യൂറോ കപ്പിലും കോപ്പ അമേരിക്കയിലും കടുത്ത ഗോൾ വരൾച്ച | Copa America 2024| Euro Cup 2024

യൂറോ കപ്പും കോപ്പ അമേരിക്കയും അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇനി സെമി ഫൈനൽ മത്സരങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. യൂറോ കപ്പിൽ മൂന്നു മത്സരങ്ങൾ മാത്രം അവശേഷിക്കെ ഗോളുകൾ നേടുന്നതിൽ വലിയ ഇടിവാണ് ഉണ്ടായിട്ടുള്ളത്.48 മത്സരങ്ങൾ പൂർത്തിയാക്കിയ ടൂർണമെന്റിൽ ഇതുവരെ പിറന്നത് 108 ഗോളുകൾ മാത്രമാണ്.

ഇതിൽ തന്നെ പത്തെണ്ണം സെൽഫ് ഗോളുകളും. 11 ഗോളുകൾ വീതം നേടിയ സ്​പെയിനും ജർമനിയുമാണ് ഗോൾവേട്ടയിൽ മുന്നിൽ.മൂന്ന് ഗോൾവീതം നേടിയ നെതർലൻഡ്സിന്‍റെ കോഡി ഗാപ്കോ, ജർമ്മനിയുടെ ജമാൽ മുസ്യാല, സ്ലോവാക്യയുടെ ഇവാൻ സാഞ്ചസ്, ജോർജിയയുടെ ജോർജസ് മികൗറ്റാഡ്സെ എന്നിവരാണ് ടോപ് സ്കോറർമാരിൽ മുന്നിൽ.കഴിഞ്ഞ യൂറോയില്‍ ആകെയുള്ള 51 മത്സരങ്ങളില്‍ നിന്നും 142 ഗോളുകളാണ് സ്കോര്‍ ചെയ്യപ്പെട്ടത്.

മൂന്ന് മത്സരം മാത്രം ശേഷിക്കെ ഇത്തവണ ഈ കണക്കില്‍ 34 ഗോളുകളുടെ കുറവാണുള്ളത്. കഴിഞ്ഞ യൂറോയില്‍ 2.79 ആയിരുന്നു ഓരോ മത്സരത്തിലെയും ഗോള്‍ ശരാശരി. എന്നാല്‍, ഇപ്രാവശ്യം 2.25 ശതമാനം മാത്രമാണ് ഗോള്‍ ശരാശരി. ഫ്രാന്‍സിന് ഇതുവരെ ഓപൺ പ്ലേയിൽ ഗോൾ നേടാനേ കഴിഞ്ഞിട്ടില്ല. അവര്‍ നേടിയ മൂന്ന് ഗോളുകളില്‍ രണ്ടെണ്ണം എതിരാളികൾ സമ്മാനിച്ച സെല്‍ഫ് ഗോളുകളും ഒന്ന് പെനാല്‍റ്റിയുമായിരുന്നു. എന്നാൽ, ഒരു ഗോൾ മാത്രമാണ് ഫ്രാൻസ് ഇതുവരെ വഴങ്ങിയത്.

ഇംഗ്ലണ്ട് ഇതുവരെ അടിച്ചത് അഞ്ച് ഗോളുകള്‍ മാത്രമാണ്. ഇതിൽ തന്നെ ഒന്ന് പെനാൽറ്റിയിൽനിന്നാണ്. കോപയില്‍ ശരാശരി 2.21 ഗോളുകള്‍ മാത്രമാണ് ഇതുവരെ പിറന്നത്. കോപയിലെ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ നാലില്‍ മൂന്നിലും വിജയികളെ കണ്ടെത്തിയത് ഷൂട്ടൗട്ടിലായിരുന്നു. നാലു ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ പനാമക്കെതിരെ കൊളംബിയ 5-0ന്‍റെ നേടിയ ജയമൊഴിച്ചാല്‍ മൂന്ന് മത്സരങ്ങളില്‍ ആകെ പിറന്നത് നാലു ഗോളുകള്‍ മാത്രവും.

Rate this post