കോലിയെ കാഴ്ചക്കാരനാക്കി വെടിക്കെട്ട് സെഞ്ചുറിയുമായി വിൽ ജാക്‌സ്, ഗുജറാത്തിനെതിരെ മിന്നുന്ന ജയവുമായി ആർസിബി | IPL2024

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. 201 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ആർസിബി വിൽ ജാക്‌സിന്റെ സെഞ്ചുറിയുടെയും വിരാട് കോഹ്‌ലിയുടെ അർദ്ധ സെഞ്ചുറിയുടെയും മികവിൽ 9 വിക്കറ്റിന്റെ മിന്നുന്ന ജയം സ്വന്തമാക്കി. 16 ഓവറിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ലക്‌ഷ്യം മറികടന്നു.

വിജയത്തോടെ RCB IPL പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി. വിൽ ജാക്‌സ് 41 പന്തിൽ നിന്നും 5 ഫോറും 10 സിക്‌സും അടക്കം 100 റൺസ് നേടി പുറത്താവാതെ നിന്നു. വിരാട് കോലി 44 പന്തിൽ നിന്നും 6 ഫോറും മൂന്നു സിക്സുമടക്കം 70 റൺസ് നേടി ജാക്‌സിന് പിന്തുണ നൽകി. 24 റൺസ് നേടിയ ഡു പ്ലെസിസിന്റെ വിക്കറ്റാണ് ബെംഗളൂരുവിനു നഷ്ടമായത്. കോലി ജാക്സ് സഖ്യം രണ്ടാം വിക്കറ്റിൽ 166 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി.

സായ്‌ സുദര്‍ശന്‍, ഷാറൂഖ്‌ ഖാന്‍ എന്നിവരുടെ അര്‍ധ സെഞ്ചുറി പ്രകടനമാണ് ഗുജറാത്തിന് മികച്ച സ്കോർ നേടിക്കൊടുത്തത്. 49 പന്തില്‍ പുറത്താവാതെ 84 റണ്‍സെടുത്ത സായ്‌ സുദര്‍ശന്‍ ടോപ്‌ സ്‌കോററായി. നാലു സിക്സും എട്ട് ഫോറും അടങ്ങുന്നതാണ് സുദര്‍ശന്‍റെ ഇന്നിംഗ്സ്. തുടക്കത്തില്‍45-2 എന്ന സ്കോറില്‍ പതറിയശേഷം തിരിച്ചടിച്ച സായ് സുദര്‍ശനും ഷാരൂഖ് ഖാനും ചേര്‍ന്നാണ് ഗുജറാത്തിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. 30 പന്തില്‍ മൂന്ന് ബൗണ്ടറികളും അഞ്ച് സിക്‌സറും സഹിതം 58 റൺസാണ് ഷാരൂഖ് ഖാൻ നേടിയത്.

തകര്‍ത്തടിച്ച ഡേവിഡ് മില്ലറും സുദര്‍ശനും ചേര്‍ന്ന് അവസാന അഞ്ചോവറില്‍ 62 റണ്‍സാണ് അടിച്ചെടുത്തത്. അവസാന പന്ത് സിക്സിന് പറത്തിയാണ് മില്ലര്‍ ഗുജറാത്തിനെ 200ല്‍ എത്തിച്ചത്. 19 പന്തില്‍ മില്ലര്‍ 26 റണ്‍സുമായി പുറത്താകാതെ നിന്നു.റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി സ്വപ്‌നില്‍ സിങ്, മുഹമ്മദ് സിറാജ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.