‘ഇന്ത്യൻ ടീം സ്വയം കുഴിയെടുക്കുകയാണ്, ഇപ്പോൾ അതിൽ വീഴാനുള്ള സമയമായി ‘ : സഞ്ജുവിനെ ഏഷ്യ കപ്പ് ടീമിൽ ഉൾപ്പെടുത്താത്തതിനെതിരെ ആകാശ് ചോപ്ര
കെ എൽ രാഹുലിന്റെ ബാക്കപ്പായി സഞ്ജു സാംസണെ തങ്ങളുടെ പ്രധാന ഏഷ്യാ കപ്പ് ടീമിൽ ഉൾപ്പെടുത്താതെ ടീം ഇന്ത്യ സ്വയം പ്രശ്നത്തിലാകുകയാണു ചെയ്തിരിക്കുന്നതെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇന്ന് പല്ലേക്കലെയിൽ നടക്കുന്ന ഏഷ്യ കപ്പ് മത്സരത്തിൽ ഇന്ത്യ പാകിസ്താനെ നേരിടാൻ ഒരുങ്ങുകയാണ്.
സാംസൺ 17 അംഗ ഇന്ത്യൻ ടീമിന്റെ ഭാഗമല്ല, കൂടാതെ ഒരു ട്രാവലിംഗ് റിസർവായി മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.പരിക്ക് മൂലം ടൂർണമെന്റിലെ ആദ്യ രണ്ടു മത്സരങ്ങളിൽ രാഹുൽ കളിക്കില്ല.രാഹുലിന്റെ പകരക്കാരനായി കളിക്കണമെങ്കിൽ സഞ്ജുവിനു നിലവിലെ അവസ്ഥയിൽ സാധിക്കില്ല. രാഹുൽ പൂർണമായും ടൂർണമെന്റിൽ നിന്നു പുറത്തായാൽ മാത്രമേ സഞ്ജുവിനു അവസരം കിട്ടു. സഞ്ജുവിനെ റിസർവ് താരമായി ടീമിലെടുത്ത ഇന്ത്യൻ നടപടി സ്വയം കുഴിച്ച കുഴിയിൽ വീഴുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നതെന്നു ആകാശ് ചോപ്ര പറയുന്നു.
‘രാഹുലിനെ മധ്യനിര ബാറ്ററായി കളിപ്പിക്കാനാണ് ഉദ്ദേശിച്ചതെങ്കിൽ നിങ്ങൾ സഞ്ജുവിനെ ടീമിലെടുക്കണമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഒരു ആശയക്കുഴപ്പം വരില്ലായിരുന്നു. ഇപ്പോൾ കീപ്പർമാരിൽ ഒരാൾ മധ്യനിര ബാറ്ററും മറ്റൊരാൾ ഓപ്പണറുമാണ്. സ്വയം എടുത്ത കുഴിയാണ്. വലിയ താമസമില്ലാതെ അതിൽ വീഴും. അതാണ് സംഭവിക്കാൻ പോകുന്നത്’ ചോപ്ര പറഞ്ഞു.
“നിങ്ങൾ തിലക് വർമ്മയെയും സൂര്യകുമാർ യാദവിനെയും ടീമിൽ തിരഞ്ഞെടുത്തു. ശ്രേയസ് അയ്യരുടെ ഫോമിനെക്കുറിച്ച് നിങ്ങൾക്ക് ഒരു ധാരണയുമില്ല, കെ എൽ രാഹുൽ ഏത് ഫോമിൽ വരുമെന്ന് നിങ്ങൾക്കറിയില്ല. അതിനാൽ ഒരാൾക്കെങ്കിലും അവസരം നൽകണമെന്ന് ആഗ്രഹിക്കുന്നു. തിലക് വർമ്മ അല്ലെങ്കിൽ സൂര്യകുമാർ യാദവ്” ചോപ്ര പറഞ്ഞു.
‘തിലക് വർമ്മ ഇതുവരെ ഒരു ഏകദിനം പോലും കളിച്ചിട്ടില്ല. സൂര്യകുമാർ യാദവ് കുറച്ച് ഏകദിനങ്ങൾ കളിച്ചിട്ടുണ്ട്, പക്ഷേ അവയിൽ ഒന്നും ചെയ്തിട്ടില്ല.. മോശം പ്രകടനമായിരുന്നു താരത്തിന്റേത്. പാകിസ്ഥാനെതിരായ പോരാട്ടം കടുപ്പമേറിയതായിരിക്കും. ഇതാണു നിങ്ങൾക്കു മുന്നിലുള്ള അവസരം. ചെയ്യാനുള്ളതെല്ലാം അവിടെ ചെയ്തിരിക്കണം’ ചോപ്ര കൂട്ടിച്ചേർത്തു.