ഓപ്പണറായി ഇറങ്ങി വെടിക്കെട്ട് ബാറ്റിങ്ങുമായി സഞ്ജു സാംസൺ , കേരളത്തിന് മൂന്നു വിക്കറ്റ് ജയം | Sanju Samson

സയ്യിദ് മുഷ്താഖ് അലി ടി20യില്‍ സര്‍വീസസിനെതിരെ കേരളത്തിന് തകർപ്പൻ ജയം .രാജീവ്ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ സര്‍വീസസ് ഉയര്‍ത്തിയ 150 റണ്‍സ് വിജയക്ഷ്യം ഏഴു വിക്കറ്റ് നഷ്ടത്തിൽ കേരളം മറികടന്നു. 75 റൺസ് നേടിയ നായകൻ സഞ്ജു സാംസന്റെ കിടിലൻ ബാറ്റിങ്ങാണ് കേരളത്തിന് വിജയമൊരുക്കിയത്.

45 പന്തുകൾ നേരിട്ട സഞ്ജു 10 ബൗണ്ടറിയും മൂന്നു സിക്‌സും അടക്കമാണ് 75 റൺസ് നേടിയത്. കേരളത്തിനായി ഓപ്പണർ രോഹൻ കുന്നുമ്മൽ 27 റൺസും സൽമാൻ നിസാർ 21 റൺസുമായി പുറത്താവാതെ നിന്നു. 14 ആം ഓവറിൽ സ്കോർ 123 ൽ നിൽക്കുമ്പോൾ നാലാമനായാണ് സഞ്ജു പുറത്തായത്.ഓപ്പണിംഗ് വിക്കറ്റില്‍ രോഹനും സഞ്ജുവും 73 റൺസ് കൂട്ടിച്ചേർത്തു.

പിന്നാലെ മൂന്ന് പന്ത് നേരിട്ട് നാല് റണ്‍സ്സ മാത്രം നേടിയാണ് വിഷ്ണു പുറത്തായത്. 15 പന്ത് നേരിട്ട അസ്ഹറുദ്ദീന്‍ 11 റണ്‍സാണ് നേടിയത്.ച്ചിന്‍ ബേബിക്കും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല. നാല് പന്തില്‍ 6 റണ്‍സാണ് സച്ചിന്‍ നേടിയത്. ഒരു വിക്കറ്റിന് 73 റണ്‍സെന്ന നിലയില്‍ നിന്ന് 7ന് 149 എന്ന നിലയിലേക്ക് വീണെങ്കിലും മൂന്ന് വിക്കറ്റിന് ജയം നേടാന്‍ കേരളത്തിന് സാധിച്ചു.

അഞ്ച് വിക്കറ്റ് നേടിയ അഖില്‍ സ്‌കറിയയാണ് സര്‍വീസസിനെ തകര്‍ത്തത്. നിധീഷ് എം ഡി രണ്ടും വിക്കറ്റ് വീഴ്ത്തി. അഞ്ചില്‍ നാല് വിക്കറ്റും അഖില്‍ ഒരോവറിലാണ് സ്വന്തമാക്കിയത്. 29 പന്തില്‍ 41 റണ്‍സെടുത്ത മോഹിത് അഹ്ലാവദാണ് സര്‍വീസസിന്റെ ടോപ് സ്‌കോറര്‍. വിതീക് ധന്‍കര്‍ (35)അരുണ്‍ കുമാര്‍ (22 പന്തില്‍ 28) എന്നിവരുടെ ചെറുത്ത് നിൽപ്പാണ് സെർവീസസിന് ബേധപെട്ട സ്കോർ നൽകിയത്.