‘നഷ്ടപ്പെടുത്തിയത് സുവർണാവസരം’ : ഇന്ത്യൻ ജേഴ്സിയിൽ സഞ്ജു സാംസൺ വീണ്ടും പരാജയപ്പെട്ടപ്പോൾ മിന്നുന്ന പ്രകടനവുമായി ഋഷഭ് പന്ത് | Sanju Samson

ട്വന്റി 20 ലോകകപ്പിന് മുമ്പായ പരിശീലന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ 60 റൺസിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ നേടിയത്.മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 122 റണ്‍സ് നേടാനെ സാധിച്ചുള്ളു.

32 പന്തില്‍ 53 റണ്‍സ് നേടി റിട്ടയേര്‍ഡ് ഹര്‍ട്ടായ റിഷഭ് പന്തായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍. ഹാര്‍ദിക് പാണ്ഡ്യ 23 പന്തില്‍ 40 റണ്‍സാണ് അടിച്ചെടുത്തത്. സൂര്യകുമാര്‍ യാദവ് 18 പന്തില്‍ 31 റണ്‍സുമായി മടങ്ങി. 28 പന്തില്‍ 40 റണ്‍സടിച്ച് റിട്ടയേര്‍ഡ് ഹര്‍ട്ടായ മഹ്മദുള്ളയാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. ഷാക്കിബ് അല്‍ ഹസൻ 28 റണ്‍സ് നേടി. രണ്ട് വിക്കറ്റ് വീതം നേടിയ അര്‍ഷ്‌ദീപ് സിങ്, ശിവം ദുബെ തുടങ്ങിയവരുടെ ബൗളിങ് പ്രകടനങ്ങളാണ് ഇന്ത്യയ്‌ക്ക് സന്നാഹത്തില്‍ അനായാസ ജയമൊരുക്കിയത്.

ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ ഏക സന്നാഹ മത്സരത്തിൽ, ക്യാപ്റ്റൻ രോഹിത് ശർമ്മയ്‌ക്കൊപ്പം സഞ്ജു സാംസൺ ടീമിനായി ഇന്നിംഗ്‌സ് ഓപ്പൺ ചെയ്തു. വെറും ആറു പന്തുകൾ നേരിട്ടു ഒരു റൺ മാത്രം നേടി മലയാളി താരം പുറത്തായി.അതേസമയം, വിരാട് കോഹ്‌ലിക്ക് പകരം മൂന്നാം നമ്പറിൽ ഇറങ്ങിയ പന്ത്, വെറും 32 പന്തിൽ 53 റൺസ് നേടി ടീമിലെ സ്ഥാനം ഉറപ്പിച്ചു.ഷൊറിഫുള്‍ ഇസ്ലാമിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു സഞ്ജു.

ഐപിഎല്ലിൽ മിന്നുന്ന പ്രകടനം പുറത്തെടുത്ത സഞ്ജുവിന് ആ ഫോം ഇന്ത്യൻ ജേഴ്സിയിൽ തുടരാൻ സാധിച്ചില്ല. സഞ്ജുവിന്റെ പ്രകടനത്തിൽ ആരാധകർ തൃപ്‌തരല്ല .സഞ്ജു സാംസണെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തപ്പോഴെല്ലാം ആരാധകർ അദ്ദേഹത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്യാറുണ്ട്. അത്തരം ആരാധകരെ സാംസൺ ആവർത്തിച്ച് നിരാശപ്പെടുത്തിയിട്ടുണ്ട്.

Rate this post