ഇംഗ്ലണ്ടിനെതിരെ രാജകീയമായ വിജയവുമായി ഇന്ത്യ ടി 20 വേൾഡ് കപ്പ് ഫൈനലിൽ | T20 World Cup 2024

ഐസിസി ടി20 ലോകകപ്പ് 2024-ൻ്റെ സെമി ഫൈനലിലെ ഇംഗ്ലണ്ടിനെതിരെ വമ്പൻ ജയവുമായി കലാശ പോരാട്ടത്തിൽ സ്ഥാനം പിടിച്ച് ഇന്ത്യ.ഗയാനയിൽ നടന്ന മത്സരത്തിൽ 68 റൺസിൻ്റെ വിജയമാണ് ഇന്ത്യ നേടിയത്.രോഹിത് ശർമയുടെ മിന്നുന്ന അർദ്ധ സെഞ്ച്വറിയുടെ പിൻബലത്തിൽ ഇന്ത്യ 20 ഓവറിൽ 171 റൺസ് അടിച്ചെടുത്തു.സ്പിന്നർമാരായ അക്സർ പട്ടേലും കുൽദീപ് യാദവും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ഇംഗ്ലണ്ടിനെ 103ന് പുറത്താക്കി.

മെൻ ഇൻ ബ്ലൂ ടി20 ലോകകപ്പ് ഫൈനലിനായുള്ള 10 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടു, കൂടാതെ 2022 ലോകകപ്പ് സെമി-ഫൈനൽ തോൽവിക്ക് ത്രീ ലയൺസിനെതിരായ പ്രതികാരവും പൂർത്തിയാക്കി. ജൂൺ 29ന് ബ്രിഡ്ജ്ടൗണിൽ നടക്കുന്ന ഫൈനലിൽ പരാജയമറിയാത്ത ഇന്ത്യ ദക്ഷിണാഫ്രിക്കൻ ടീമിനെ നേരിടും.പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ നിർണായകമായ ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചപ്പോൾ മഴ കളി വൈകിപ്പിക്കുകയും തടസ്സപ്പെടുത്തുകയും ചെയ്തു.

അവസാന മത്സരം കളിച്ച ടീമിൽ നിന്നും മാറ്റങ്ങൾ ഒന്നും വരുത്താതെ കളത്തിലിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്‌ടത്തിൽ 171 റൺസ് നേടി.ക്യാപ്റ്റൻ രോഹിത് ശർമയുടെയും സൂര്യകുമാർ യദാവിന്‍റെയും തകർപ്പൻ ഇന്നിങ്സുകളാണ് ഇന്ത്യയെ മികച്ച സ്കോറിൽ എത്തിച്ചത്.ക്യാപ്റ്റൻ രോഹിത് ശർമ്മ 39 പന്തിൽ 57 റൺസും ഫോമിലായ സൂര്യകുമാർ യാദവ് 47 റൺസും കൂട്ടിച്ചേർത്തു.രോഹിത്തിനെയും സൂര്യകുമാറിനെയും ഇന്ത്യക്ക് പെട്ടെന്ന് നഷ്ടമായെങ്കിലും 23 റൺസ് നേടിയ ഹാർദിക് നിർണായകമായി. ക്രിസ് ജോർദാൻ ഡെത്ത് ഓവറിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി.

172 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കം സമ്മാനിക്കാൻ അവരുടെ നായകൻ ജോസ് ബട്ട്‌ലറിന് സാധിച്ചിരുന്നു. 15 പന്തിൽ നാല് ബൗണ്ടറി ഉൾപ്പടെ 23 റൺസാണ് ബട്ട്ലർ അടിച്ചെടുത്തത്. പവർപ്ലേയിൽ തന്നെ അക്‌സർ പട്ടേലിനെ കൊണ്ടുവന്ന രോഹിത്തിന്‍റെ നീക്കം കളിയുടെ ഗതി മാറ്റി.ഹാരി ബ്രൂക്ക് 25 റൺസെടുത്ത് പൊരുതാൻ ശ്രമിച്ചെങ്കിലും കുൽദീപും അക്സറും കൃത്യസമയത്ത് വിക്കറ്റ് വീഴ്ത്തി സമ്മർദ്ദം നിലനിറുത്തി. 17-ാം ഓവറിൽ ജോർദാൻ്റെ വിക്കറ്റ് വീഴ്ത്തി ജസ്പ്രീത് ബുംറ ഇംഗ്ലണ്ടിന്റെ ഇന്നിങ്സിന് അവസാനം ക്കുറിച്ചു.12 റൺസിന് രണ്ട് വിക്കറ്റ് വീഴ്ത്തി തൻ്റെ സ്പെൽ അവസാനിപ്പിച്ചു. 23 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ അക്സർ പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് കരസ്ഥമാക്കി.

Rate this post