‘സഞ്ജു സാംസണും അർഷ്ദീപ് സിംഗും നേടിക്കൊടുത്ത വിജയം’ : സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ | SA vs IND

പാർലിലെ ബൊലാണ്ട് പാർക്കിൽ നടന്ന ഏകദിന പരമ്പര നിർണ്ണായക മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പരയും നേടിയിരിക്കുകയാണ്.മൂന്നാം ഏകദിനത്തില്‍ ഇന്ത്യ 78 റണ്‍സിന്റെ വിജയം സ്വന്തമാക്കി 2-1നാണ് ഇന്ത്യ പരമ്പര നേടിയത്.സഞ്ജു സാംസണിന്റെ സെഞ്ചുറിയും അർഷ്ദീപ് സിങ്ങിന്റെ മിന്നുന്ന ബൗളിങ്ങുമാണ് ഇന്ത്യക്ക് പരമ്പര നേടിക്കൊടുത്തത്.

മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയുടെ മറുപടി 218 റണ്‍സില്‍ ഒതുങ്ങി. ഒമ്പതോവറിൽ 30 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിങ്ങാണ് ദക്ഷിണാഫ്രിക്കയെ തകർത്ത്. സഞ്ജു സാംസൺ 114 പന്തിൽ 108 റൺസെടുത്തു. 110 പന്തുകളിൽ നിന്നായിരുന്നു താരം സെഞ്ചുറി തികച്ചത്. മൂന്ന് സിക്സും ആറ് ബൗണ്ടറിയും ഉൾപ്പെട്ടതാണ് ഇന്നിങ്സ്. സഞ്ജുവിന്‍റെ ആദ്യ ഏകദിന സെഞ്ചുറി കൂടിയായിരുന്നു ഇത്. സൗത്ത് ആഫ്രിക്കയിൽ 50 ഓവർ ഫോർമാറ്റിൽ ഒരു ഉഭയകക്ഷി പരമ്പരയിൽ രണ്ടാം തവണയാണ് ഏഷ്യൻ ടീം വിജയിക്കുന്നത്.

2018 ൽ വിരാട് കോഹ്‌ലിക്ക് ശേഷം ദക്ഷിണാഫ്രിക്കയിൽ ഉഭയകക്ഷി ഏകദിന പരമ്പര വിജയത്തിലേക്ക് ഇന്ത്യയെ നയിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ക്യാപ്റ്റനായി കെ എൽ രാഹുൽ. 2022ലെ ഇന്ത്യയുടെ അവസാന ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ ഏകദിന ക്യാപ്റ്റനെന്ന നിലയിൽ തന്റെ കന്നി അസൈൻമെന്റിൽ രാഹുൽ തന്നെ 3-0ന് തോൽവി ഏറ്റുവാങ്ങിയിരുന്നു.2018 ൽ വിരാട് കോഹ്‌ലി ക്യാപ്ടനായിരിക്കുമ്പോൾ 5-1 ന് ഏകദിന പരമ്പരയിൽ ഇന്ത്യ വിജയം നേടിയിരുന്നു.

297 റൺസ് വിജയ് ലക്ഷ്യവുമായി ഇറങ്ങിയ സൗത്ത് ആഫ്രിക്കക്ക് വേണ്ടി ബാറ്റിംഗില്‍ ടോണി സോര്‍സി ഇത്തവണയും ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തി. പക്ഷേ 81 റണ്‍സെടുത്ത സോര്‍സിക്കുമപ്പുറം മറ്റാരും ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയില്ല. 36 റണ്‍സെടുത്ത് എയ്ഡാന്‍ മാക്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ രണ്ടാമത്തെ ടോപ് സ്‌കോറര്‍.മികച്ച തുടക്കമായിരുന്നു ദക്ഷിഫ്രിക്കയുടേത്. എന്നാൽ റീസ ഹെന്‍ഡ്രിക്‌സിനെ അർശ്ദീപ് പുറത്താക്കിയതോടെ പിന്നെ വന്നവരാരും തിളങ്ങിയില്ല. റീസ ഹെന്‍ഡ്രിക്‌സും (19) – ടോണിയും ദക്ഷിണാഫ്രിക്കയ്ക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 59 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ സെഞ്ചുറിയുമായി സഞ്ജു സാംസണാണ് ഇന്ത്യന്‍ ബാറ്റിംഗിന്റെ നട്ടെല്ലായത്. 114 പന്തില്‍ ആറ് ഫോറും മൂന്ന് സിക്സും സഹിതം 108 റൺസാണ് സഞ്ജു നേടിയത്. പതിവില്‍ നിന്ന് വ്യത്യസ്തനായി മൂന്നാം നമ്പറിലാണ് സഞ്ജു ക്രീസിലെത്തിയത്. 101ന് മൂന്ന് എന്ന് ഇന്ത്യ തകര്‍ന്നപ്പോള്‍ സഞ്ജുവും തിലക് വര്‍മ്മയും ഒന്നിക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ തിലക് വര്‍മ്മയ്ക്കൊപ്പം 116 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്താന്‍ സഞ്ജുവിന് സാധിച്ചു. 77 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും സഹിതം തിലക് 52 റണ്‍സെടുത്തു. ഒപ്പം റിങ്കു സിംഗ് നേടിയ 38 റണ്‍സ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചു. അരങ്ങേറ്റ ഏകദിനം കളിക്കുന്ന രജത് പട്ടിദാര്‍ 16 പന്തില്‍ 22 റണ്‍സെടുത്തു.

5/5 - (1 vote)