പിടിച്ചു നിൽക്കാനാവാതെ ബാറ്റർമാർ , ഇന്ത്യയെ 119 റൺസിൽ എറിഞ്ഞൊതുക്കി പാക് ബൗളർമാർ | T20 World Cup 2024

ടി 20 ലോകകപ്പിൽ പാകിസ്താനെതിരെ ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ 119 റൺസിന്‌ ആൾ ഔട്ടായി . പാക് ബൗളർമാർ കണിശതയോടെ പന്തെറിഞ്ഞപ്പോൾ ഇന്ത്യൻ ബാറ്റർമാർക്ക് പിടിച്ചു നില്ക്കാൻ സാധിച്ചില്ല. 42 റൺസ് നേടിയ റിഷാബ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. പാകിസ്താന് വേണ്ടി നസീം ഷാ ഹാരിസ് റൗഫ് എന്നിവർ 3 വീതം വിക്കറ്റ് വീഴ്ത്തി.

മഴയെ തുടര്‍ന്ന് ടോസ് വൈകിയിരുന്നു. പിന്നീട് കളി തുടങ്ങിയെങ്കിലും ആദ്യ ഓവര്‍ കഴിഞ്ഞപ്പോള്‍ മഴയെത്തി. പിന്നീട് മഴ മാറി വീണ്ടും കളി തുടങ്ങുകയായിരുന്നു. പാകിസ്താനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രണ്ടാം ഓവറിൽ തന്നെ വിരാട് കോലിയെ നഷ്ടമായി.അയര്‍ലന്‍ഡിനെതിരായ പോരാട്ടത്തില്‍ 5 പന്തില്‍ 1 റണ്‍സെടുത്ത് പുറത്തായ കോഹ്‌ലി പാകിസ്ഥാനെതിരെ 3 പന്തില്‍ 4 റണ്‍സെടുത്തു മടങ്ങി.

കോലിയെ നസീം ഷായുടെ പന്തിൽ ഉസ്മാൻ ഖാൻ പിടിച്ചു പുറത്താക്കുകയായിരുന്നു. പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയേയും ഇന്ത്യക്ക് നഷ്ടമായി.12 പന്തില്‍ 13 റണ്‍സാണ് രോഹിത് നേടിയത്. ഇന്ത്യൻ നായകനെ ഷഹീൻ അഫ്രിദിയുടെ പന്തിൽ ഹാരിസ് റൗഫ് പിടിച്ചു പുറത്താക്കി. സ്കോർ 58 ൽ നിൽക്കെ ഇന്ത്യക്ക് മൂന്നാം വിക്കറ്റും നഷ്ടമായി. 18 പന്തിൽ നിന്നും 20 റൺസ് നേടിയ അക്‌സർ പട്ടേലിനെ നസീം ഷാ ക്ലീൻ ബൗൾഡ് ചെയ്തു. പിന്നാലെ റിഷബ് പന്തിനെ പുറത്താക്കാനുള്ള അവസരം പാകിസ്ഥാൻ നഷ്ടപ്പെടുത്തുകയും ചെയ്തു.

12 ആം ഓവറിൽ സ്കോർ 89 ൽ നിൽക്കെ ഇന്ത്യക്ക് നാലാം വിക്കറ്റ് നഷ്ടമായി. 7 റൺസ് നേടിയ സൂര്യ കുമാറിനെ ഹാരിസ് റൗഫ് പുറത്താക്കി.സ്കോർ 95 ൽ നിൽക്കെ ഇന്ത്യക്ക് അഞ്ചാം വിക്കറ്റ് നഷ്ടമായി. 9 പന്തിൽ നിന്നും 3 റൺസ് നേടിയ ദുബെയെ നസീം ഷാ പുറത്താക്കി. 31 പന്തിൽ നിന്നും 42 റൺസ് നേടിയ പന്തിനെ ആമിർ പുറത്താക്കി. തൊട്ടടുത്ത പന്തിൽ ജഡേജയെ ആമിർ പൂജ്യത്തിനു പുറത്താക്കിയതോടെ ഇന്ത്യ 96 റൺസിന്‌ 7 എന്ന നിലയിലായി. 16 ആം ഓവറിൽ ഇന്ത്യൻ സ്കോർ 100 കടന്നു.

18 ആം ഓവറിൽ 112 ൽ നിൽക്കെ ഇന്ത്യക്ക് എട്ടാം വിക്കറ്റ് നഷ്ടമായി.7 റൺസ് നേടിയ പാണ്ട്യയെ ഹാരിസ് റൗഫ് പുറത്താക്കി. തൊട്ടടുത്ത പന്തിൽ ബുംറയെയും റൗഫ് പുറത്താക്കി. സ്കോർ 119 ൽ നിൽക്കെ ഇന്ത്യയുടെ അവസാന വിക്കറ്റും വീണു

Rate this post