ഇംഗ്ലണ്ടിനെതിരെ അനായാസ വിജയവുമായി ശ്രീലങ്ക |World Cup 2023

ലോകകപ്പിലെ 25ആം മത്സരത്തിൽ ഒരു അത്യുഗ്രൻ വിജയമാണ് ശ്രീലങ്കൻ ടീം സ്വന്തമാക്കിയിരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ 8 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ശ്രീലങ്ക ഞെട്ടിച്ചിരിക്കുന്നത്. മത്സരത്തിൽ 24 ഓവറുകൾ ബാക്കി നിൽക്കവെയായിരുന്നു ശ്രീലങ്കയുടെ ഈ തകർപ്പൻ വിജയം.

ബോളിങ്ങിൽ ശ്രീലങ്കയ്ക്കായി 3 വിക്കറ്റുകൾ നേടിയ ലഹിരു കുമാരയും, 2 വിക്കറ്റുകൾ വീതം നേടിയ രചിതയും മാത്യൂസും മികവ് പുലർത്തുകയുണ്ടായി. ബാറ്റിംഗിൽ ഓപ്പണർ നിസ്സംഗയും സമരവിക്രമയും കളം നിറഞ്ഞപ്പോൾ ശ്രീലങ്ക 8 വിക്കറ്റുകളുടെ സൂപ്പർ വിജയം സ്വന്തമാക്കുകയായിരുന്നു.മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തരക്കേടില്ലാത്ത തുടക്കം തന്നെയാണ് ഓപ്പണർമാരായ ബെയർസ്റ്റോയും(30) മലനും(28) ഇംഗ്ലണ്ടിന് നൽകിയത്.

മാത്യൂസ് ബോളിംഗ് ക്രീസിലെത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. മാത്യൂസിനെ നേരിടാൻ ഇംഗ്ലണ്ടിന്റെ മുൻനിര നന്നായി കഷ്ടപ്പെട്ടു. ഇതോടെ ഇംഗ്ലണ്ട് ബാറ്റിംഗ് നിര കൊട്ടാരം പോലെ തകരുകയായിരുന്നു. ഇംഗ്ലണ്ട് നിരയിൽ 73 പന്തുകളിൽ 43 റൺസ് നേടിയ സ്റ്റോക്സ് മാത്രമാണ് അല്പമെങ്കിലും പൊരുതിയത്. മറുവശത്ത് ശ്രീലങ്കയ്ക്കായി ലഹിരു കുമാര 35 റൺസ് മാത്രം വിട്ടുനൽകി 3 വിക്കറ്റുകൾ സ്വന്തമാക്കി. മാത്യൂസ് കേവലം 14 റൺസ് മാത്രം വിട്ടുനിൽകി 2 വിക്കറ്റുകൾ മത്സരത്തിൽ സ്വന്തമാക്കുകയുണ്ടായി. രചിതയും 2 വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ഇംഗ്ലണ്ട് ഇന്നിങ്സ് കേവലം 156 റൺസിൽ അവസാനിക്കുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർ കുശാൽ പേരേരയെ(4) നഷ്ടമായി. പിന്നാലെ നായകൻ കുശാൽ മെൻഡിസിനെയും(11) നഷ്ടമായതോടെ ശ്രീലങ്ക തകരുമെന്ന് കരുതി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒരു തകർപ്പൻ കൂട്ടുകെട്ടാണ് ഓപ്പണർ നിസ്സംഗയും സമരവിക്രമയും ചേർന്ന് കെട്ടിപ്പടുത്തത്. ഇരുവരും ക്രീസിലുറച്ചപ്പോൾ ശ്രീലങ്ക അനായാസം വിജയം സ്വന്തമാക്കി. നിസ്സംഗ മത്സരത്തിൽ 83 പന്തുകളിൽ 77 റൺസാണ് നേടിയത്. സമരവിക്രമ 54 പന്തുകളിൽ 65 റൺസ് നേടി. ഇങ്ങനെ ശ്രീലങ്ക അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. ഇംഗ്ലണ്ടിനെ സംബന്ധിച്ച് വലിയൊരു ഷോക്ക് തന്നെയാണ് മത്സരത്തിലെ പരാജയം. ഈ ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ നാലാമത്തെ പരാജയമാണ് ഇത്.

Rate this post