ഗൗതം ഗംഭീറിന് കീഴിൽ സഞ്ജു സാംസണിന് ഇന്ത്യയുടെ പുതിയ നമ്പർ 3 ആകാൻ കഴിയുമോ? | Sanju Samson
സിംബാബ്വെക്കെതിരെയുള്ള അവസാന ടി20 യിൽ മാച്ച് കളിച്ച സഞ്ജു സാംസൺ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. ഇന്ത്യൻ ടീമിൽ വിരാട് കോഹ്ലിയുടെ മൂന്നാം നമ്പറിൽ കളിക്കാൻ താൻ എന്ത്കൊണ്ടും യോഗ്യനാണെന്ന് സഞ്ജു തെളിയിച്ചിരിക്കുകയാണ്.പുതിയ പരിശീലകൻ ഗൗതം ഗംഭീർ എത്തുന്നതോടെ ഇന്ത്യൻ ടീമിൽ സഞ്ജു സാംസണിൻ്റെ ഭാവി സുരക്ഷിതമായിരിക്കും എന്നാണ് തോന്നുന്നത്.
ടി20 ലോകകപ്പിലുടനീളം ബെഞ്ചിൽ ഇരുന്ന താരം IND vs ZIM പരമ്പരയിൽ തൻ്റെ കഴിവ് തെളിയിക്കാനുള്ള അവസരങ്ങളൊന്നും കേരള ബാറ്റർ പാഴാക്കിയില്ല. സിംബാബ്വെക്കെതിരെയുള്ള ഇന്നിങ്സിന് ശേഷം ടി20 യിൽ നിന്നും വിരമിക്കുന്ന വിരാട് കോലിയുടെ സ്ഥാനത്തിന് ഏറ്റവും അനുയോജ്യൻ സഞ്ജുവാണെന്നു പലരും കരുതുന്നുണ്ട്.അവസരങ്ങൾ പാഴാക്കിയതിന് കഴിഞ്ഞ വർഷങ്ങളിൽ സാംസൺ കടുത്ത വിമർശനം നേരിട്ടിരുന്നു. ഐപിഎൽ എഡിഷനുകളിൽ മികവ് പുലർത്താറുണ്ടെങ്കിലും ഇന്ത്യൻ നിറങ്ങളിൽ അത് ആവർത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.
അത്കൊണ്ട് തന്നെ ബെഞ്ചിലായിരുന്നു കേരള താരത്തിന്റെ സ്ഥിര സ്ഥാനം.ഗംഭീർ ചുമതലയേറ്റതോടെ കീപ്പർ-ബാറ്ററിന് ഇത് മാറിയേക്കുമെന്ന് തോന്നുന്നു.“അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചതിൻ്റെ അനുഭവം നിങ്ങൾക്കുണ്ട്. നിങ്ങൾ ഇനി കാത്തിരിക്കേണ്ട ഒരു തുടക്കക്കാരനല്ല. നിങ്ങൾ അന്താരാഷ്ട്ര ക്രിക്കറ്റ് ആസ്വദിച്ചു, ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തി, ഇപ്പോൾ നിങ്ങൾക്ക് ലോകകപ്പ് കളിക്കാനുള്ള അവസരമുണ്ട്. അതിനാൽ, ഈ ഘട്ടത്തിൽ തൻ്റെ കഴിവ് എന്താണെന്ന് സഞ്ജു ലോകത്തിന് കാണിച്ചുകൊടുക്കുമെന്ന് പ്രതീക്ഷിക്കാം, ”ഗംഭീർ ടി 20 ലോകകപ്പിന് മുന്നേ പറഞ്ഞു.
സിംബാബ്വെക്കെതിരെയുള്ള പ്രകടനത്തിലൂടെ സാംസൺ തിരിച്ചെത്തിയിരിക്കുകയാണ്. റാസയ്ക്കും കൂട്ടർക്കും എതിരെയുള്ള മൂന്ന് മത്സരങ്ങളിൽ, സാംസണിൻ്റെ പേരിൽ 70 റൺസ് ഉണ്ട്, ടോപ്പ്-ഓർഡർ പതറിയപ്പോൾ അവസാന T20I-യിൽ അദ്ദേഹത്തിൻ്റെ ഏറ്റവും നിർണായകമായ ഇന്നിംഗ്സ് കളിച്ചു.ട്വൻ്റി-20, ഏകദിനങ്ങൾ എന്നിവയ്ക്കായി ഗംഭീറിന് പ്രത്യേക ടീമുകൾ വേണമെന്ന് റിപ്പോർട്ടുകൾ വന്നതോടെ, സാംസണിനുള്ള അവസരങ്ങളും വർദ്ധിച്ചേക്കാം. സ്വാഭാവികമായും, വരാനിരിക്കുന്ന പരമ്പരയിൽ സെലക്ടർമാരെയും കോച്ചിനെയും എങ്ങനെ ആകർഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നതിനെ ആശ്രയിച്ചിരിക്കും ഇത്. കളിയുടെ എല്ലാ ഫോർമാറ്റുകളിലും പരിചയസമ്പന്നനായ ഋഷഭ് പന്തിൽ നിന്ന് അദ്ദേഹം കടുത്ത മത്സരമാണ് നേരിടുന്നത്.