ക്യാച്ചുകൾ കൈവിട്ട് സഹായിച്ച് ഫീൽഡർമാർ , ഇന്ത്യക്ക് മുന്നിൽ 231 റണ്‍സ് വിജയലക്ഷ്യം വെച്ച് നേപ്പാൾ

നേപ്പാളിനെതിരായ ഏഷ്യകപ്പ് മത്സരത്തിൽ നിരാശ പടർത്തി ഇന്ത്യൻ ഫീൽഡിങ്. മത്സരത്തിൽ ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത ഇന്ത്യ മൈതാനത്ത് വളരെ ദയനീയമായ ഫീൽഡിംഗ് പ്രകടനമാണ് കാഴ്ചവച്ചത്. നിസ്സാരമായി കൈകളിലേക്ക് എത്തിയ ക്യാച്ചുകൾ പോലും ഇന്ത്യയുടെ സൂപ്പർതാരങ്ങൾ കൈവിടുകയുണ്ടായി. മത്സരത്തിന്റെ ആദ്യ ഓവർ മുതൽ ക്യാച്ചുകൾ കൈവിട്ടും മറ്റ് ഫീൽഡിങ് പിഴവുകൾ നടത്തിയും മോശം പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്.

മത്സരത്തിന്റെ ആദ്യ ഓവറിൽ ശ്രേയസ് അയ്യരാണ് ആദ്യ ക്യാച്ച് കൈവിട്ടത്. സ്ലിപ്പിൽ ഫീൽഡ് ചെയ്തിരുന്ന അയ്യർ അനായാസ ക്യാച്ച് കൈവിടുകയായിരുന്നു.ശേഷം ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലിയും ഒരു അനായാസ ക്യാച്ച് കൈവിടുകയുണ്ടായി. നേപ്പാൾ ഇന്നിങ്സിന്റെ രണ്ടാം ഓവറിലാണ് ആസിഫ് ഷേക്കിനെ പുറത്താക്കാനുള്ള ഒരു സുവർണ്ണ അവസരം വിരാട് കോഹ്ലി കളഞ്ഞു കുളിച്ചത്. മുഹമ്മദ് സിറാജ് എറിഞ്ഞ പന്തിൽ കവറിലേക്ക് ഒരു മോശം ഷോട്ട് ആയിരുന്നു ആസിഫ് കളിച്ചത്. അനായാസം കൈകളിലേക്ക് വന്ന ക്യാച്ച് വിരാട് കോഹ്ലി കളഞ്ഞു കുളിച്ചു.

ഇത് ആരാധകരെയടക്കം വലിയ രീതിയിൽ നിരാശയിലാക്കുകയും ചെയ്തു. പിന്നീട് വിക്കറ്റ് കീപ്പർ ഇഷാൻ കിഷനും ഇതേ പിഴവ് തന്നെ ആവർത്തിച്ചു. ഇതുപോലെ ഒരുപാട് അവസരങ്ങൾ നേപ്പാൾ ബാറ്റർമാർക്ക് വന്നുചേർന്നു.എന്തായാലും ഇന്ത്യയെ സംബന്ധിച്ച് വളരെ നിരാശാജനകമായ ഫീൽഡിങ് പ്രകടനം തന്നെയാണ് മത്സരത്തിൽ കാഴ്ചവച്ചിട്ടുള്ളത്. ക്യാച്ചിന്റെ കാര്യത്തിൽ മാത്രമല്ല, ഗ്രൗണ്ട് ഫീൽഡിങ്ങിലും ഇന്ത്യ മോശം പ്രകടനം തന്നെയാണ് നടത്തിയത്. മത്സരത്തിൽ തങ്ങളുടെ ഇന്നിംഗ്സിൽ 230 റൺസാണ് നേപ്പാൾ ടീം സ്വന്തമാക്കിയത്.

നേപ്പാളിനായി ആസിഫ് ഷെയ്ക്ക് 58 റൺസും സോമ്പാൽ കാമി 48 റൺസും നേടുകയുണ്ടായി. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് മൂന്ന് വിക്കറ്റ് വീതമുണ്ട്. ഇന്ന് ജയിച്ചാല്‍ നേപ്പാളിന് സൂപ്പര്‍ ഫോറില്‍ കടക്കാം. അവസാന ഫോറിലെത്താന്‍ ഇന്ത്യക്കും ജയിക്കണം. മഴ കാരണം മത്സരം മുടങ്ങിയാല്‍ ഇന്ത്യ സൂപ്പര്‍ ഫോറിലെത്തും.

Rate this post