വെടിക്കെട്ട് സെഞ്ചുറിയുമായി രോഹൻ ,അടിച്ചു കസറി വിഷ്ണുവും : കേരളത്തിന് വമ്പൻ ജയം

സിക്കിമിനെതിരായ സൈദ് മുസ്തഖ് അലി ടൂർണമെന്റിലെ മത്സരത്തിൽ വമ്പൻ വിജയം നേടി കേരള ടീം. മത്സരത്തിൽ 132 റൺസിന്റെ കൂറ്റൻ വിജയമാണ് കേരള ടീം സ്വന്തമാക്കിയത്. കേരളത്തിന്റെ ടൂർണമെന്റിലെ തുടർച്ചയായ അഞ്ചാം വിജയമാണ് മത്സരത്തിൽ പിറന്നത്. സെഞ്ച്വറി സ്വന്തമാക്കിയ രോഹൻ കുന്നുമ്മലും, വെടിക്കെട്ട് പ്രകടനം നടത്തിയ വിഷ്ണു വിനോദുമാണ് കേരളത്തിനായി ബാറ്റിംഗിൽ തിളങ്ങിയത്.

ബോളിങ്ങിൽ സിജോമോൻ, മനു കൃഷ്ണൻ, മിഥുൻ എന്നിവർ മികവ് പുലർത്തുകയുണ്ടായി. വളരെ അനിവാര്യമായ ഒരു വിജയം തന്നെയാണ് മത്സരത്തിൽ കേരളത്തിന് ലഭിച്ചിരിക്കുന്നത്.മത്സരത്തിൽ ടോസ് നേടിയ കേരളം ബാറ്റിങ്‌ തിരഞ്ഞെടുക്കുകയായിരുന്നു. കേരളത്തിന് തങ്ങളുടെ ഓപ്പണിങ് ബാറ്റർ വരുൺ നായനാരുടെ(6) വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി.

എന്നാൽ രണ്ടാം വിക്കറ്റില്‍ രോഹൻ കുന്നുമ്മലും വിഷ്ണു വിനോദു ചേർന്ന് ഒരു കിടിലൻ കൂട്ടുകെട്ട് കേരളത്തിനായി കെട്ടിപ്പടുത്തു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 122 റൺസ് ആണ് കൂട്ടിച്ചേർത്തത്. രോഹൻ കുന്നുമ്മൽ മത്സരത്തിൽ ഒരു വെടിക്കെട്ട് സെഞ്ച്വറി സ്വന്തമാക്കുകയുണ്ടായി. 56 പന്തുകളിൽ 14 ബൗണ്ടറികളും രണ്ട് സിക്സറുകളുമടക്കം 101 റൺസാണ് രോഹൻ കുന്നുമ്മൽ നേടിയത്. വിഷ്ണു വിനോദ് 43 പന്തുകളിൽ 11 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 79 റൺസ് സ്വന്തമാക്കി.

ഒപ്പം അവസാന ഓവറുകളിൽ 15 പന്തുകളിൽ 25 റൺസ് നേടിയ അജ്നാസും മികവ് പുലർത്തിയതോടെ കേരളം 221 എന്ന കൂറ്റൻ സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ സിക്കിമിന് തുടക്കത്തിൽ തന്നെ പാളി. തങ്ങളുടെ മുൻനിരയെ സിക്കിമിന് ആദ്യം തന്നെ നഷ്ടമായി. ഇതോടെ മത്സരത്തിൽ കേരളം പൂർണമായും ആധിപത്യം സ്ഥാപിക്കുകയായിരുന്നു. കേരളത്തിനായി ബോളിങ്ങിൽ തിളങ്ങിയത് മനു കൃഷ്ണൻ, മിഥുൻ, സിജോമോൻ ജോസഫ് എന്നിവരാണ്. മൂവരും മത്സരത്തിൽ 2 വിക്കറ്റുകൾ വീതം സ്വന്തമാക്കുകയുണ്ടായി. ഇങ്ങനെ മത്സരത്തിൽ കേരളം 132 റൺസിന്റെ കൂറ്റൻ വിജയം നേടുകയായിരുന്നു.

Rate this post