അടിച്ചുതകർത്ത് രോഹനും സൽമാനും , മുംബൈക്കെതിരെ കൂറ്റൻ സ്‌കോറുമായി കേരളം | Syed Mushtaq Ali Trophy 

സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ മുംബൈക്കെതിരെ കൂറ്റൻ സ്‌കോറുമായി കേരളം. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റ് ചെയ്യാൻ ഇറങ്ങിയ കേരളം നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് അടിച്ചെടുത്തു. നായകൻ സഞ്ജു സാംസൺ 4 റൺസിന്‌ പുറത്തായങ്കിലും ഓപ്പണർ രോഹൻ കുന്നുമ്മലിനെയും സൽമാൻ നിസാറിന്റെയും മിന്നുന്ന പ്രകടനാമാണ് കേരളത്തിന് കൂറ്റൻ സ്കോർ നേടിക്കൊടുത്തത്.

രോഹന്‍ 48 പന്തില്‍ 87 റണ്‍സെടുത്ത് പുറത്തായപ്പോള്‍ സല്‍മാന്‍ 49 പന്തില്‍ 99* റണ്‍സുമായി പുറത്താവാതെ നിന്നു. നിര്‍ഭാഗ്യം കൊണ്ടാണ് ഇരുവരും സെഞ്ചുറി തികയ്ക്കാതെ പോയത്.ടോസിനു ശേഷം മുംബൈ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ കേരളത്തെ ബാറ്റിങിന് അയക്കുകയായിരുന്നു. നായകന്‍ സഞ്ജു സാംസണും രോഹന്‍ കുന്നുമ്മലുമാണ് ഈ മല്‍സരത്തില്‍ കേരളത്തിനു വേണ്ടി ഓപ്പണ്‍ ചെയ്തത്.

മൂന്നു ബോളില്‍ ഒരു ഫോറടിച്ച് സഞ്ജു നന്നായി തുടങ്ങിയെങ്കിലും നാലാമത്തെ ബോളില്‍ അദ്ദേഹത്തെ ശര്‍ദ്ദുല്‍ ടാക്കൂര്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. നാഗാലാന്‍ഡുമായുള്ള തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ നിന്നും വിട്ടുനിന്ന സഞ്ജു ടീമിലേക്കു മടങ്ങിയെത്തിയ കളി കൂടിയാണിത്. 8 പന്തില്‍ 13 റണ്‍സുമായിമുഹമ്മദ് അസ്ഹറുദ്ദീന്‍ പുറത്തായി, 7 റൺസ് നേടിയ സച്ചിന്‍ ബേബി പരിക്കേറ്റ് മടങ്ങുകയും ചെയ്തു.

മൂന്നാം വിക്കറ്റില്‍ രോഹന്‍ എസ് കുന്നുമ്മലും സല്‍മാന്‍ നിസാറും ചേര്‍ന്ന് 140 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.48 പന്തില്‍ 87 റണ്‍സെടുത്ത രോഹനെ ഷാംസ് മലാനി പുറത്താക്കി.ഇന്നിംഗ്‌സിലെ അവസാന പന്തില്‍ വീണ്ടും സിക്‌സുമായി സല്‍മാന്‍ നിസാര്‍ 99ലെത്തിഎങ്കിൽ മൂന്നക്കം കടക്കാനായില്ല.