തനറെ ഫോമിൽ സംശയിക്കുന്നവരെ നിശബ്ദരാക്കിയ തകർപ്പൻ സെഞ്ചുറിയുമായി ശ്രേയസ് അയ്യർ |Shreyas Iyer

ഇൻഡോറിൽ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ സെഞ്ചുറി നേടി ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് ശ്രേയസ്. ആദ്യ മത്സരത്തിൽ റണ്ണൗട്ടായ വലംകൈയ്യൻ രണ്ടാം മത്സരത്തിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.ഓസീസ് ബൗളർമാർക്കെതിരേ ആധിപത്യം പുലർത്തിയ ശ്രേയസ് 86 പന്തിൽ നിന്നും സെഞ്ച്വറി തികച്ചു.

മൂന്നാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ ശ്രേയസ് 170 സ്‌ട്രൈക്ക് റേറ്റിൽ 20 പന്തിൽ 6 ഫോറുകൾ പറത്തി 34 റൺസെടുത്തപ്പോൾ മഴ കളി നിർത്തിവച്ചു.ഒരു കൂറ്റൻ സിക്‌സർ ഉൾപ്പെടെ 2 ബൗണ്ടറികൾ പറത്തി 42 പന്തിൽ അർദ്ധ സെഞ്ചുറിയിലെത്തി.11 ബൗണ്ടറികളും 3 കൂറ്റൻ സിക്‌സറുകളും പറത്തിയാണ് അദ്ദേഹം തന്റെ മൂന്നാം ഏകദിന സെഞ്ചുറിയും ഹോൾക്കർ സ്റ്റേഡിയത്തിലെ ആദ്യ സെഞ്ചുറിയും നേടിയത്.ലോകകപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, ശ്രേയസ് അയ്യർക്ക് തന്റെ താളത്തിലേക്ക് തിരിച്ചുവരേണ്ടത് വളരെ നിർണായകമായിരുന്നു.

രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി എന്നിവർക്കൊപ്പം ശ്രേയസ് ഫോമിലെത്തേണ്ടത് ഇന്ത്യയുടെ പ്രധാന ആവശ്യമായിരുന്നു. പരിക്ക് മൂലം ഐപിഎൽ 2023ന്റെയും ഡബ്ല്യുടിസി ഫൈനൽസിന്റെയും മുഴുവൻ മത്സരങ്ങളും അയ്യർക്ക് നഷ്ടമായി.ഏഷ്യാ കപ്പിന്റെ സമയത്താണ് പരിക്ക് മാറി ടീമിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ നടുവേദന അനുഭവപ്പെടുകയും രണ്ട് ഗെയിമുകൾ നഷ്‌ടപ്പെടുകയും ചെയ്തു.

ഇന്ത്യയിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവും ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരവും അദ്ദേഹത്തിന് അനുകൂലമായില്ല. വെറും 3 റൺസ് നേടിയ ശേഷം നിർഭാഗ്യകരമായ റണ്ണൗട്ടിന് ഇരയായി. എന്നാൽ അയ്യർ ഇൻഡോറിൽ എല്ലാം മാറ്റിമറിച്ചു.രണ്ടാം വിക്കറ്റിൽ ഗില്ലിനൊപ്പം 200 റൺസിന്റെ കൂട്ടുകെട്ട് ശ്രേയസ് ഉണ്ടാക്കിയെടുത്തു. റുതുരാജ് ഗെയ്‌ക്‌വാദിനെ (8) തുടക്കത്തിൽ നഷ്ടമായെങ്കിലും ഗിൽ -ശ്രേയസ് കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് കൊണ്ട് പോയി.

പരിക്ക്, ഫിറ്റ്നസ് തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചു തന്നെ കളിയാക്കിയവർക്ക് മാസ്സ് മറുപടിയായി മാറുകയാണ് ശ്രേയസ് അയ്യർ സെഞ്ച്വറി. നേരിട്ട ആദ്യത്തെ ബോൾ മുതൽ അറ്റാക്കിങ് ശൈലിയിൽ ബാറ്റിങ് ആരംഭിച്ച ശ്രേയസ് അയ്യർക്ക് മുൻപിൽ ഓസ്ട്രേലിയൻ ബൌളിംഗ് നിരക്ക് ഉത്തരം ഇല്ലാതെ പോയി എന്നതാണ് സത്യം. മൂന്നാം നമ്പറിൽ ഇറങ്ങി സെഞ്ച്വറി പായിച്ച ശ്രേയസ് അയ്യർ തന്നെ ലോകക്കപ്പ് പ്ലെയിങ് ഇലവനിൽ ഒഴിവാക്കാൻ കഴിയില്ല എന്നത് ഒരിക്കൽ കൂടി തെളിയിച്ചു.