നെറ്റ്സിൽ പോലും കളിക്കാൻ എളുപ്പമായിരുന്നില്ല,” അദ്ദേഹം സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

സംസ്ഥാന സീനിയര്‍ ടീമിന് വേണ്ടി പോലും കളിക്കാത്ത താരത്തെ മുംബൈ ടീമിലെടുത്തപ്പോള്‍ അത്ഭുതപ്പെട്ടവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു ഈ പ്രകടനം. ലെഫ്റ്റ് ആം അണ്‍ ഓര്‍ത്തഡോക്‌സ് ചൈനമാന്‍ ബോളറാണ് വിഘ്നേഷ്. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചത്. ഏറ്റവും അവസാന ഘട്ടത്തിലാണ് വിഗ്‌നേഷിന്റെ പേര് ഉയര്‍ന്നത്. കേരള ക്രിക്കറ്റ് ലീഗ് ടി20 ടൂര്‍ണമെന്റിന്റെ പ്രഥമ സീസണിലാണ് വിഘ്നേഷിന്റെ കഴിവ് പുറംലോകം കണ്ടത്.