അബദ്ധത്തിൽ ലേലത്തിൽ എടുത്ത താരം പഞ്ചാബ് കിങ്സിന്റെ ഹീറോയായി മാറിയപ്പോൾ : ശശാങ്ക് സിങ് | IPL2024 | Shashank Singh

ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ ത്രില്ലര്‍ പോരാട്ടത്തില്‍ അവസാന ഓവറിലാണ് പഞ്ചാബ് കിങ്‌സ് ജയം പിടിച്ചെടുത്തത്.അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗുജറാത്ത് ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് ഒരു പന്തും മൂന്ന് വിക്കറ്റും ശേഷിക്കെയാണ് മറികടന്നത്. യുവതാരങ്ങളായ ശശാങ്ക് സിങ്, അഷുതോഷ് ശര്‍മ എന്നിവരുടെ തകര്‍പ്പൻ ബാറ്റിങ് പ്രകടനമാണ് പഞ്ചാബിന് സീസണിലെ രണ്ടാം ജയം സമ്മാനിച്ചത്.

വിജയത്തോടെ നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവുമായി പഞ്ചാബ് പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയർന്നു.ഒരു ഘട്ടത്തിൽ തോൽവിയെ മുന്നിൽ കണ്ടിടത്തു നിന്നുമാണ് പഞ്ചാബിന്റെ തിരിച്ചുവരവ്. വിജയത്തിന് കാരണക്കാരനായത് ശശാങ്ക് സിംഗ് എന്ന 32 കാരനാണ്.മധ്യ ഓവറുകളിൽ തുടർച്ചയായി വിക്കറ്റുകൾ വീണതിന് ശേഷം പവർ ഹിറ്റിംഗിലൂടെ തൻ്റെ ടീമിൻ്റെ ഇന്നിംഗ്‌സ് പുനരുജ്ജീവിപ്പിക്കാൻ ശശാങ്ക് സിംഗ് ഒറ്റയ്ക്ക് ബാറ്റിംഗിൻ്റെ അസാധാരണ പ്രകടനവുമായി എത്തി.29 പന്തിൽ 61 റൺസോടെ പുറത്താകാതെ നിന്ന അദ്ദേഹം പഞ്ചാബിന് വിജയം നേടികൊടുത്തു.

അവസാന മൂന്ന് ഓവറുകളിൽ ശശാങ്കിനൊപ്പം അശുതോഷ് ശർമ്മയും ചേർന്ന് പഞ്ചാബിനെ വിജയ സ്ഥാനത്തേക്ക് നയിച്ചു.2023 ഡിസംബറിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 2024 പതിപ്പിനായുള്ള ലേലത്തിൻ്റെ അവസാനം, ഒരു കളിക്കാരൻ്റെ പേരിൽ ആശയക്കുഴപ്പത്തിലാകുകയും ശശാങ്ക് സിങ്ങിനെ ആളുമാറി ലേലത്തില്‍ വിളിച്ചതിനു പഞ്ചാബ് കിങ്‌സ് തന്നെ തലയില്‍ കൈവെച്ചു. 32 കാരനായ ശശാങ്ക് ഇതിന്റെ പേരില്‍ കുറേ ട്രോള്‍ ചെയ്യപ്പെട്ടിട്ടുമുണ്ട്. പിറ്റൽസ്, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നിവയുടെ ഭാഗമായിരുന്നു.ഇപ്പോള്‍ ഇതാ പഞ്ചാബിന്റെ ഹീറോയായി തിളങ്ങി നില്‍ക്കുകയാണ് താരം. 19 കാരനായ ബാറ്ററിന് പകരം പഞ്ചാബ് കിംഗ്‌സ് മാനേജ്‌മെൻ്റ് 20 ലക്ഷം രൂപയ്ക്ക് ഛത്തീസ്ഗഡിന് വേണ്ടി കളിക്കുന്ന 32 കാരനായ ശശാങ്ക് സിങ്ങിനെ വാങ്ങി.

ഗുജറാത്ത് ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് ഒരു ഘട്ടത്തിൽ നാലിന് 70 എന്ന നിലയിൽ തകർന്നു. ആറാമനായി ക്രീസിലെത്തിയ ശശാങ്ക് കളി തുടങ്ങി. 29 പന്തിൽ ആറ് ഫോറും നാല് സിക്സും സഹിതം 61 റൺസുമായി ശശാങ്ക് പുറത്താകാതെ നിന്നു.ഒരു പന്ത് ബാക്കി നിൽക്കെ പഞ്ചാബിന് മൂന്ന് വിക്കറ്റിന്റെ വിജയം.ഈ സീസണില്‍ നാല് മത്സരങ്ങളില്‍ നിന്ന് 202.22 സ്‌ട്രൈക്ക് റേറ്റില്‍ 91 റണ്‍സാണ് ശശാങ്ക് അടിച്ചുകൂട്ടിയത്. മൂന്ന് കളികളില്‍ പുറത്താകാതെ നിന്നു. ടി 20 ഫോര്‍മാറ്റില്‍ 58 ആഭ്യന്തര മത്സരങ്ങള്‍ ശശാങ്ക് കളിച്ചിട്ടുണ്ട്. 137.34 സ്‌ട്രൈക്ക് റേറ്റില്‍ 754 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തിലാണ് 199 റണ്‍സ് നേടിയത്. പുറത്താകാതെ 48 പന്തില്‍ 89 റണ്‍സ് നേടിയ നായകൻ ശുഭ്‌മാൻ ഗില്ലിന്‍റെ പ്രകടനമാണ് ആതിഥേയര്‍ക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. വൃദ്ധിമാൻ സാഹ (11), കെയ്‌ൻ വില്യംസണ്‍ (26), സായ് സുദര്‍ശൻ (33), വിജയ് ശങ്കര്‍ (8), രാഹുല്‍ തെവാട്ടിയ (23) എന്നിങ്ങനെയാണ് മറ്റ് ഗുജറാത്ത് താരങ്ങളുടെ സ്കോര്‍.

പഞ്ചാബ് കിങ്‌സിനായി കഗിസോ റബാഡ രണ്ടും ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.ഗുജറാത്ത് ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം നിശ്ചിത ഓവർ അവസാനിക്കാന്‍ ഒരു പന്ത് മാത്രം ബാക്കിനില്‍ക്കേ പഞ്ചാബ് മറികടന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ശശാങ്ക് സിങ് (61)- അശുതോഷ് ശര്‍മ്മ (31) സഖ്യമാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്.