വമ്പൻ അട്ടിമറി ! സൗത്ത് ആഫ്രിക്കയെ എറിഞ്ഞു വീഴ്ത്തി നെതർലൻഡ്സ് |World Cup 2023

ട്വന്റി20 ലോകകപ്പിലെ വമ്പൻ അട്ടിമറിക്കുശേഷം,ഏകദിന ലോകകപ്പിലും ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് നെതർലൻഡ്സ്. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ 38 റൺസിന്റെ വിജയമാണ് നെതർലൻഡ്സ് സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക ഒരിക്കലും വിചാരിക്കാത്ത രീതിയിൽ ഒരു അട്ടിമറിയായിരുന്നു മത്സരത്തിൽ നടന്നത്.

മത്സരത്തിൽ നെതർലൻഡ്സിനായി നായകൻ എഡ്വാർഡ്സ് ആണ് ബാറ്റിംഗിൽ തിളങ്ങിയത്. ഒപ്പം എല്ലാ ഡച്ച് ബോളർമാരും കൃത്യമായ സംഭാവന കൂടി നൽകിയതോടെ മത്സരത്തിൽ ഓറഞ്ച് പട ഒരു തകർപ്പൻ വിജയം നേടിയെടുക്കുകയായിരുന്നു.മഴമൂലം 43 ഓവറുകളായി വെട്ടിച്ചുരുക്കിയാണ് മത്സരം ആരംഭിച്ചത്. മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്നിംഗ്സിന്റെ ആദ്യ സമയങ്ങളിൽ മികച്ച ബോളിംഗ് പ്രകടനം കാഴ്ചവയ്ക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു.

നെതർലൻഡ്സ് ടീമിനെ ഒരു പരിധിവരെ ദക്ഷിണാഫ്രിക്കൻ ബോളർമാർ വരിഞ്ഞുമുറുകിയിരുന്നു. 140ന് 7 എന്ന നിലയിൽ നെതർലാൻഡ്സ് തകരുകയുണ്ടായി. എന്നാൽ പിന്നീട് അവരുടെ നായകൻ എഡ്വാർഡ്സ് വാലറ്റ ബാറ്റർമാരെ കൂട്ടുപിടിച്ച് നെതർലാൻഡ്സിനായി പൊരുതി. നായകൻ എഡ്വാർഡ്സ് മത്സരത്തിൽ 69 പന്തുകളിൽ 10 ബൗണ്ടറികളും ഒരു സിക്സറുമടക്കം 78 റൺസാണ് നേടിയത്. വാൻ ഡർ മെർവേ 19 പന്തുകളിൽ 29 റൺസും, ആര്യൻ ദത്ത് 9 പന്തുകളിൽ 23 റൺസും നേടി ക്യാപ്റ്റന് പിന്തുണ നൽകി. ഇങ്ങനെ നെതർലാൻഡ്സ് സ്കോർ നിശ്ചിത 43 ഓവറിൽ 245 റൺസിൽ എത്തുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഞെട്ടിക്കുകയായിരുന്നു അക്ഷരാർത്ഥത്തിൽ നെതർലൻഡ്സ്. തങ്ങളുടെ ബോളിഗ് കരുത്ത് വീണ്ടും നെതർലാൻഡ്സ് ദക്ഷിണാഫ്രിക്കയെ അറിയിച്ചു. ദക്ഷിണാഫ്രിക്കയുടെ മുൻനിര ബാറ്റർമാരൊക്കെ തുടക്കത്തിൽ തന്നെ കൂടാരം കയറി ദക്ഷിണാഫ്രിക്ക 44ന് 4 എന്ന നിലയിൽ തകരുകയുണ്ടായി. ഇതിനുശേഷം ക്ലാസനും(28) ഡേവിഡ് മില്ലറുമാണ്(43) അല്പസമയം ക്രീസിലുറച്ചത്. ഇത് ദക്ഷിണാഫ്രിക്കയ്ക്ക് അല്പം ആശ്വാസം നൽകി. എന്നിരുന്നാലും ഇരുവരെയും കൃത്യമായ ഇടവേളകളിൽ പുറത്താക്കാൻ നെതർലാൻഡ്സ് ബോളർമാർക്ക് സാധിച്ചു. ഇങ്ങനെ അവിശ്വസനീയമായ രീതിയിൽ നെതർലാൻഡ്സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിക്കുകയായിരുന്നു.

Rate this post