വേൾഡ് കപ്പിലെ രണ്ടാം മത്സരത്തിലും തോൽവി ഏറ്റുവാങ്ങി ഓസ്ട്രേലിയ |World Cup 2023

ഏകദിന ലോകകപ്പിലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിലും പരാജയം ഏറ്റുവാങ്ങി ഓസ്ട്രേലിയ. 2023 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെ അപ്രതീക്ഷിത പരാജയമായിരുന്നു ഓസ്ട്രേലിയ ഏറ്റുവാങ്ങിയത്. ശേഷമാണ് ദക്ഷിണാഫ്രിക്കെതിരെ 134 റൺസിന്റെ കൂറ്റൻ പരാജയം ഓസ്ട്രേലിയ ഏറ്റുവാങ്ങിയിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയ്ക്കായി മത്സരത്തിൽ ഓപ്പണർ ഡിക്കോക്ക് ഒരു തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കുകയുണ്ടായി. ബോളിങ്ങിൽ റബാഡ ആയിരുന്നു ദക്ഷിണാഫ്രിക്കയുടെ നെടുംതൂണായി മാറിയത്.മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഡികോക്ക് നൽകിയത്. മത്സരത്തിലെ ആദ്യ ബോൾ മുതൽ അതിശക്തമായ ബാറ്റിംഗ് പ്രകടനം ഡികോക്ക് കാഴ്ചവച്ചു.

106 പന്തുകളിൽ 109 റൺസാണ് മത്സരത്തിൽ ഡികോക്ക് സ്വന്തമാക്കിയത്. ഇന്നിങ്സിൽ 8 ബൗണ്ടറികളും 5 സിക്സറുകളും ഉൾപ്പെട്ടു. ഒപ്പം മധ്യനിരയിൽ 44 പന്തുകളിൽ 56 റൺസ് നേടിയ മാക്രവും മികവു പുലർത്തിയതോടെ ദക്ഷിണാഫ്രിക്ക ശക്തമായ ഒരു സ്കോറിലേക്ക് എത്തുകയായിരുന്നു. മത്സരത്തിൽ 311 റൺസാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ഓസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്കും മാക്സ്വെല്ലും രണ്ടു വിക്കറ്റുകൾ വീതം സ്വന്തമാക്കുകയുണ്ടായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് തുടക്കം തന്നെ പാളി. മുൻനിര ബാറ്റർമാരെ തുടക്കത്തിൽ തന്നെ ഓസ്ട്രേലിയക്ക് നഷ്ടമായി. ഇതോടെ വലിയൊരു പടുകുഴിയിലേക്ക് ഓസ്ട്രേലിയ വീഴുകയായിരുന്നു. ദക്ഷിണാഫ്രിക്കൻ പേസർമാർ കൃത്യമായി താളം കണ്ടെത്തിയതോടെ ഓസ്ട്രേലിയ മത്സരത്തിൽ പൂർണമായും പതറി. പവർപ്ലേ ഓവറുകളിൽ ശക്തമായ ഒരു പ്രകടനം കാഴ്ചവയ്ക്കാൻ ഓസ്ട്രേലിയക്ക് സാധിച്ചില്ല.

കേവലം 70 റൺസ് സ്വന്തമാക്കുന്നതിനിടെ ഓസ്ട്രേലിയയുടെ 6 വിക്കറ്റുകൾ നഷ്ടമായിരുന്നു. പിന്നീട് ലബുഷൈനും(46) സ്റ്റാർക്കും(27) ചേർന്ന് ഓസ്ട്രേലിയയെ കരകയറ്റാൻ ശ്രമിച്ചെങ്കിലും ദക്ഷിണാഫ്രിക്കൻ ബോളർമാർ കൃത്യമായ സമയത്ത് വിക്കറ്റ് നേടി തിരികെ വന്നു. മത്സരത്തിൽ 134 റൺസിന്റെ വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്.

5/5 - (1 vote)