‘ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക് സ്വപ്ന ഫൈനലില്ല’ : ആവേശപ്പോരിൽ പാകിസ്ഥാനെ വീഴ്ത്തി ശ്രീലങ്ക|Asia Cup 2023 

അവസാന പന്ത് വരെ നീണ്ടു നിന്ന ആവേശകരമായ പോരാട്ടത്തിൽ പാകിസ്താനെ കീഴടക്കി ഏഷ്യ കപ്പ് ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്ക. ഞായറാഴ്ച നടക്കാക്കുന്ന ഫൈനലിൽ ഇന്ത്യയാണ് ശ്രീലങ്കയുടെ എതിരാളികൾ. പാകിസ്താനെതിരെ രണ്ടു വിക്കറ്റിനാണ് ശ്രീലങ്കയുടെ വിജയം.

സ്കോർ: പാകിസ്ഥാൻ– 42 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 252. ശ്രീലങ്ക–42 ഓവറിൽ 8ന് 252. മഴകാരണം മത്സരം 42 ഓവറാക്കി ചുരുക്കിയിരുന്നു. പിന്നീട് ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 252 റണ്‍സായി നിശ്ചയിച്ചു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും.91 റണ്‍സ് നേടിയ കുശാല്‍ മെന്‍ഡിസാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. എന്നാല്‍ 47 പന്തില്‍ 49 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ചരിത് അസലങ്ക ലങ്കയുടെ വിജയത്തില്‍ നിര്‍ണാക പങ്കുവഹിച്ചു.

അവസാന ഓവറില്‍ എട്ട് റണ്‍സായിരുന്നു ശ്രീലങ്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. പാകിസ്ഥാനായി പുതുമുഖ താരം സമാന്‍ എറിഞ്ഞ ഓവറിലെ അഞ്ച് പന്തില്‍ ആറ് റണ്‍സെടുക്കാന്‍ ശ്രീലങ്കയ്ക്കായി. ഇതോടെ ഒരു പന്തില്‍ രണ്ട് റണ്‍സ് എന്നതായി ശ്രീലങ്കയുടെ വിജയലക്ഷ്യം. അവസാന പന്തില്‍ അസലങ്ക ഡബിള്‍ ഓടിയെടുത്തതോടെ ശ്രീലങ്ക വിജയം തൊടുകയായിരുന്നു.ശ്രീലങ്കയ്ക്കായി അസലങ്ക 47 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ 49 റണ്‍സെടുത്തു. മെന്‍ഡിസ് 87 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതം 91 റണ്‍സും സമര വിക്രമ 51 പന്തില്‍ നാല് ഫോറടക്കം 48 റണ്‍സുമെടുത്തു. ഇരുവരും രണ്ടാം വിക്കറ്റില്‍ 100 റണ്‍സാണ് ലങ്കന്‍ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. പതും നിസ്സങ്ക (29), കുശാല്‍ പെരേര (17) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.

പാകിസ്ഥാന്‍ വേണ്ടി ഇഫ്തിഖര്‍ അഹമ്മദ് മൂന്ന് വിക്കറ്റെടുത്തു. ആദ്യ ബാറ്റ് ചെയ്ത പാകിസ്ഥാൻ 43 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്താന്‍ 252 റണ്‍സ് നേടിയത്. 73 പന്തില്‍ 86 റണ്‍സ് നേടി പുറത്താകാതെ നിന്ന മൊഹമ്മദ് റിസ്‌വാനാണ് പാകിസ്താന്റെ ടോപ് സ്‌കോറര്‍. അബ്ദുളള ഷെഫീഖ് 69 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 52 റണ്‍സും ഇഫ്ത്തിഖാര്‍ അഹമ്മദ് 40 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 47 റണ്‍സും സ്വന്തമാക്കി.

ഒരുഘട്ടത്തില്‍ അഞ്ചിന് 130 എന്ന നിലയില്‍ തകര്‍ന്ന പാകിസ്ഥാനെ മുഹമ്മദ് റിസ് വാനും ഇഫ്ത്തിഖാറും ചേര്‍ന്നാണ് രക്ഷിച്ചെടുത്തത്. ഇരുവരും ആറാം വിക്കറ്റില്‍ 108 റണ്‍സാണ് അതിവേഗം നേടിയത്. ഇതാണ് പാകിസ്ഥാനെ മികച്ച സ്‌കോറിലെത്തിച്ചത്.ശ്രീലങ്കയ്ക്ക് വേണ്ടി മതീഷ പതിരാന മൂന്നും പ്രമോദ് മധുശന്‍ രണ്ടും വിക്കറ്റ് സ്വന്തമാക്കി.

5/5 - (1 vote)