‘പുതിയ കളിക്കാർ കാത്തിരിക്കണം, ശ്രേയസ് അയ്യരും കെ എൽ രാഹുലും ഫിറ്റായി വരുകയാണെങ്കിൽ ഏകദിന ലോകകപ്പ് കളിക്കും’: മുഹമ്മദ് കൈഫ്

ഒക്ടോബർ 5 ന് അഹമ്മദാബാദിൽ ആരംഭിക്കുന്ന ഏകദിന ലോകകപ്പിൽ കെ എൽ രാഹുലും ശ്രേയസ് അയ്യരും മികച്ച ഫിറ്റ്നസിലേക്ക് മടങ്ങിയെത്തിയാൽ ഇന്ത്യക്ക് സ്ഥിരമായ ഒരു ലൈനപ്പ് ഉണ്ടാകുമെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് പറഞ്ഞു.പരിക്കേറ്റ കളിക്കാർക്ക് ബാക്കപ്പ് ഉണ്ടെന്ന് ഉറപ്പാക്കാനുള്ള പരീക്ഷണങ്ങൾ ഇന്ത്യൻ ടീമിൽ തുടർന്ന് കൊണ്ടിരിക്കുകയാണ്.

ഇതിന്റെ ഭാഗമായി വെസ്റ്റ് ഇൻഡീസിനെതിരെയുള്ള 3 മത്സരങ്ങളുടെ പരമ്പരയിലെ അവസാന രണ്ട് ഏകദിനങ്ങളിൽ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ഒഴിവാക്കിയിരുന്നു.സഞ്ജു സാംസൺ, ഇഷാൻ കിഷൻ, അക്സർ പട്ടേൽ, മുകേഷ് കുമാർ എന്നിവർക്ക് ഏകദിന പരമ്പരയിൽ ഇന്ത്യ അവസരങ്ങൾ നൽകി, അതേസമയം മധ്യനിര റോളിനായി സൂര്യകുമാർ യാദവിനൊപ്പം ഉറച്ചുനിന്നു. എന്നാൽ, ഇഷാൻ കിഷൻ ഒഴികെ മറ്റാരും അവരുടെ അവസരങ്ങൾ ഉപയോഗിച്ചില്ല.

“ശ്രേയസ് അയ്യർക്ക് പരിക്കേറ്റു, കെ എൽ രാഹുൽ സുഖം പ്രാപിക്കുന്നു. അവരെല്ലാം ടീമിലേക്ക് മടങ്ങിവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതിനാൽ പുതിയ കളിക്കാരെ ടീമിലേക്ക് (ലോകകപ്പിനായി) വരുന്നതിനെക്കുറിച്ചാണ് ഇപ്പോൾ ചർച്ച നടക്കുന്നത്. എന്നാൽ അവർക്ക് ടീമിൽ അവസരം ലഭിക്കില്ല. ഇന്ത്യൻ ഇലവൻ സജ്ജമാണ്,” കൈഫ് പറഞ്ഞു.

“അയ്യർ തിരിച്ചെത്തുമ്പോൾ നാലാം നമ്പറിൽ കളിക്കും.ശുഭ്മാൻ ഗില്ലും ക്യാപ്റ്റൻ രോഹിത് ശർമ്മയും ഓപ്പണർമാരായി ഇറങ്ങുമ്പോൾ മൂന്നാം സ്ഥാനത്ത് വിരാട് കോഹ്‌ലിയും, നാലാം സ്ഥാനത്ത് (ശ്രേയസ്) അയ്യരും ഉണ്ട്. അഞ്ചാം സ്ഥാനത്ത് കെ എൽ രാഹുലുണ്ട്, ഹാർദിക് പാണ്ഡ്യ 6, രവീന്ദ്ര ജഡേജ നമ്പർ 7ൽ ഇറങ്ങും.അക്സർ പട്ടേൽ അല്ലെങ്കിൽ ശാർദുൽ താക്കൂർ എന്നിവർ പിച്ചിന്റെ അവസ്ഥ അനുസരിച്ച് നമ്പർ.8 ൽ കളിക്കും. പിന്നെ കുൽദീപ് ഉണ്ടാവും ,അദ്ദേഹത്തിന് മികച്ച ഏകദിന റെക്കോർഡുണ്ട്, 10-ലും 11-ലും നിങ്ങൾക്ക് രണ്ട് ഫാസ്റ്റ് ബൗളർമാരായ മുഹമ്മദ് ഷമിയും ബുംറയും ഉണ്ടാകും” കൈഫ് പറഞ്ഞു.

“സിറാജിന് പോലും ഇലവനിൽ ഇടം ലഭിച്ചേക്കില്ല. അതിനാൽ പുതിയ കളിക്കാർക്ക് ഈ ലോകകപ്പിൽ അവസരം ലഭിച്ചേക്കില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

Rate this post