തകർപ്പൻ ഫിഫ്‌റ്റിയുമായി ഇന്ത്യയുടെ രക്ഷകനായി സൂര്യകുമാർ യാദവ് ,അഫ്ഗാനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ | T20 World Cup 2024

സൂപ്പർ ഏട്ടിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 181 റൺസുമായി ഇന്ത്യ. അർദ്ധ സെഞ്ച്വറി നേടിയ സൂര്യ കുമാറിന്റെ ബാറ്റിങ്ങാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. 32 റൺസ് നേടിയ ഹർദിക് പാണ്ട്യ സൂര്യക്ക് മികച്ച പിന്തുണ നൽകി,. അഫ്ഗാന് വേണ്ടി റാഷിദ് ഖാൻ ഫാറൂഖി എന്നിവർ 3 വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ രോഹിത് – കോലി സഖ്യം റൺസ് കണ്ടെത്താൻ പാടുപെട്ടു. സ്കോർ 11 ൽ നിൽക്കെ ക്യാപ്റ്റൻ രോഹിത് ശർമയെ ഇന്ത്യക്ക് നഷ്ടമായി.13 പന്തുകളിൽ എട്ടു റൺസെടുത്ത രോഹിത്, ഫസൽഹഖ് ഫറൂഖിയുടെ പന്തിൽ റാഷിദ് ഖാൻ ക്യാച്ചെടുത്താണു മടങ്ങിയത്. മൂന്നാമനായി ഇറങ്ങിയ പന്ത് വേഗത്തിൽ റൺസ് സ്കോർ ചെയ്തു.

എന്നാൽ സ്കോർ 54 ൽ നിൽക്കെ 20 റൺസ് നേടിയ പന്തിനെ റഷീദ് ഖാൻ വിക്കറ്റിന് മുന്നിൽ കുടുക്കി. പിന്നാലെ 24 പന്തിൽ നിന്നും 24 റൺസ് നേടിയ കോലിയെയും റാഷിദ് ഖാൻ പുറത്താക്കി. നാലാം വിക്കറ്റിൽ ഒത്തുചേർന്ന ശിവം ദുബൈയും സൂര്യകുമാറും സ്കോർ ബോർഡ് വേഗത്തിൽ ചലിപ്പിച്ചു. എന്നാൽ 11 ആം ഓവറിൽ 7 പന്തിൽ നിന്നും 10 റൺസ് നേടിയ ദുബെയെ റഷീദ് ഖാൻ വിക്കറ്റ് മുന്നിൽ കുടുക്കിയതോടെ ഇന്ത്യ 4 വിക്കറ്റിന് 90 എന്ന നിലയിലായി.13 ആം ഓവറിൽ ഇന്ത്യൻ സ്കോർ 100 കടന്നു .

ഹർദിക് പാണ്ട്യയും സൂര്യകുമാറും ചേർന്ന് ഇന്ത്യൻ സ്കോർ വേഗത്തിൽ ചലിപ്പിച്ചു. 17 ഓവറിലെ അവസാന പന്തിൽ സ്കോർ 150 ൽ നിൽക്കെ സൂര്യകുമാറിനെ ഇന്ത്യക്ക് നഷ്ടമായി. 28 പന്തിൽ നിന്നും 5 ബൗണ്ടറിയും മൂന്നു സിക്‌സും അടക്കം 53 റൺസാണ് സൂര്യ നേടിയത്. സ്കോർ 159 ൽ നിൽക്കെ 32 റൺസ് നേടിയ ഹർദിക്കിനെയും ഇന്ത്യക്ക് നഷ്ടപ്പെട്ടു. അടുത്ത ഓവറിൽ 7 റൺസ് നേടിയ ജഡേജയെയും ഇന്ത്യക്ക് നഷ്ടമായി. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണ് ഇന്ത്യ നേടിയത്.

Rate this post