മുന്നിൽ സച്ചിൻ മാത്രം !! പാക്കിസ്ഥാനെതിരെ 63 പന്തിൽ 86 റൺസ് നേടി വിരാട് കോലിയെ മറികടന്ന് രോഹിത് ശർമ്മ |World Cup 2023|Rohit Sharma

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പാകിസ്താനെതിരെ നടന്ന ലോകകപ്പ് 2023 മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. വെറും 63 പന്തിൽ നിന്ന് 86 റൺസ് നേടിയാണ് വലംകൈയ്യൻ ബാറ്റർ ഏഴ് വിക്കറ്റിന് ഇന്ത്യയുടെ വലിയ വിജയത്തിന് തിരക്കഥയൊരുക്കിയത്. ആറ് ഫോറും ആറ് സിക്സും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിംഗ്സ്.

രണ്ടാം വിക്കറ്റിൽ വിരാട് കോഹ്‌ലിയുമായി (16) 56 റൺസും മൂന്നാം വിക്കറ്റിൽ ശ്രേയസ് അയ്യരുമൊത്ത് (53 നോട്ടൗട്ട്) 77 റൺസും കൂട്ടിച്ചേർത്തു. ഒക്ടോബർ 11 ന് അഫ്ഗാനിസ്ഥാനെതിരെ 84 പന്തിൽ 131 റൺസ് നേടിയ ശേഷം ശനിയാഴ്ചത്തെ മത്സരത്തിനിറങ്ങിയ രോഹിത് ആദ്യ പന്തിൽ തന്നെ പാക്കിസ്ഥാന്റെ പേസ് കുന്തമുനയായ ഷഹീൻ ഷാ അഫ്രീദിക്കെതിരെ ബൗണ്ടറി നേടി. മത്സരത്തിൽ 86 റൺസ് നേടിയതോടെ രോഹിത് ഇപ്പോൾ ഇന്ത്യയ്‌ക്കായി ഏകദിന ലോകകപ്പ് മത്സരങ്ങളിൽ വിരാട് നേടിയ 1186 റൺസിന്റെ നേട്ടത്തെ മറികടന്ന് എക്കാലത്തെയും മികച്ച റൺ സ്കോറര്മാരിൽ ഏഴാം സ്ഥാനത്തെത്തി.

ആറ് ഏകദിന ലോകകപ്പുകളിൽ പങ്കെടുത്ത് 45 മത്സരങ്ങളിൽ നിന്ന് 2278 റൺസ് നേടി സച്ചിൻ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.രോഹിത് വെറും 20 മത്സരങ്ങളിൽ മാത്രം കളിച്ചു, 66.38 ശരാശരിയിലും 101.96 സ്‌ട്രൈക്ക് റേറ്റിലുമായി 1195 റൺസ് നേടി ഇന്ത്യക്കാരുടെ ലിസ്റ്റിൽ സച്ചിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് . ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ(7 ) നേടിയതിന്റെ ലോക റെക്കോർഡ് രോഹിതിന്റെ പേരിലാണ്.അതിൽ അഞ്ചെണ്ണം 2019 എഡിഷനിലാണ്.

എക്കാലത്തെയും മികച്ച റൺ വേട്ടക്കാരുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ് വിരാട്. നാല് പതിപ്പുകളിലായി 29 മത്സരങ്ങളിൽ നിന്ന് 49.41 ശരാശരിയിൽ 1186 റൺസ് നേടിയിട്ടുണ്ട്.ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ താരമാണ് കോലി. 21 മത്സരങ്ങളിൽ നിന്ന് 1006 റൺസ് നേടിയ മുൻ നായകൻ സൗരവ് ഗാംഗുലി ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന നാലാമത്തെ താരമാണ്. 22 മത്സരങ്ങളിൽ നിന്ന് 860 റൺസ് നേടിയ മുൻ നായകനും നിലവിലെ മുഖ്യ പരിശീലകനുമായ രാഹുൽ ദ്രാവിഡ് പിന്നാലെയുണ്ട്.

Rate this post