110 മീറ്റർ സിക്‌സറും പുതിയ നാഴികക്കല്ലും പിന്നിട്ട് സഞ്ജു സാംസൺ | Sanju Samson

ഇന്ത്യ – സിംബാബ്‌വെ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ വിക്കറ്റ് കീപ്പർ സഞ്ജു സാംസന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. ടീമിന് ഏറ്റവും നിർണായകമായ അവസരത്തിൽ, അതിനൊത്ത് ഉയർന്നുകൊണ്ടുള്ള പ്രകടനമാണ് വൈസ് ക്യാപ്റ്റൻ കൂടിയായ സഞ്ജു സാംസൺ പുറത്തെടുത്തത്.

പവർപ്ലേയിൽ തന്നെ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടപ്പോൾ തെല്ലും പരിഭ്രാന്തിപ്പെടാതെ വളരെ പക്വതയോടു കൂടിയാണ് സഞ്ജു ബാറ്റ് വീശിയത്. മെല്ലെ തുടങ്ങിയ സഞ്ജു, ക്രീസിൽ നിലയുറപ്പിച്ചതിനുശേഷം ബാറ്റ് ആഞ്ഞുവീശുകയായിരുന്നു. സിംബാബ്‌വെ ക്യാപ്റ്റൻ സിക്കന്ദർ റാസ എറിഞ്ഞ ഇന്നിങ്സിന്റെ 9-ാം ഓവറിലാണ് സഞ്ജു ഇന്നിങ്സിലെ തന്റെ ആദ്യ സിക്സ് പറത്തിയത്. ശേഷം, ബ്രാൻഡൺ മാവുതാ എറിഞ്ഞ 11-ാം ഓവറിൽ തുടരെ തുടരെ രണ്ട് സിക്സറുകൾ കൂടി സഞ്ജു പായിച്ചു.

ഈ ഓവറിൽ മൂന്നാം ബോളിൽ സഞ്ജു പറത്തിയ സിക്സ് സ്റ്റേഡിയത്തിന്റെ റൂഫിൽ ചെന്നാണ് പതിച്ചത്. 110 മീറ്റർ ആയിരുന്നു സഞ്ജുവിന്റെ സിക്സ് ഡിസ്റ്റൻസ്. ഈ സിക്സർ പറത്തിയതോടെ ടി20 ക്രിക്കറ്റിൽ സഞ്ജു സാംസൺ 300 സിക്സറുകൾ പൂർത്തിയാക്കി. സഞ്ജു സാംസന്റെ കരിയറിലെ തിളക്കമുള്ള ഒരു നാഴികക്കല്ല് തന്നെയാണ് ഇത്. പിന്നീട്, ന്ഗാർവ എറിഞ്ഞ 15-ാം ഓവറിലും സഞ്ജു ഒരു സിക്സർ പറത്തി. മത്സരത്തിന്റെ ഒരു വേളയിൽ 25 പന്തിൽ 21 റൺസ് എടുത്ത് നിന്നിരുന്ന സഞ്ജു,

39 പന്തിൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. ഒടുവിൽ മുസറബാനി എറിഞ്ഞ ഇന്നിങ്സിന്റെ 18-ാം ഓവറിൽ, സഞ്ജുവിനെ ഡീപ് മിഡ്‌ വിക്കറ്റിൽ മറുമാനി കൈപ്പിടിയിൽ ഒതുക്കി. 45 പന്തിൽ 128.89 സ്ട്രൈക്ക് റേറ്റിൽ, ഒരു ഫോറും 4 സിക്സറുകളും സഹിതം 58 റൺസ് എടുത്ത് സഞ്ജു ഇന്ത്യൻ ടീമിന്റെ ഹീറോ ആയി. മത്സരത്തിൽ സിംബാബ്‌വെക്കെതിരെ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് ആണ് ഇന്ത്യ നേടിയത്.

3.5/5 - (4 votes)