വെടിക്കെട്ട് സെഞ്ചുറിയുമായി റുതുരാജ് ഗെയ്‌ക്‌വാദ് ,ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടി 20 യിൽ കൂറ്റൻ സ്‌കോറുമായി ഇന്ത്യ | India vs Australia

ഓസ്ട്രേലിയക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിലും ശക്തമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ യുവനിര. പ്രധാന ബാറ്റർമാരെ തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും ഒരു ശക്തമായ ബാറ്റിംഗ് പ്രകടനം തന്നെയാണ് ഇന്ത്യൻ താരനിര കാഴ്ച വെച്ചത്. മത്സരത്തിൽ ഓപ്പണർ ഋതുരാജാണ് ഇന്ത്യക്കായി തിളങ്ങിയത്.

ഒപ്പം മധ്യ ഓവറുകളിൽ മറ്റു താരങ്ങളും മികവ് പുലർത്തിയതോടെ ഇന്ത്യ ശക്തമായ ഒരു സ്കോറിൽ എത്തുകയായിരുന്നു. ആദ്യ രണ്ടു മത്സരങ്ങളിലും വിജയം കണ്ട ഇന്ത്യയെ സംബന്ധിച്ച് പരമ്പര സ്വന്തമാക്കാനുള്ള വലിയ അവസരം തന്നെയാണ് കൈവന്നിരിക്കുന്നത്. എന്നിരുന്നാലും മത്സരത്തിലെ മഞ്ഞുതുള്ളികളുടെ സാന്നിധ്യം ഒരു ചോദ്യചിഹ്നമായി നിൽക്കുന്നുണ്ട്.

മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് ഓസ്ട്രേലിയക്ക് തങ്ങളുടെ പേസർമാർ നൽകിയത്. ആദ്യ രണ്ടു മത്സരങ്ങളിൽ നിന്ന് വിപരീതമായി ഇന്ത്യയുടെ മുൻനിര ബാറ്റർമാരെ വീഴ്ത്താൻ ഓസ്ട്രേലിയക്ക് സാധിച്ചു. ഇഷാൻ കിഷനും ജെയ്‌സ്വാളും ചെറിയ ഇടവേളയിൽ കൂടാരം കയറിയതോടെ ഇന്ത്യ സമ്മർദ്ദത്തിലാവുകയായിരുന്നു. മത്സരത്തിൽ 24ന് 2 എന്ന നിലയിൽ ഇന്ത്യ തകർന്നു.

ഈ സമയത്താണ് നായകൻ സൂര്യകുമാർ യാദവും ഋതുരാജും ചേർന്ന് ഒരു തകർപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുത്തത്. സൂര്യകുമാർ യാദവ് മത്സരത്തിൽ 29 പന്തുകളിൽ 5 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 39 റൺസാണ് നേടിയത്. സൂര്യ പുറത്തായ ശേഷവും ഋതുരാജ് ആക്രമണം അഴിച്ചുവിടുകയുണ്ടായി.പലപ്പോഴും തന്റേതായ ശൈലിയിൽ ഗ്യാപ്പുകൾ കണ്ടെത്തിയാണ് ഋതുരാജ് റൺസ് നേടിയത്. കേവലം 32 പന്തുകളിൽ നിന്നായിരുന്നു ഋതുരാജ് തന്റെ അർത്ഥ സെഞ്ച്വറി പൂർത്തീകരിച്ചത്.

മത്സരത്തിൽ നാലാം വിക്കറ്റിൽ ഒരു മികച്ച കൂട്ടുകെട്ട് കണ്ടെത്താൻ ഋതുരാജിനും തിലക് വർമ്മയ്ക്കും സാധിച്ചു. ഇതോടെ ഇന്ത്യയുടെ സ്കോർ കുതിക്കുകയായിരുന്നു. ഋതുരാജ് മത്സരത്തിൽ 52 പന്തുകളിൽ നിന്നാണ് തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. അന്താരാഷ്ട്ര ട്വന്റി20യിലെ ഋതുരാജിന്റെ ആദ്യ സെഞ്ച്വറിയാണ് മത്സരത്തിൽ പിറന്നത്. മത്സരത്തിൽ ഋതുരാജ് 57 പന്തുകളിൽ 123 റൺസാണ് നേടിയത്. തിലക് വർമ 24 പന്തുകളിൽ 31 റൺസ് സ്വന്തമാക്കി. ഇങ്ങനെ ഇന്ത്യ 222 എന്ന ശക്തമായ സ്കോറിൽ എത്തുകയായിരുന്നു.

Rate this post