‘ശശാങ്ക്-ബെയര്‍സ്റ്റോ’ : കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചരിത്ര വിജയം സ്വന്തമാക്കി പഞ്ചാബ് കിങ്‌സ് | IPL2024

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചരിത്രവിജയം സ്വന്തമാക്കി പഞ്ചാബ് കിങ്‌സ്. ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് പഞ്ചാബ് വിജയം പിടിച്ചെടുത്തത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 262 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം എട്ട് പന്തുകള്‍ ബാക്കിനില്‍ക്കേ പഞ്ചാബ് മറികടന്നു. ടി20 ചരിത്രത്തിലെ റെക്കോര്‍ഡ് ചെയ്‌സാണിത്.ഈ ഉജ്ജ്വലമായ വിജയത്തോടെ, പഞ്ചാബ് കിംഗ്‌സ് ഐപിഎൽ സ്റ്റാൻഡിംഗിൽ എട്ടാം സ്ഥാനത്തേക്ക് ഉയർന്നു, അഞ്ച് മത്സരങ്ങളിലെ ആദ്യ വിജയവും ഒമ്പത് കളികളിൽ നിന്ന് ആറ് നിർണായക പോയിൻ്റുകളും നേടി.

ഒരു ഐപിഎൽ ഇന്നിങ്‌സിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയതിൻ്റെ റെക്കോർഡും പഞ്ചാബ് കിങ്‌സ് തകർത്തു. 262 റൺസ് പിന്തുടരുന്നതിനിടെ പിബികെഎസ് ബാറ്റർമാർ 24 സിക്‌സറുകൾ പറത്തി.ഇതിൽ പ്രഭ്‌സിമ്രാൻ സിംഗ് 5 ഉം ജോണി ബെയർസ്റ്റോ 9 ഉം റിലീ റുസോവ് രണ്ട് തവണയും ശശാങ്ക് സിംഗ് 8 സിക്‌സും നേടി.കെകെആറും പിബികെഎസും തമ്മിലുള്ള മത്സരത്തിൽ മൊത്തം 523 റൺസ് സ്‌കോർ ചെയ്യപ്പെട്ടു, ഇത് ഒരു ഐപിഎൽ മത്സരത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്‌കോറാണ്.

ജോണി ബെയര്‍സ്‌റ്റോയുടെ (48 പന്തില്‍ പുറത്താവാതെ 108) സെഞ്ചുറിയാണ് പഞ്ചാബിനെ എട്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കാന്‍ സഹായിച്ചത്. ശശാങ്ക് സിംഗിന്റെ (28 പന്തില്‍ 68) ഫിനിഷിംഗും പ്രഭ്‌സിമ്രാന്‍ സിംഗ് (20 പന്തില്‍ 54) നല്‍കിയ തുടക്കവും വിജയം എളുപ്പമാക്കി.കൂറ്റൻ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബ് കിങ്സ് തുടക്കം മുതല്‍ക്ക് തന്നെ തകര്‍ത്തടിച്ചു. പ്രഭ്‌സിമ്രാൻ-ജോണി ബെയര്‍സ്റ്റോ കൂട്ടുകെട്ടില്‍ പവര്‍പ്ലേയില്‍ പഞ്ചാബിന്‍റെ സ്കോര്‍ ബോര്‍ഡിലേക്ക് എത്തിയത് 93 റണ്‍സാണ്. 20 പന്തില്‍ 54 റണ്‍സ് നേടിയ പ്രഭ്‌സിമ്രാൻ സിങ് പവര്‍പ്ലേയിലെ അവസാന പന്തില്‍ സുനില്‍ നരെയ്‌ന്‍റെ നേരിട്ടുള്ള ത്രോയില്‍ റണ്‍ഔട്ട് ആയി.

വണ്‍ ഡൗണായി എത്തിയ റിലീ റൂസ്സോയും ബെയര്‍സ്‌റ്റോയ്‌ക്ക് മികച്ച പിന്തുണ നല്‍കി. 16 പന്തില്‍ 26 റണ്‍സെടുത്ത റൂസ്സോയെയും നരെയ്ന്‍ മടക്കി. പകരമെത്തിയ ശശാങ്ക് സിങ് വെടിക്കെട്ടോടെ വിജയത്തിലേക്ക് മുന്നേറി. 28 പന്തുകളില്‍ നിന്ന് എട്ട് സിക്‌സും രണ്ട് ബൗണ്ടറിയും സഹിതം 68 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 48 പന്തില്‍ 108 റണ്‍സെടുത്ത് ബെയര്‍‌സ്റ്റോയും പുറത്താകാതെ നിന്നതോടെ പഞ്ചാബ് അതിവേഗം വിജയത്തിലെത്തി. ഒന്‍പത് സിക്‌സും എട്ട് ബൗണ്ടറിയുമാണ് ബെയര്‍‌സ്റ്റോയുടെ ബാറ്റില്‍ നിന്ന് പിറന്നത്.

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ കൊല്‍ക്കത്ത ആറ് വിക്കറ്റ് നഷ്ടത്തില്‍ 261 റണ്‍സാണ് അടിച്ചത്. സുനില്‍ നരെയ്ന്‍- ഫില്‍ സാള്‍ട്ട് സഖ്യം കൊല്‍ക്കത്തയ്ക്ക് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 138 റണ്‍സാണ് കണ്ടെത്തിയത്. സാള്‍ട്ട് 37 പന്തില്‍ ആറ് വീതം സിക്‌സും ഫോറും സഹിതം 75 റണ്‍സെടുത്തു. നരെയ്ന്‍ നാല് സിക്‌സും 9 ഫോറും സഹിതം 32 പന്തില്‍ 71 റണ്‍സ് അടിച്ചെടുത്തു.വെങ്കടേഷ് അയ്യര്‍ 23 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 39 റണ്‍സ് കണ്ടെത്തി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 10 പന്തില്‍ 28 റണ്‍സ് നേടി.

Rate this post