സംഹാരതാണ്ഡവമാടിയ നെയ്മർ; ലോകഫുട്ബോളിലേക്ക് പുതിയ രാജാവെത്തിയ കോൺഫെഡറെഷൻ കപ്പ് |Neymar

ഒരു 21 കാരന്റെ സംഹാരതാണ്ഡവമായിരുന്നു 2013 ലെ ഫിഫ കോൺഫഡറെഷൻ കപ്പ്. ഫൈനലിൽ കരുത്തരായ സ്പെയിനിനെ എതിരില്ലാത്ത 3 ഗോളുകൾക്ക് പരാജയപ്പെടുത്തി ബ്രസീൽ കോൺഫെഡറെഷൻ കപ്പിൽ മുത്തമിട്ടപ്പോൾ ലോകഫുട്ബോൾ അന്ന് ഉറ്റുനോക്കിയത് ബ്രസീലിന്റെ കരുത്തിനെ മാത്രമായിരുന്നില്ല, മറിച്ച് ബ്രസീലിയൻ നിരയിലെ ഒരു 21 കാരന്റെ പ്രകടനത്തെയും കൂടിയാണ്.

കോൺഫെഡറെഷൻ കപ്പിൽ 4 ഗോളുകളും 3 അസിസ്റ്റുമായി ടൂർണമെന്റിലെ ഗോൾഡൻ ബോൾ ജേതാവായ നെയ്മർ എന്ന 21 കാരൻ ഫുട്ബാൾ ലോകത്തിന്റെ കണ്ണിൽ പെടുന്നത് 2013 ലെ കോൺഫെഡറെഷൻ കപ്പിലൂടെയാണ്. അന്നേ വരെ ബ്രസിലിന്റെയും ബ്രസീലിയൻ ക്ലബ്‌ സാന്റോസിന്റെയും വണ്ടർ കിഡായ നെയ്മർ ലോകഫുട്ബാൾ വമ്പന്മാരുടെ കണ്ണിൽ പെടുന്നത് ആ ടൂർണമെന്റോട് കൂടിയാണ്.

സെർജിയോ റാമോസ്, ആൻഡ്രേ ഇനിയെസ്റ്റ, ഫെർണാഡോ ടോറസ് എന്നീ വമ്പന്മാരുടെ സ്പെയിനിനെ മുട്ട് കുത്തിച്ച് ഫൈനലിലും നെയ്മർ ഗോളും അസിസ്റ്റുമായി നിറഞ്ഞ് നിന്നു.ലോകഫുട്ബോളിൽ നെയ്മർ യുഗത്തിന് തുടക്കം കുടിക്കുന്നത് അവിടെ നിന്നാണ്. 2013-ലെ കോൺഫെഡറേഷൻ കപ്പിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ നെയ്‌മർ സ്വന്തമാക്കുകയും ചെയ്തു.ഡെനിൽസൺ (1997), റൊണാൾഡീഞ്ഞോ (1999), കക്ക (2009) എന്നിവർക്ക് ശേഷം ഈ പുരസ്കാരം നേടുന്ന നാലാമത്തെ ബ്രസീലിയൻ താരമാണ് നെയ്മർ.

ബ്രസീലിന്റെ മൂന്ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലും അദ്ദേഹം ഗോൾ നേടി.ജപ്പാനെതിരെ ഒരു സെൻസേഷണൽ വോളിയിലൂടെ നെയ്മർ ടൂർണമെന്റിലെ ഗോളുകളിലൊന്ന് നേടി. മെക്സിക്കോയ്‌ക്കെതിരെ ഒരു തകർപ്പൻ അസിസ്റ്റ് നടത്തി.ഇറ്റലിക്കെതിരെ ഫ്രീ-കിക്ക് ഗോളും സ്വന്തമാക്കി.സെമിഫൈനലിൽ ഉറുഗ്വേക്കെതിരെ ബ്രസീൽ നേടിയ രണ്ടു ഗോളുകളിലും നെയ്മറുടെ പങ്ക് വ്യക്തമായിരുന്നു. ഫൈനലിൽ സ്പെയിനെതിരെ തന്റെ ദുർബലമായ ഇടത് കാൽ ഉപയോഗിച്ച് ഇറുകിയ കോണിൽ നിന്ന് ഒരു അത്ഭുതകരമായ ഗോൾ നേടി.

കോൺഫെഡറെഷൻ കപ്പിൽ മിന്നും പ്രകടനത്തിന് പിന്നാലെ 49 മില്യൺ മുടക്കി സ്പാനിഷ് വമ്പൻമാരായ ബാഴ്സ ആ 21 കാരനെ റാഞ്ചി. പിന്നീടങ്ങോട്ട് ലോകഫുട്ബാൾ അവൻ കീഴടക്കുകയായിരുന്നു. മെസ്സി, റൊണാൾഡോ നിരയിൽ മൂന്നാമാനായി നെയ്മർ വാഴ്ത്തപ്പെട്ടു.ലോകഫുട്ബോളിലെ ഏറ്റവും ഉയർന്ന ട്രാൻസ്ഫർ ഫീയും തന്റെ പേരിലാക്കി നെയ്മർ ഇപ്പോൾ പിഎസ്ജിക്ക് വേണ്ടി പന്ത് തട്ടുകയാണ്.

വിവാദങ്ങളും ആരോപണങ്ങളും ഇടയ്ക്കെപ്പോഴോ സംഭവിച്ച മോശം ഫോമിൽ വിമർശനങ്ങളും ഏറ്റ് വാങ്ങിയപ്പോഴും ആ പഴയ 21 കാരന്റെ പ്രതാപം അയാളിൽ നിന്നും നഷ്ടമായിട്ടില്ല.നെയ്മറിന്റെ സ്കില്ലിനെ മറികടക്കാനാവാതെ ഇന്നും എതിരാളികൾ അയാളെ ഫൗൾ ചെയ്ത് വീഴ്ത്തുന്നുണ്ടെങ്കിൽ ആ 21 കാരനെ അവർ ഇന്നും ഭയപ്പെടുന്നു എന്നർത്ഥം.

3.4/5 - (13 votes)