‘സൂര്യകുമാർ അല്ല, സഞ്ജു സാംസണായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റൻ ആവേണ്ടിയിരുന്നത്’ : ശശി തരൂർ | Sanju Samson

ഓസ്ട്രേലിയയ്‌ക്കെതിരെ ഈ മാസം 23ന് ആരംഭിക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 2023ലെ ഐസിസി ലോകകപ്പ് സമയത്ത് സീനിയർ താരങ്ങളുടെ ജോലിഭാരം കണക്കിലെടുത്ത് ദേശീയ സെലക്ടർമാർ വിശ്രമം അനുവദിച്ചു. എന്നാൽ മലയാളി താരം സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിച്ചില്ല,ഇഷാൻ കിഷനും ജിതേഷ് ശർമയുമാണ് വിക്കറ്റ് കീപ്പർമാർ.

സൂര്യകുമാർ യാദവാണ് ടീമിനെ നയിക്കുക,ആദ്യ മൂന്ന് മത്സരങ്ങളിൽ ഋതുരാജ് ഗെയ്ക്‌വാദ് ഉപനായകനാവും. അവസാന രണ്ട് മത്സരങ്ങളിൽ ടീമിൽ തിരിച്ചെത്തുന്ന ശ്രേയസ് അയ്യർ വൈസ് ക്യാപ്റ്റനാകും.തിലക് വർമ്മ, റിങ്കു സിംഗ്, ജിതേഷ് ശർമ്മ എന്നിവർ ടീമിൽ ഇടം നേടി.സഞ്ജു സാംസണിനെ തഴഞ്ഞതിനെതിരേ ആഞ്ഞടിച്ചു രംഗത്തു വന്നിരിക്കുയാണ് എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍. വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസണാണ് ഇന്ത്യയെ നയിക്കേണ്ടതായിരുന്നുവെന്ന് തരൂർ പറഞ്ഞു.യുസ്വേന്ദ്ര ചാഹലിന്റെ അസാന്നിധ്യവും തരൂർ എടുത്തുപറഞ്ഞു.

“ഇതു ശരിക്കും വിവരണാതീതമാണ്. സഞ്ജു സാംസണിനെ ടീമിലേക്കു തിരഞ്ഞെടുക്കുക മാത്രമായിരുന്നില്ല വേണ്ടിയിരുന്നത്, മുഴുവന്‍ സീനിയര്‍ താരങ്ങളുടെയും അഭാവത്തില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുകയും ചെയ്യേണ്ടിയിരുന്നു. കേരള ടീമിനൊപ്പവും രാജസ്ഥാന്‍ റോയല്‍സ് ടീമിനൊപ്പവും ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജുവിന്റെ അനുഭവസമ്പത്ത് സൂര്യയേക്കാള്‍ കൂടുതലാണ്.ക്രിക്കറ്റ് പ്രേമികളായ പൊതുജനങ്ങളോട് ഇതിന്റെ കാരണം നമ്മുടെ സെലക്ടര്‍മാര്‍ വിശദീകരിക്കേണ്ടത് ആവശ്യമാണ്. പിന്നെ എന്തുകൊണ്ട് ചാഹൽ ടീമിലില്ലാത്തത്? ” തരൂർ പറഞ്ഞു.

ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), റുതുരാജ് ഗെയ്‌ക്‌വാദ് (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ, റിങ്കു സിംഗ്, ജിതേഷ് ശർമ്മ (WK), വാഷിംഗ്ടൺ സുന്ദർ, അക്‌സർ പട്ടേൽ, ശിവം ദുബെ, രവി ബിഷ്‌ണോയ്, അർഷ്‌ദീപ് സിംഗ്, പ്രസിദ് കൃഷ്ണ, ആവേശ് ഖാൻ, മുകേഷ് കുമാർ

Rate this post