സഞ്ജു ഇറങ്ങുന്നു അതെ വേഗത്തിൽ പോകുന്നു , അവസാന മത്സരത്തിലും നിരാശപ്പെടുത്തി മലയാളി ബാറ്റർ
വെസ്റ്റിൻഡീസിനെതിരായ അവസാന ട്വന്റി20യിൽ വീണ്ടും ബാറ്റിംഗ് പരാജയമായി സഞ്ജു സാംസൺ. മത്സരത്തിൽ അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജുവിന് കേവലം 13 റൺസ് മാത്രമാണ് മത്സരത്തിൽ നേടാൻ സാധിച്ചത്. വലിയൊരു സുവർണാവസരം മുൻപിലേക്ക് ലഭിച്ചിട്ടും അത് മുതലാക്കാൻ സഞ്ജുവിന് സാധിക്കാതെ പോയി. ഇത് ആദ്യമായല്ല സഞ്ജു ഇത്തരത്തിൽ അവസരങ്ങൾ വലിച്ചെറിയുന്നത്. പരമ്പരയിൽ മൂന്നു മത്സരങ്ങളിൽ ബാറ്റ് ചെയ്യാൻ അവസരം കിട്ടിയപ്പോൾ സഞ്ജുവിന്റെ സ്കോർ 12, 7, 13 എന്നിങ്ങനെയാണ്.
നേരിട്ട ആദ്യ പന്തിൽ സിംഗിൾ നേടിയാണ് സഞ്ജു സാംസൺ ആരംഭിച്ചത്. ശേഷം മൂന്നാം പന്തിൽ ഒരു തകർപ്പൻ ബൗണ്ടറി നേടി സഞ്ജു തന്റെ വീര്യം കാട്ടി. പിന്നീട് റോസ്റ്റൺ ചെയ്‌സ് എറിഞ്ഞ പത്താം ഓവറിലും സഞ്ജു ബൗണ്ടറി സ്വന്തമാക്കുകയുണ്ടായി. എന്നാൽ പിന്നീട് പതിനൊന്നാം ഓവറിൽ റൊമാലിയോ ഷെപ്പേർഡിന്റെ പന്തിൽ സഞ്ജു സാംസൺ കീപ്പർ നിക്കോളാസ് പൂരന് ക്യാച്ച് നൽകി കൂടാരം കയറുകയായിരുന്നു. മത്സരത്തിൽ 9 പന്തുകളിൽ 13 റൺസാണ് സഞ്ജു നേടിയത്. രണ്ടു ബൗണ്ടറികൾ മാത്രം ഇന്നിങ്സിൽ ഉൾപ്പെട്ടു.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നാലാം ട്വന്റി20യിൽ നിന്ന് വിപരീതമായി വളരെ മോശം തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ഓപ്പണർമാരായ ജയിസ്വാളും(5) ഗില്ലും(9) വലിയ സംഭാവനകൾ നൽകാതെ പെട്ടെന്ന് തന്നെ കൂടാരം കയറുകയുണ്ടായി. ഇങ്ങനെ ഇന്ത്യ 17ന് 2 എന്ന നിലയിൽ തകർന്നു. എന്നാൽ പിന്നീടെത്തിയ തിലക് വർമയും സൂര്യകുമാർ യാദവും ഇന്ത്യക്കായി കൗണ്ടർ അറ്റാക്ക് നടത്തുകയായിരുന്നു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ ഒരു തട്ടുപൊളിപ്പൻ കൂട്ടുകെട്ട് ഇന്ത്യയ്ക്കായി കെട്ടിപ്പടുത്തു.
49 റൺസിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് ഇന്ത്യക്കായി സൃഷ്ടിച്ചത്. ഇതിന് പിന്നാലെ തിലക് വർമയെ(27) റോസ്റ്റൻ ചെയ്സ് പുറത്താക്കി. ശേഷമാണ് അഞ്ചാമനായി സഞ്ജു സാംസൺ ക്രീസിലെത്തിയത്.
ഇതോടെ താരത്തിന്റെ ഏഷ്യാകപ്പ് സ്ഥാനവും തുലാസിലായെന്ന് പറയാം. ഇനി അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലാണ് സഞ്ജു കളിക്കുക. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 15 .5 ഓവറിൽ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 121 റൺസാണ് എടുത്തിരിക്കുന്നത്. മഴമൂലം മത്സരം നിർത്തിവെച്ചിരിക്കുകയാണ്. 39 പന്തിൽ നിന്നും 53 റൺസുമായി സൂര്യകുമാറും 8 റൺസുമായി പാണ്ട്യയുമാണ് ക്രീസിൽ .