‘ജലജ് സക്‌സേന ഒരുക്കിയ ജയം’ : രഞ്ജി ട്രോഫിയിൽ ബംഗാളിനെതിരെ വമ്പൻ വിജയവുമായി കേരളം |Ranji Trophy

രഞ്ജി ട്രോഫിയിൽ ബംഗാളിനെതിരെ തകർപ്പൻ ജയവുമായി കേരളം. തുമ്പ സെൻ്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 109 റൺസിന്റെ വിജയമാണ് കേരളം സ്വന്തമാക്കിയത്. ഈ രഞ്ജി സീസണിലെ കേരളത്തിന്റെ ആദ്യ ജയം കൂടിയാണിത്.449 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ബംഗാളിനെ കേരളം 339 റൺസിന്‌ പുറത്താക്കി. മത്സരത്തിൽ 13 വിക്കറ്റുകൾ നേടിയ ജലജ് സക്സേനയാണ് കേരളത്തിന്റെ വിജയ ശില്പി.

77 റൺസിന്‌ രണ്ടു വിക്കറ്റ് എന്ന നിലയിൽ ഇന്ന് ബാറ്റിങാരംഭിച്ച ബംഗാളിന് ഇന്ന് മൂന്നു വിക്കറ്റുകളാണ്‌ നഷ്ടപ്പെട്ടത്. സ്കോർ 113 ൽ നിൽക്കെ 16 റൺസ് നേടിയ അനുസ്തൂപ് മജൂംദാറിനെ സക്‌സേന പുറത്താക്കി. 65 റൺസ് നേടിയ ഈശ്വരനെയും സക്‌സേന പുറത്താക്കി. 28 റണ്‍സെടുത്ത അഭിഷേക് പോറലിന്റെ വിക്കറ്റ് ശ്രേയസ് ഗോപാലാണ് നേടിയത്.ക്യാപ്റ്റന്‍ മനോജ് തിവാരിയും ഷഹബാസ് അഹമ്മദും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടിലൂടെ ബംഗാളിനെ മത്സരത്തില്‍ നിലനിര്‍ത്തി.

35 റണ്‍സെടുത്ത തിവാരിയെ ജലജ് സക്സേന പുറത്താക്കി.എട്ടാമനായി എത്തിയ കരണ്‍ ലാലിനൊപ്പം ഷഹബാസ് കൂട്ടുകെട്ട് പടുത്തുയർത്തി.സ്കോർ 317 ൽ നിൽക്കെ ൪൦ റൺസ് നേടിയ കരണ്‍ ലാലിനെ ബേസിൽ പുറത്താക്കി.സ്കോർ 335 ൽ നിൽക്കെ ബംഗാളിന് എട്ടാം വിക്കറ്റ് നഷ്ടമായി.13 റൺസ് നേടിയ ജയ്‌സ്വാളിനെ ബേസിൽ തമ്പി ക്‌ളീൻ ബൗൾഡ് ആക്കി. പിന്നാലെ ഒരു റൺസ് നേടിയ ആകാശ് ദീപിനെ ബേസിൽ തമ്പി റൺ ഔട്ടാക്കി.സ്കോർ 339 ൽ നിൽക്കെ പത്താം വിക്കറ്റായി 80 റൺസ് നേടിയ ഷഹബാസ് അഹ്മദിനേ പുറത്താക്കി ബേസിൽ കേരളത്തിന് വിജയം നേടിക്കൊടുത്തു.

183 റൺസിൻ്റെ കൂറ്റൻ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ കേരളം ഇന്നലെ ചായ ഇടവേളയ്ക്ക് പിരിയുമ്പോൾ 265/6 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്ത് ബംഗാളിന് 449 റൺസിന്റെ വിജയ ലക്‌ഷ്യം നൽകി..ഓപ്പണർ രോഹൻ കുന്നുമ്മൽ, സച്ചിൻ ബേബി, ശ്രേയസ് ഗോപാൽ എന്നിവർ അർധസെഞ്ചുറി നേടി.ഓപ്പണിംഗ് വിക്കറ്റിൽ ജലജ് സക്‌സേനയും (37) കുന്നുമ്മലും 88 റൺസ് കൂട്ടിച്ചേർത്തു. ആദ്യ ഇന്നിങ്സിൽ ബംഗാൾ 180ന് ഓൾഔട്ടായിയിരുന്നു.കേരളത്തിനായി ജലജ് സക്സേന 9 വിക്കറ്റുകൾ നേടി.നാലാം നമ്പര്‍ ബാറ്റര്‍ സച്ചിന്‍ ബേബി, അക്ഷയ് ചന്ദ്രന്‍ എന്നിവരുടെ സെഞ്ചുറിക്കരുത്തില്‍ കേരളം ആദ്യ ഇന്നിഗ്‌സിൽ 127.3 ഓവറില്‍ 363 റണ്‍സെടുത്തു.

Rate this post