❝ഇന്ത്യൻ തോറ്റത് അയാൾ കാരണമോ 😱സഞ്ജുവിനെ എന്തിന് ഇങ്ങനെ പരിഹസിക്കുന്നു❞

സുരേഷ് വാരിയത്ത് എഴുതുന്നത്

1996 ലെ ടൈറ്റൻ കപ്പ് ഇന്ത്യ സച്ചിനൊപ്പം ഒരു ഓപ്പണറെത്തേടിയലയുന്ന കാലത്ത്, കർണാടകത്തിനായി ഡൊമസ്റ്റിക്കിൽ ടൺ കണക്കിന് റണ്ണടിച്ചു കൂട്ടിയിരുന്ന അവരുടെ എക്കാലത്തെയും മികച്ച ഓപ്പണർമാരിലൊരാളായ സുജിത് സോമസുന്ദറിന് ഒരവസരം ലഭിച്ചു. അന്ന് ലോകക്രിക്കറ്റിൽ ഓസ്ട്രേലിയയുടെയും ദക്ഷിണാഫ്രിക്കയുടെയും തീ പാറുന്ന പേസ് നിരക്കെതിരെ തന്നെക്കൊണ്ട് കഴിയുന്ന പോലെ സചിനും ദ്രാവിഡിന്നും പിന്തുണ നൽകി അറുപതിലേറെ പന്തുകൾ കളിച്ച് പതിനാറു റൺസ് നേടിയ ആ കരിയർ അവിടെ രണ്ടു മത്സരത്തോടെ അവസാനിച്ചു. സുജിത്തിനെക്കുറിച്ച് ചോദിച്ച മാധ്യമങ്ങളോട് അന്നത്തെ കോച്ച് മദൻലാൽ പറഞ്ഞത് ഇതായിരുന്നു.. – “അന്താരാഷ്ട്ര രംഗത്ത് പ്രൂവ് ചെയ്യാൻ 10-15 അവസരങ്ങളൊന്നും ഒരാൾക്കും കിട്ടിയെന്ന് വരില്ല. ഇഷ്ടം പോലെ പേർ ഒരവസരത്തിനായി ഒരുവേള കാത്തു നിൽക്കുന്നുണ്ട് “…… സുജിത് പിന്നീട് പ്രമുഖ കളിക്കാരനായും കോച്ചായും കേരളത്തിലേക്ക് വന്നു.

ഒരു ആഴ്ച മുമ്പ് തന്റെ ഏകദിന അരങ്ങേറ്റത്തിൽ സഞ്ജു 46 റൺസ് നേടിയപ്പോൾ അഭിനന്ദിച്ച, ഒരു വളരെ സാധാരണ ക്രിക്കറ്റ് പ്രേമിയുടെ അതേ മനസ്സുമായിത്തന്നെ പറയട്ടേ,അന്ന് സുജിത്തിൻ്റെ കാലത്തിൽ നിന്ന് വ്യത്യസ്തമായി എണ്ണിയാലൊടുങ്ങാത്ത പ്രതിഭകൾ ഒരവസരത്തിന് കാത്തു നിൽക്കുന്ന ഇന്ത്യയിൽ തനിക്ക് കിട്ടിയ അതീവ മൂല്യമേറിയ പത്ത് ടി :ട്വന്റി ക്രിക്കറ്റ്‌ മത്സരങ്ങളിൽ നിന്ന് ഇനിയും എന്തേലും പഠിച്ചില്ലെങ്കിൽ അതിനെ “നിർഭാഗ്യം” എന്നോ “ലോബിയിങ്ങ് ” എന്നോ ന്യായീകരിക്കുന്നതിന് യാതൊരു അർത്ഥവുമില്ല. സഞ്ജുവടക്കം ഇന്ത്യക്ക് കളിക്കുന്ന, കളിച്ച എല്ലാവരും കഠിനാധ്വാനവും അർപ്പണ മനോഭാവവും കൂടെ ഭാഗ്യവും ചേർന്നാണ് ടീം ഇന്ത്യയുടെ നീലത്തൊപ്പി അണിയുന്നത്.

പ്രതിഭക്ക് യാതൊരു കുറവുമില്ലാത്ത സഞ്ജുവിന് ലഭിച്ചത്രയും അവസരങ്ങൾ ഒരുവീലം വേറാർക്കെങ്കിലും അടുത്ത കാലത്ത് ലഭിച്ചോ എന്നതും നമ്മൾ ക്രിക്കറ്റ്‌ ആരാധകർക്ക് തന്നെ വിശദമായി പരിശോധിക്കാവുന്നതാണ്. ഈ സീരീസിൽ ഏകദിനത്തിലും ട്വൻറി ട്വൻറിയിലും ആദ്യം ബാറ്റിങ്ങിനിറങ്ങി, കളിക്കാൻ ഇഷ്ടം പോലെ പന്തുകൾ ബാക്കി വച്ച് ഹസരങ്കയെപ്പോലെ ഒരാളുടെ മുന്നിൽ (മുമ്പും) തുടർച്ചയായി പന്ത് റീഡ് ചെയ്യാൻ കഴിയാതെ മടങ്ങേണ്ടി വരുന്നത് തിരുത്താനുള്ള ശ്രമങ്ങളൊന്നും സഞ്ജുവിൻ്റെ ഭാഗത്ത് നിന്ന് കണ്ടില്ല. രണ്ടു മത്സരങ്ങളിൽ വിശ്വസിച്ചേൽപ്പിച്ച കീപ്പറുടെ ഗ്ലൗവിലും സഞ്ജുവിൻ്റെ യഥാർത്ഥ നിലവാരത്തിലും താഴ്ന്ന പ്രകടനമായിരുന്നു.

ഐപിൽ ഒരു പരിധി വരെ ഇന്ത്യൻ ടീമിൽ കയറാനുള്ള ചവിട്ടുപടിയാണ്.പക്ഷേ റോയൽസിനു വേണ്ടി അയാൾ തന്റെ എല്ലാ മികവോടെ കളിച്ചിട്ടുമുണ്ട്. നിരവധി അഭിനന്ദനങ്ങൾ ലഭിച്ചിട്ടുമുണ്ട്. പക്ഷേ, ക്യാപ്റ്റനെന്ന നിലയിൽ സീസണിലെ എല്ലാ മത്സരങ്ങളിലും സഞ്ജുവെന്ന ബാറ്റ്സ്മാന് പ്ലെയിങ് ഇലവനിൽ വളരെ മികച്ച അവസരം ഉറപ്പാണെന്നിരിക്കേ, സമ്മർദ്ദങ്ങൾക്കടിമപ്പെടാതെ സഞ്ജുവിന് കളിക്കാനായേക്കും. അന്താരാഷ്ട്ര ക്രിക്കറ്റ്‌ രംഗത്ത് ഇനിയും അവസരം ലഭിക്കുന്നതിന് കഴിവിനൊപ്പം ഒരു പക്ഷേ “ഭാഗ്യം” “വിധി” എന്നീ ഘടകങ്ങൾ കൂടി വേണ്ടി വന്നേക്കാം. മികച്ചൊരു തിരിച്ചു വരവിന് നമ്മുടെ പ്രിയതാരത്തിന് കഴിയട്ടെ…എല്ലാവരുടെയും പ്രാർത്ഥനയും അതാണ്‌.