2019 ലോകകപ്പിലെ നിരാശക്ക് 2023 ൽ പകരം വീട്ടി രവീന്ദ്ര ജഡേജ |Ravindra Jadeja

ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ വിരാട് കോഹ്ലിക്കൊപ്പം മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച താരമാണ് രവീന്ദ്ര ജഡേജയും. മത്സരത്തിൽ ഇന്ത്യ സമ്മർദ്ദ ഘട്ടത്തിൽ നിൽക്കുമ്പോളായിരുന്നു ജഡേജ ക്രീസിലേത്തിയത്. ശേഷം വിരാട് കോഹ്ലിക്കൊപ്പം ഒരു തകർപ്പൻ കൂട്ടുകെട്ട് ഇന്ത്യക്കായി കെട്ടിപ്പടുക്കാൻ രവീന്ദ്ര ജഡേജയ്ക്ക് സാധിച്ചു.

മത്സരത്തിൽ കോഹ്ലി പുറത്തായിട്ടും രവീന്ദ്ര ജഡേജ ക്രീസിൽ തുടരുകയുണ്ടായി. മത്സരത്തിൽ 44 പന്തുകളിൽ 39 റൺസ് നേടിയ ജഡേജ പുറത്താവാതെ നിൽക്കുകയായിരുന്നു. 3 ബൗണ്ടറികളും ഒരു സിക്സറുമാണ് ജഡേജയുടെ ഇന്നിങ്സിൽ ഉൾപ്പെട്ടത്. മത്സരത്തിലെ അവസാന റൺസും നേടിയതിന് ശേഷമായിരുന്നു ജഡേജ മൈതാനം വിട്ടത്. ഇത് മറ്റൊരു തരത്തിൽ ജഡേജയുടെ ഒരു പ്രതികാരം കൂടിയായിരുന്നു.

2019 ഏകദിന ലോകകപ്പിന്റെ സെമിഫൈനലിൽ അങ്ങേയറ്റം പൊരുതിയിട്ടും ഇന്ത്യയെ വിജയിപ്പിക്കാൻ സാധിക്കാതെ പോയതിൽ നിരാശപ്പെട്ട താരമാണ് രവീന്ദ്ര ജഡേജ. അന്നത്തെ പരാജയത്തിന് മറ്റൊരു വിജയത്തിലൂടെ ജഡേജ പകരം വീട്ടിയിരിക്കുന്നു. 2019 ലോകകപ്പിന്റെ സെമിഫൈനലിൽ ന്യൂസിലാൻഡിനോട് ഇന്ത്യ അപ്രതീക്ഷിതമായ പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. മത്സരത്തിൽ 240 റൺസായിരുന്നു ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ഇന്ത്യയുടെ മുൻനിര ബാറ്റർമാരൊക്കെയും മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കൂടാരം കയറി.

92ന് 6 എന്ന നിലയിൽ തകർന്ന ഇന്ത്യയെ കൈപിടിച്ചു കയറ്റിയത് മഹേന്ദ്ര സിംഗ് ധോണിയും രവീന്ദ്ര ജഡേജയും ചേർന്നായിരുന്നു. മത്സരത്തിൽ ജഡേജ 59 പന്തുകളിൽ 77 റൺസാണ് നേടിയത്. 4 ബൗണ്ടറികളും 4 സിക്സറുകളും ഈ ഇന്നിങ്സിൽ ഉൾപ്പെട്ടു.എന്നാൽ നിർണായകമായ സമയത്ത് ട്രെൻഡ് ബോൾട്ടിന്റെ പന്തിൽ ജഡേജയ്ക്ക് തന്റെ വിക്കറ്റ് നഷ്ടമായി. ഇത് മത്സരത്തിൽ ഇന്ത്യയുടെ പരാജയത്തിൽ പ്രധാന കാരണമായി മാറി. അന്ന് വിജയം നേടാതെ നിരാശനായിയാണ് ജഡേജ ക്രീസ് വിട്ടത്.

എന്നാൽ അതിനുള്ള മറുപടി 2023 ലോകകപ്പിലെ മത്സരത്തിൽ ജഡേജ വീട്ടിയിരിക്കുന്നു. വളരെ പക്വതയോടെ ബാറ്റ് ചെയ്ത് ഇന്ത്യക്കായി വിജയ റൺ നേടിക്കൊടുത്ത ശേഷമാണ് ജഡേജ മടങ്ങിയത്. മാത്രമല്ല ഇന്നിംഗ്സിൽ യാതൊരുവിധ പിഴവുകളും കൂടാതെയാണ് ജഡേജ കളിച്ചത്. വളരെ പക്വതയോടെ കളിച്ച് ഇന്ത്യയെ വിജയത്തിലെത്തിച്ച് തന്റെ ശക്തി മത്സരത്തിൽ പുറത്തെടുക്കാൻ ജഡേജയ്ക്ക് സാധിച്ചു.

Rate this post