നെതര്‍ലന്‍ഡ്സിനെതിരെ 81 റൺസിന്റെ വിജയം സ്വന്തമാക്കി പാക്കിസ്ഥാൻ|World Cup 2023

നെതർലൻഡ്സിനെതിരായ ലോകകപ്പ് മത്സരത്തിൽ വിജയം സ്വന്തമാക്കി പാക്കിസ്ഥാൻ. മത്സരത്തിൽ 81 റൺസിന്റെ വിജയമാണ് പാക്കിസ്ഥാൻ സ്വന്തമാക്കിയത്. പാകിസ്ഥാനായി ബാറ്റിംഗിൽ മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലുമാണ് മികവ് പുലർത്തിയത്.

പിന്നീട് ബോളർമാരും മികച്ച പ്രകടനം പുറത്തെടുത്തതോടെ പാക്കിസ്ഥാൻ മത്സരത്തിൽ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. മറുവശത്ത് നെതർലൻഡ്സ് ടീമിനായി ബാസ് ഡി ലീഡെ ബോളിങ്ങിലും ബാറ്റിങ്ങിലും തിളങ്ങുകയുണ്ടായി. എന്നിരുന്നാലും ഓറഞ്ച് പടയെ വിജയത്തിനടുത്ത് എത്തിക്കാൻ ബാസ് ഡി ലീഡെയ്ക്ക് സാധിക്കാതെ പോയി.

മത്സരത്തിൽ ടോസ് നേടിയ നെതർലാൻഡ്സ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച ബോളിങ് പ്രകടനം തന്നെയാണ് തുടക്കത്തിൽ നെതർലൻഡ്സ് ബോളർമാർ കാഴ്ചവെച്ചത്. പാക്കിസ്ഥാൻ ഓപ്പണർമാരെ ചെറിയ ഇടവേളയിൽ കൂടാരം കയറ്റാൻ ബോളന്മാർക്ക് സാധിച്ചു. ഒപ്പം പാകിസ്ഥാൻ നായകൻ ബാബർ ആസമും(5) വലിയ അനക്കമുണ്ടാക്കാതെ കൂടാരം കയറി. ഇതോടെ പാക്കിസ്ഥാൻ സമ്മർദ്ദത്തിലായിരുന്നു. ശേഷമാണ് വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാനും സൗദി ഷക്കീലും ചേർന്ന് പാകിസ്താനെ മികച്ച ഒരു സ്കോറിലേക്ക് നയിച്ചത്. ഇരുവരും മത്സരത്തിൽ 68 റൺസ് വീതമാണ് സ്വന്തമാക്കിയത്. പിന്നീട് മധ്യനിരയിൽ മുഹമ്മദ് നവാസും(39) ശതാബ് ഖാനും(32) ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം നടത്തിയതോടെ പാക്കിസ്ഥാൻ 286 എന്ന സ്കോറിൽ എത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ നേതർലെൻഡ്സിന് ഓപ്പണർ മാക്സ് ഒഡൗഡിന്റെ(5) വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ മറ്റൊരു ഓപ്പണറായ വിക്രംജീത്ത് ക്രീസിലുറച്ചു. 67 പന്തുകളിൽ 52 റൺസ് ആണ് വിക്രംജീത് നേടിയത്. ഒപ്പം ബാസ് ഡി ലീഡെ ബാറ്റിങ്ങിലും മികവു പുലർത്തി. 68 പന്തുകളിൽ ഡി ലീഡെ 67 റൺസ് നെതർലൻഡ്സിനായി കൂട്ടിച്ചേർത്തു. ഇന്നിങ്സിൽ ആറു ബൗണ്ടറികളും രണ്ട് സിക്സറുകളും ഉൾപ്പെട്ടു. എന്നാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി പാക്കിസ്ഥാൻ മത്സരത്തിലേക്ക് തിരികെ എത്തുകയായിരുന്നു. ഇങ്ങനെ മത്സരത്തിൽ 81 റൺസിന്റെ വിജയം സ്വന്തമാക്കാൻ പാകിസ്ഥാന് സാധിച്ചു.

Rate this post