അവസാനം സഞ്ജു സാംസൺന്റെ അവസരം വന്നു ,സിംബാബ്‌വെ പര്യടനത്തിൽ പന്തിനു പകരം സഞ്ജു | Sanju Samson

ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ സൂപ്പർ 8 മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ 47 റൺസിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.ഇന്ത്യ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാന്‍ ബാറ്റിങ് 134 ൽ അവസാനിച്ചു. നാല് ഓവറിൽ വെറും 7 റൺസ് വിട്ട് കൊടുത്ത് മൂന്ന് വിക്കറ്റ് നേടിയ ബുംറയാണ് അഫ്ഗാൻ ബാറ്റിങ്ങിന്റെ മുനയൊടിച്ചത്.

ലോകകപ്പിന് ശേഷം നടക്കാനിരിക്കുന്ന സിംബാബ്‌വെ ടൂറിനുള്ള ഇന്ത്യൻ ടീമിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഇപ്പോൾ സജീവമായിരിക്കുകയാണ്. സഞ്ജു സാംസന്റെ കാര്യവും ചർച്ചയാകുന്നു. ലോകകപ്പിന് ശേഷം രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിയും എന്നത് ഇപ്പോൾ തന്നെ വ്യക്തമായിരിക്കുകയാണ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ 6-ന് ആരംഭിക്കാനിരിക്കുന്ന സിംബാബ്‌വെക്കെതിരെയുള്ള 5 ടി20 മത്സരങ്ങൾ അടങ്ങിയ വിദേശ പര്യടനത്തിന് പോകുന്ന ഇന്ത്യൻ ടീമിന്റെ പരിശീലകനായി മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ സ്ഥാനം ഏറ്റെടുത്തേക്കും.

പരമ്പരയിൽ സീനിയർ താരങ്ങൾക്ക് വിശ്രമം നൽകും. ഗൗതം ഗംഭീറിന്റെ കാഴ്ചപ്പാട് അനുസരിച്ച്, ഫോർമാറ്റുകൾക്ക് അനുസരിച്ച് വ്യത്യസ്ത ടീമുകളെ സജ്ജീകരിക്കണം എന്നതാണ്. ടി20 പരമ്പരകൾക്ക് ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തുന്ന കളിക്കാരെ തിരഞ്ഞെടുക്കുകയും, ഏകദിന – ടെസ്റ്റ് പരമ്പരകൾക്ക് സീനിയർ താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ടീം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് തന്റെ പ്ലാൻ എന്ന് ഗംഭീർ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ, സിംബാബ്‌വെ ടൂറിൽ രോഹിത് ശർമ്മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുമ്ര തുടങ്ങിയ താരങ്ങൾക്ക് എല്ലാം വിശ്രമം നൽകിയേക്കും.

വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനും വിശ്രമം അനുവദിക്കാനാണ് സാധ്യത. നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം, സഞ്ജു സാംസണും ധ്രുവ് ജൂറലും ആണ് സിംബാബ്‌വെ പര്യടനത്തിനായി ഇന്ത്യൻ ടീം പരിഗണിക്കുന്ന വിക്കറ്റ് കീപ്പർമാർ. കൂടാതെ, നിതീഷ് കുമാർ റെഡ്ഢി, റിയാൻ പരാഗ് തുടങ്ങിയ താരങ്ങൾക്കും സിംബാബ്‌വെ പര്യടനത്തിൽ അവസരം ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

Rate this post