വെടിക്കെട്ട് ബാറ്റിംഗുമായി സഞ്ജു സാംസൺ , സയീദ് മുഷ്തഖ് അലി ട്രോഫിയിൽ ചണ്ഡീഗണ്ടിനെതിരെ കേരളത്തിന് കൂറ്റൻ സ്കോർ
സയീദ് മുഷ്തഖ് അലി ട്രോഫിയിൽ ചണ്ഡീഗർഹിനെതിരായ മത്സരത്തിൽ തകർപ്പൻ ഇന്നിംഗ്സ് കാഴ്ചവെച്ച് സഞ്ജു സാംസൺ. ടൂർണമെന്റിലെ ആദ്യ മത്സരങ്ങളിൽ ബാറ്റിംഗിൽ പരാജയമായി മാറിയ സഞ്ജു സാംസൺ ചണ്ഡിഗർഹിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കുകയായിരുന്നു. മത്സരത്തിൽ നാലാമനായി ക്രീസിലെത്തിയ സഞ്ജു 32 പന്തുകൾ നേരിട്ട് 52 റൺസാണ് നേടിയത്.
ചണ്ഡീഗർഹ് ടീമിനെ പൂർണമായും അടിച്ചുതുരത്തിയാണ് സഞ്ജു മികച്ച പ്രകടനം കാഴ്ചവച്ചത്. സഞ്ജുവിന്റെ ഈ മികച്ച ഇന്നിങ്സിന്റെ ബലത്തിൽ മത്സരത്തിൽ വമ്പൻ സ്കോറിൽ എത്താൻ കേരളത്തിന് സാധിച്ചിട്ടുണ്ട്.മത്സരത്തിൽ ടോസ് നേടിയ കേരളം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കേരളത്തിനായി മുൻനിരയിലുള്ള മുഴുവൻ ബാറ്റർമാരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഓപ്പണർ രോഹൻ കുന്നുമ്മലും വരുൺ നായനാരും കേരളത്തിന് മികച്ച തുടക്കം നൽകി.
രോഹൻ 30 റൺസും വരുൺ 47 റൺസുമാണ് മത്സരത്തിൽ നേടിയത്. വിഷ്ണു വിനോദ് മത്സരത്തിലും തന്റെ ഫോം ആവർത്തിച്ചു. 23 പന്തുകളിൽ 42 റൺസ് ആയിരുന്നു വിഷ്ണു സ്വന്തമാക്കിയത്. പിന്നീടാണ് സഞ്ജു സാംസൺ ക്രിസിലെത്തിയത്. നേരിട്ട ആദ്യ ബോള് മുതൽ വളരെ പക്വതയോടെയാണ് സഞ്ജു സാംസൺ കളിച്ചത്. ആദ്യ സമയങ്ങളിൽ മെല്ലെ തുടങ്ങിയ സഞ്ജു പിന്നീട് ഇന്നിംഗ്സിൽ കത്തി കയറുകയായിരുന്നു.
മത്സരത്തിൽ 32 പന്തുകളിൽ നിന്നാണ് സഞ്ജു സാംസൺ 52 റൺസ് നേടിയത്. 4 ബൗണ്ടറികളും മൂന്ന് സിക്സറുകളും സഞ്ജുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. 162 സ്ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ ഈ തകർപ്പൻ ഇന്നിംഗ്സ് പിറന്നത്. മുൻനിര ബാറ്റർമാരുടെ ഈ മികച്ച പ്രകടനത്തിന്റെ ബലത്തിൽ നിശ്ചിത 20 ഓവറുകളിൽ ചണ്ഡിഗർഹിനെതിരെ 193 റൺസ് സ്വന്തമാക്കാൻ കേരള ടീമിന് സാധിച്ചിട്ടുണ്ട്. ആദ്യം 3 മത്സരങ്ങളിലും വിജയം നേടിയ കേരളത്തിനെ സംബന്ധിച്ച് നാലാമതൊരു വിജയം സ്വന്തമാക്കാനുള്ള സുവർണാവസരമാണ് മത്സരത്തിൽ വന്നു ചേർന്നിരിക്കുന്നത്.