ക്രിക്കറ്റിൽ ആദ്യമായി ചുവപ്പ് കാർഡ് ലഭിക്കുന്ന താരമായി മാറി വെസ്റ്റ് ഇൻഡീസ് ബൗളർ സുനിൽ നരെയ്ൻ|Red Card In Cricket

ലോക ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യമായി റെഡ് കാർRഡ് ഉപയോഗിച്ചു. കരീബിയൻ പ്രീമിയർ ലീഗിലെ പന്ത്രണ്ടാം മത്സരത്തിലാണ് ക്രിക്കറ്റിലെ ഈ ചരിത്ര സംഭവം നടന്നത്. മത്സരത്തിൽ ട്രിബാഗോ ഗോ നൈറ്റ് റൈഡേഴ്സ് ടീം സ്ലോ ഓവർ റൈറ്റ് തുടർന്നതിന്റെ ഭാഗമായാണ് അമ്പയർ ടീമിനെതിരെ റെഡ് കാർഡ് കാട്ടിയത്. ഇതിന്റെ ഭാഗമായി ട്രിബാഗോ ടീമിലെ പ്രധാന കളിക്കാരനായ സുനിൽ നരെയൻ മൈതാനം വിട്ട് പോകേണ്ടിയും വന്നു. ടീമിന്റെ നായകൻ കീറോൺ പൊള്ളാർഡിന്റെ നിശ്ചയപ്രകാരമാണ് സുനിൽ നരേൻ മൈതാനം വിട്ടു പോകാൻ തീരുമാനിച്ചത്. ക്രിക്കറ്റിനെ സംബന്ധിച്ച് ഒരു ചരിത്ര സംഭവം തന്നെയാണ് കരീബിയൻ പ്രീമിയർ ലീഗിൽ അരങ്ങേറിയത്.

ഇതാദ്യമായാണ് ക്രിക്കറ്റിൽ ചുവപ്പ് കാർഡ് ഉപയോഗിക്കുന്നത്. ഈ സീസണിലെ കരീബിയൻ പ്രീമിയർ ലീഗ് ആരംഭിക്കുന്നതിനു മുൻപ് തന്നെ ഇതേ സംബന്ധിച്ചുള്ള പൂർണമായ വിവരങ്ങൾ വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് പുറത്തു വിട്ടിരുന്നു. മത്സരത്തിന്റെ ഇന്നിംഗ്സിലെ അവസാന ഓവർ കൃത്യമായ സമയത്തിന് മുൻപ് തുടങ്ങാൻ സാധിച്ചില്ലെങ്കിലാണ് റെഡ് കാർഡ് പ്രയോഗിക്കുക. ട്വന്റി20 ക്രിക്കറ്റിൽ ഒരു ഇന്നിംഗ്സിന്റെ സമയം 85 മിനിറ്റുകളാണ്. ഒരു ഓവറെറിയാൻ 4 മിനിറ്റും 15 സെക്കൻഡുമാണ് ഒരു ടീം എടുക്കേണ്ടത്. ഇതിനനുസരിച്ച് 19 ആം ഓവർ 80 മിനിറ്റ് 45 സെക്കൻഡ് കൊണ്ട് പൂർത്തീകരിക്കേണ്ടതുണ്ട്. ഇത് സാധിക്കാത്ത പക്ഷമാണ് കരീബിയൻ പ്രീമിയർ ലീഗിൽ ടീമുകൾക്ക് ചുവപ്പ് കാർഡ് നൽകുന്നത്.

ഇത്തരത്തിൽ ചുവപ്പ് കാർഡ് ലഭിക്കുന്ന ടീമിലെ ഒരു കളിക്കാരൻ മൈതാനത്തിന് പുറത്തു പോകണം. മാത്രമല്ല അവസാന ഓവറിൽ കേവലം രണ്ട് ഫീൽഡർമാർ മാത്രമേ 30 വാര സർക്കിളിന് പുറത്തുനിൽക്കാൻ പാടുള്ളൂ. ഈ നിയമമാണ് ഇപ്പോൾ പ്രാവർത്തികം ആയിരിക്കുന്നത്. മത്സരത്തിൽ ട്രിബാഗോ നൈറ്റ് റൈഡേഴ്സ് അവസാന ഓവർ എറിയാൻ എത്തുന്നതിന് തൊട്ടുമുൻപായിരുന്നു അമ്പയറുടെ ഈ നിർദ്ദേശം വന്നത്. അമ്പയർ കൃത്യമായി റെഡ് കാർഡ് കാണിക്കുകയുണ്ടായി. ശേഷം പൊള്ളാർഡ് നരേനുമായി സംസാരിക്കുകയും പുറത്തുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് മുൻപ് തന്നെ നരെയൻ തന്റെ നാലോവർ ക്വാട്ട പൂർത്തീകരിച്ചിരുന്നു. നാല് ഓവറിൽ 24 റൺസ് മാത്രം വിട്ടുനൽകി 3 വിക്കറ്റുകളാണ് നരെയൻ മത്സരത്തിൽ നേടിയത്.

എന്നിരുന്നാലും ഈ നിയമത്തോട് വിരക്തി പ്രകടിപ്പിച്ചാണ് പൊള്ളാർഡ് മടങ്ങിയത്. ഫീൽഡിങ് ടീമിനെതിരെ നടക്കുന്ന അനീതിയാണ് ഇത്തരം നിയമം എന്ന് പൊള്ളാർഡ് പറയുകയുണ്ടായി. “സത്യസന്ധമായി പറഞ്ഞാൽ ഒരു ടീം മുഴുവനായും നടത്തിയ കഠിനപ്രയത്നങ്ങൾക്കെതിരെയാണ് ഈ നിയമം. ഞങ്ങൾ ഞങ്ങളെക്കൊണ്ടാവും വിധം ഫാസ്റ്റായി തന്നെ മത്സരം മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമിച്ചത്. പക്ഷേ ഇത്തരം വലിയ ടൂർണമെന്റുകളിൽ കേവലം 30-45 സെക്കൻഡ് അധികമായതിന്റെ പേരിൽ ശിക്ഷ നൽകുന്നത് യാതൊരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ല.”- കീറോൺ പൊള്ളാർഡ് പറഞ്ഞു.

Rate this post