‘ഗാംഗുലി ധോണിക്ക് ചെയ്ത് കൊടുത്തതാണ് സഞ്ജു സാംസണ് വേണ്ടത് ‘: മലയാളി ബാറ്റർക്ക് പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ഫ്ലോറിഡയിലെ ലോഡർഹിൽ വെച്ച് നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ചാം ടി20യിൽ വിക്കറ്റ് കീപ്പർ-ബാറ്റർ ഒരിക്കൽക്കൂടി ബാറ്റിംഗിൽ പരാജയപ്പെടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.മത്സരത്തിൽ അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജുവിന് കേവലം 13 റൺസ് മാത്രമാണ് മത്സരത്തിൽ നേടാൻ സാധിച്ചത്.

വലിയൊരു സുവർണാവസരം മുൻപിലേക്ക് ലഭിച്ചിട്ടും അത് മുതലാക്കാൻ സഞ്ജുവിന് സാധിക്കാതെ പോയി. ഇത് ആദ്യമായല്ല സഞ്ജു ഇത്തരത്തിൽ അവസരങ്ങൾ വലിച്ചെറിയുന്നത്. പരമ്പരയിൽ മൂന്നു മത്സരങ്ങളിൽ ബാറ്റ് ചെയ്യാൻ അവസരം കിട്ടിയപ്പോൾ സഞ്ജുവിന്റെ സ്കോർ 12, 7, 13 എന്നിങ്ങനെയാണ്. നേരിട്ട ആദ്യ പന്തിൽ സിംഗിൾ നേടിയാണ് സഞ്ജു സാംസൺ ആരംഭിച്ചത്. ശേഷം മൂന്നാം പന്തിൽ ഒരു തകർപ്പൻ ബൗണ്ടറി നേടി സഞ്ജു തന്റെ വീര്യം കാട്ടി. പിന്നീട് റോസ്റ്റൺ ചെയ്‌സ് എറിഞ്ഞ പത്താം ഓവറിലും സഞ്ജു ബൗണ്ടറി സ്വന്തമാക്കുകയുണ്ടായി. എന്നാൽ പിന്നീട് പതിനൊന്നാം ഓവറിൽ റൊമാലിയോ ഷെപ്പേർഡിന്റെ പന്തിൽ സഞ്ജു സാംസൺ കീപ്പർ നിക്കോളാസ് പൂരന് ക്യാച്ച് നൽകി കൂടാരം കയറുകയായിരുന്നു.

എന്നാൽ വിമർശനങ്ങൾക്കിടയിലും സഞ്ജുവിന് പിന്തുണയുമായെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും സെലക്ടറുമായ സാബ കരീം. എംഎസ് ധോണിക്ക് സൗരവ് ഗാംഗുലി പിന്തുണ നല്‍കിയതുപോലെ സഞ്ജുവിനും പിന്തുണ നല്‍കണമെന്നാണ് സാബ കരീം പറയുന്നത്.”എംഎസ് ധോണി ഇന്ത്യയ്ക്കുവേണ്ടി തന്റെ അഞ്ചാം മത്സരത്തിൽ 148 അടിച്ചു, പിന്നീട് തിരിഞ്ഞുനോക്കിയില്ല. ഏതാനും മാസങ്ങൾക്കുള്ളിൽ, അദ്ദേഹം 183* അടിച്ച് ടീമിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. സഞ്ജു സാംസണിന് ഇന്ത്യയ്ക്ക് ഒരു വലിയ ഇന്നിംഗ്സ് ആവശ്യമാണ്, അദ്ദേഹത്തിന്റെ കഴിവ് കണക്കിലെടുക്കുമ്പോൾ ഇത് ന്യായമായ പ്രതീക്ഷയാണ്. മൂന്നാം ഏകദിനം അദ്ദേഹത്തിന്റെ ഏറ്റവും മികച്ച അവസരമായിരുന്നു.നിർഭാഗ്യവശാൽ, ഇന്ത്യക്ക് വേണ്ടി അദ്ദേഹം അത്തരത്തിലുള്ള ഒരു ഇന്നിങ്സ് കളിച്ചിട്ടില്ല. ഞങ്ങൾ ഉടൻ തന്നെ ഒരു വഴിത്തിരിവ് കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്” സാബ കരീം പറഞ്ഞു.

എം‌എസ് ധോണിക്ക് വേണ്ടി തന്റെ സ്ഥാനം ത്യജിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ മാതൃകയാക്കി ബാറ്റിംഗ് പൊസിഷന്റെ പ്രാധാന്യം കരീം ചൂണ്ടിക്കാട്ടി.ഇന്ത്യ എന്തുകൊണ്ടാണ് സഞ്ജു സാംസണിനെ ടോപ് ഓഡറില്‍ കളിപ്പിക്കാത്തത്? ഗാംഗുലി ധോണിയെ ടോപ് ഓഡറില്‍ കളിപ്പിച്ചപ്പോള്‍ സംഭവിച്ചത് ആവര്‍ത്തിക്കാന്‍ സഞ്ജുവിനും സാധിക്കും’-സാബ കരീം പറഞ്ഞു.രാജസ്ഥാൻ റോയൽസിനായി ഇന്ത്യൻ പ്രീമിയർ ലീഗിൽ മൂന്നാം നമ്പറിൽ 77 കളികളിൽ നിന്ന് 141.71 സ്‌ട്രൈക്ക് റേറ്റിൽ മൂന്ന് സെഞ്ചുറികളും 15 അർദ്ധ സെഞ്ച്വറികളുമുൾപ്പെടെ 2504 റൺസാണ് വലംകൈയ്യൻ താരം നേടിയത്.

അന്താരാഷ്ട്ര മത്സരങ്ങളിൽ, 2020ലും 2021ലും ശ്രീലങ്കയ്‌ക്കെതിരെ യഥാക്രമം 6 ഉം 27 ഉം സ്‌കോർ ചെയ്‌ത സാംസൺ മൂന്നാം നമ്പറിൽ രണ്ട് തവണ കളിച്ചിട്ടുണ്ട്.ഒരു ഓപ്പണർ എന്ന നിലയിൽ, 164.06 സ്‌ട്രൈക്ക് റേറ്റിൽ നാല് കളികളിൽ നിന്ന് 105 റൺസ് നേടി, അയർലൻഡിനെതിരെ 77 എന്ന മികച്ച സ്‌കോർ. നാലാം നമ്പറിൽ, എട്ട് കളികളിൽ നിന്ന് 123.91 സ്‌ട്രൈക്ക് റേറ്റിൽ 114 റൺസ് നേടിയിട്ടുണ്ട്, ഉയർന്ന സ്‌കോർ 39.

Rate this post