‘മുന്നിൽ സെവാഗ് മാത്രം’ : സിക്സുകളിൽ ധോണിയുടെ റെക്കോർഡ് തകർത്ത് രോഹിത് ശർമ്മ | Rohit Sharma

രാജ്‌കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൻ്റെ ആദ്യ ദിനത്തിൽ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ നേടിയത്.196 പന്തിൽ നിന്നും 14 ബൗണ്ടറിയും മൂന്നു സിക്സുമടക്കം 131 റൺസാണ് രോഹിത് നേടിയത്. ടെസ്റ്റ് ക്രിക്കറ്റിലെ മോശം ഫോമിന്റെ പേരിൽ രോഹിതിന് നേരെ വലിയ വിമര്ശനം ഉയർന്നു വന്നിരുന്നു.

ഈ നിർണായക സെഞ്ചുറിയിലൂടെ രോഹിത് തൻ്റെ വിമർശകർക്ക് മറുപടി നൽകിയിരിക്കുകയാണ്. മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയുടെ സിക്‌സറുകളുടെ റെക്കോർഡും രോഹിത് ശർമ്മ മറികടന്നിരിക്കുകയാണ്. ഇന്നിംഗ്‌സിലെ തൻ്റെ രണ്ടാമത്തെ സിക്‌സറിലൂടെ അദ്ദേഹം ധോണിയെ മറികടന്നു.ടെസ്റ്റ് ക്രിക്കറ്റിൽ ധോണിയുടെ 78 സിക്സുകൾ രോഹിത് മറികടന്നു. മുൻ ഇന്ത്യൻ ഓപ്പണിംഗ് ബാറ്റ്‌സ്മാൻ വീരേന്ദർ സെവാഗിന്റെ പേരിലാണ് ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ്.

57 ടെസ്റ്റുകളില്‍ 79 സിക്സുകള്‍ അടിച്ച രോഹിത് 90 ടെസ്റ്റില്‍ 78 സിക്സുകള്‍ പറത്തിയ എം എസ് ധോണിയെ ആണ് ഇന്ന് പിന്നിലാക്കിയത്.103 ടെസ്റ്റുകളില്‍ 90 സിക്സുകള്‍ പറത്തിയിട്ടുള്ള വീരേന്ദര്‍ സെവാഗ് മാത്രമാണ് ഇനി രോഹിത്തിന് മുന്നിലുള്ളത്. ടെസ്റ്റ്, ഏകദിനം, ടി20 എന്നിവയിലുടനീളമായി 590 സിക്സുകൾ രോഹിത് നേടിയിട്ടുണ്ട്.143 ഇന്നിംഗ്‌സുകളിൽ നിന്ന് 190 സിക്‌സറുകൾ നേടിയ അദ്ദേഹം ടി20യിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ താരമാണ്.കൂടാതെ ഏകദിന ക്രിക്കറ്റിൽ 254 ഇന്നിംഗ്‌സുകളിൽ നിന്ന് 323 സിക്സുമായി മൂന്നാം സ്ഥാനത്താണ്.

179 ഇന്നിംഗ്‌സുകളിൽ നിന്ന് 128 സിക്സ് നേടിയ നിലവിലെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സിൻ്റെ പേരിലാണ് ടെസ്റ്റിലെ ഏറ്റവും കൂടുതൽ സിക്‌സറുകൾ എന്ന റെക്കോർഡ്. ബ്രണ്ടൻ മക്കല്ലം (176 ഇന്നിംഗ്‌സിൽ 107 സിക്‌സ്), ആദം ഗിൽക്രിസ്റ്റ് (137 ഇന്നിംഗ്‌സിൽ 100 സിക്‌സ്) എന്നിവരാണ് തൊട്ടുപിന്നിൽ. ടെസ്റ്റിൽ 100 അല്ലെങ്കിൽ അതിൽ കൂടുതൽ സിക്‌സറുകൾ നേടുന്ന ആദ്യ ഇന്ത്യൻ ബാറ്ററാകാനും രോഹിതിന് അവസരമുണ്ട്. ബെൻ സ്റ്റോക്‌സ്, ബ്രണ്ടൻ മക്കല്ലം, ആദം ഗിൽക്രിസ്റ്റ് എന്നിവർക്ക് മാത്രമാണ് ടെസ്റ്റ് ക്രിക്കറ്റിൽ സിക്‌സുകളുടെ സെഞ്ചുറി.

ഹൈദരാബാദിലും വിശാഖപട്ടണത്തും നടന്ന ആദ്യ 2 ടെസ്റ്റുകളിൽ മോശം പ്രകടനം നടത്തിയ രോഹിത് ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ മികച്ച ഫോമിലായിരുന്നില്ല. 4 ഇന്നിംഗ്‌സുകളിൽ 22.50 ശരാശരിയിൽ 90 റൺസ് മാത്രമാണ് രോഹിത് നേടിയത്. എന്നാൽ രാജ്‌കോട്ടിലെ സെഞ്ചുറിയോടെ തകർപ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്.

ടെസ്റ്റിൽ ഇന്ത്യക്കാരുടെ ഏറ്റവും കൂടുതൽ സിക്സുകൾ:

വീരേന്ദർ സെവാഗ് – 180 ഇന്നിംഗ്‌സുകളിൽ നിന്ന് 91 സിക്‌സറുകൾ
രോഹിത് ശർമ്മ – 97 ഇന്നിംഗ്‌സുകളിൽ നിന്ന് 79 സിക്‌സറുകൾ
എംഎസ് ധോണി – 90 ഇന്നിംഗ്‌സുകളിൽ നിന്ന് 78 സിക്‌സറുകൾ
സച്ചിൻ ടെണ്ടുൽക്കർ – 329 ഇന്നിംഗ്‌സുകളിൽ നിന്ന് 69 സിക്‌സറുകൾ
കപിൽ ദേവ് – 184 ഇന്നിംഗ്‌സുകളിൽ നിന്ന് 61 സിക്‌സറുകൾ

Rate this post