സച്ചിൻ ബേബിക്ക് സെഞ്ച്വറി ,ബിഹാറിനെതിരെ സമനിലയുമായി കേരളം | Ranji Trophy

സച്ചിൻ ബേബിയുടെ സെഞ്ചുറിയുടെ മികവിൽ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൽ ബിഹാറിനെതീരെ സമനില നേടി കേരളം.62/2 എന്ന നിലയിൽ ഇന്ന് ബാറ്റിംഗ് തുടങ്ങിയ കേരളം നാലാം ദിനം മത്സരം അവസാനിക്കുമ്പോൾ 220/4 എന്ന നിലയിലാണ്. അക്ഷയ് ചന്ദ്രനുമായി (38) ഇടംകയ്യൻ സച്ചിൻ മൂന്നാം വിക്കറ്റിൽ 85 റൺസ് കൂട്ടിച്ചേർത്തു.അഞ്ചാം വിക്കറ്റിൽ ശ്രേയസ് ഗോപാലിനൊപ്പം (12 നോട്ടൗട്ട്) 58 റൺസ് കൂട്ടിച്ചേർത്തു.

109 റൺസുമായി സച്ചിൻ ബേബി പുറത്താവാതെ നിന്നു.സച്ചിൻ്റെ 12-ാം ഫസ്റ്റ് ക്ലാസ് സെഞ്ചുറിയാണിത്. 146 പന്തിൽ 14 ബൗണ്ടറികളോടെയാണ് താരം 109 റൺസ് നേടിയത്. ഇന്നലെ ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ (37), ഓപ്പണിംഗ് പങ്കാളി ആനന്ദ് കൃഷൻ (12) എന്നിവരുടെ വിക്കറ്റ് കേരളത്തിന് നഷ്ടമായിരുന്നു.നേരത്തെ സക്കീബുൾ ഗനിയുടെ 150 റൺസാണ് ബിഹാറിനെ ലീഡിലേക്ക് നയിച്ചത്.255 പന്തിൽ 17 ബൗണ്ടറികളും രണ്ട് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഗനിയുടെ ഇന്നിങ്‌സ്. 24 കാരനായ വലംകൈയ്യൻ്റെ നാലാമത്തെ ഫസ്റ്റ് ക്ലാസ് സെഞ്ചുറിയാണിത്.

ശ്രേയസ് ഗോപാലിന്റെ സെഞ്ച്വറിയുടെ (137) കരുത്തിൽ ആദ്യ ഇന്നിങ്സിൽ 227 റൺസെടുത്ത കേരളത്തിനെതിരെ ബിഹാർ 377 റൺസാണ് അടിച്ചെടുത്തത്.ശാകിബുൽ ഗനിയുടെ സെഞ്ച്വറിക്ക് പുറമെ പിയുഷ് സിങ്ങിന്റെയും (51) ബൽജീത്ത് സിങ് ബിഹാരിയുടെയും അർധസെഞ്ച്വറികളുമാണ് (60) ബിഹാറിന് മികച്ച ലീഡ് സമ്മാനിച്ചത്.ക്യാപ്റ്റൻ അശുതോഷ് അമൻ 26 റൺസെടുത്തു. കേരളത്തിനായി അരങ്ങേറ്റക്കാരൻ അഖിൻ സത്താറും ശ്രേയസ് ഗോപാലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ബേസിൽ തമ്പിയും ജലജ് സക്‌സേനയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ ബിഹാറിന് മൂന്ന് പോയിൻ്റ് ലഭിച്ചപ്പോൾ കേരളത്തിന് ഒരു പോയിൻ്റ് ലഭിച്ചു.നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിൻ്റുള്ള കേരളം വെള്ളിയാഴ്ച റായ്പൂരിൽ നടക്കുന്ന ഛത്തീസ്ഗഡിനെ നേരിടും.

കേരളം 227 ( ശ്രേയസ് ഗോപാൽ 137 ), 220/4 (സച്ചിൻ ബേബി 109 നോട്ടൗട്ട്; അസുതോഷ് അമൻ 2/26), ബീഹാർ 113.3 ഓവറിൽ 377 (സകിബുൾ ഗനി 150, ബിപിൻ സൗരഭ് 60, പിയൂഷ് കുമാർ സിങ് 51; അഖിൻ സത്താർ 3/50, ശ്രേയസ് ഗോപാൽ 3/94,ബേസിൽ തമ്പി 2/58, ജലജ് സക്‌സേന 2/67).

Rate this post