❝ഒരിക്കലും മറക്കാനാവാത്ത തുർക്കിയുടെ ലോകകപ്പ് ഹീറോ ഹസൻ സാസ്❞ |Hasan Şaş |Qatar 2022

ഖത്തർ ലോകകപ്പ് അടുത്തിരിക്കുകയാണ് . നാല് വര്ഷം കൂടുമ്പോൾ ഓരോ ലോകകപ്പ് ആസന്നമാവുമ്പോൾ കഴിഞ്ഞ വർഷങ്ങളിലെ നായകന്മാരുടെ കഥകൾ ഓർമ്മയിലെത്തും. അങ്ങനെ ഒരിക്കലും മറക്കാതെ എന്നെന്നും ഓർമയിൽ എത്തുന്ന ഒരു താരമാണ് തുർക്കിയുടെ ഹസൻ സാസ്.

തുർക്കിക്ക് വേൾഡ് കപ്പിന്റെ ഓർമ്മകൾ എന്നതും ഹസൻ സാസിനെ ചുറ്റിപ്പറ്റിയുള്ളതാണ്.ഒരു ടൂർണമെന്റിനും ഒരു ലോകകപ്പ് പോലെ ഒരു കരിയറിനെ നിർവചിക്കാൻ കഴിയില്ല, 2002 ലെ ലോകകപ്പിലൂടെ നമുക്ക് ഹസൻ സാസിനെ നിർവചിക്കാൻ സാധിക്കും.സുക്കൂർ, ബസ്തുർക്, എമ്രെ തുടങ്ങിയ താരങ്ങൾ നിറഞ്ഞ 2002 ലെ തുർക്കി ടീമിൽ എല്ലാവരുടെയും ചുണ്ടിൽ അദ്ദേഹം പേരായിരുന്നു.

അദാനയിലെ കരാട്ടസിൽ ജനിച്ച സാസ് 17-ാം വയസ്സിൽ അദാന ഡെമിറിസ്‌പോറിലൂടെ തന്റെ കരിയർ ആരംഭിച്ചു. 1995-ൽ അങ്കാറഗുകുവിൽ ചേരുന്നതിന് മുമ്പ് അദ്ദേഹം തന്റെ ജന്മനാടായ ക്ലബ്ബിനായി നാല് മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളു.മൂന്ന് വർഷത്തെ ക്ലബ് കരിയറിൽ 80 മത്സരങ്ങളിൽ നിന്നും 9 ഗോളുകളാണ് താരം നേടിയത്.1998-ൽ തുർക്കിഷ് വമ്പൻ ക്ലബായ ഗലാറ്റസരെ ഹസൻ സാസിനെ ടീമിലെത്തിച്ചു. ഗലാറ്റസരെക്കായി മികച്ച പ്രകടനം പുറത്തെടുത്ത സാസ് അവരെ 2000 ത്തിൽ യുവേഫ കപ്പ് ജേതാക്കക്കളാക്കി , ആ വര്ഷം തന്നെ യുവേഫ സൂപ്പർ കപ്പിലും അവർ കിരീടം ചൂടി. ക്ലബ്ബിലെ ഫോം അദ്ദേഹത്തെ ദേശീയ ടീമിലെ സ്ഥിര സാന്നിധ്യമാക്കി മാറ്റുകയും ചെയ്തു.

2002 ൽ ദക്ഷിണ കൊറിയയിലും ജപ്പാനിലും ലോകകപ്പ് നടക്കുമ്പോൾ തുർക്കി വിങ്ങർ മികച്ച ഫോമിലായിരുന്നു.27 കളികളിൽ നിന്ന് രണ്ട് ഗോളുകളും ഏഴ് അസിസ്റ്റുകളും നേടിയ അദ്ദേഹം ഗലാറ്റസറെയ്‌ക്കൊപ്പം കിരീടം നേടിയിരുന്നു. ടൂർണമെന്റിന് മുമ്പ് ഒരു ഹോങ്കോംഗ് ഇലവനെതിരായ സന്നാഹ മത്സരത്തിൽ സാസിന്റെ ശക്തമായ പ്രകടനത്തിൽ ഒരു പെനാൽറ്റി സ്കോർ ചെയ്യുകയും മത്സരം വിജയിക്കുകയും ചെയ്തു.മുൻ വർഷത്തെ ചാമ്പ്യൻസ് ലീഗിലെ പ്രകടനങ്ങൾ അദ്ദേഹത്തിന്റെ വാല്യൂ സൂപ്പർ സ്‌ട്രൈക്കർ ഹകൻ സുകൂറിനെക്കാളും ഉയർത്തി.

ലോകകപ്പിൽ ബ്രസീൽ, കോസ്റ്റ റിക്ക , ചൈന പിആർ എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് സിയിൽ തുർക്കി ഉണ്ടായിരുന്നു. ശക്തമായ ടീമുമായി എത്തിയ അവർ നോക്ക് ഔട്ട് ഉറപ്പിച്ചാണ് എത്തിയത്. 2000 യൂറോ കപ്പിൽ തുർക്കിയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.ബ്രസീലിനെതിരായ ആദ്യ മത്സരത്തിൽ പകുതി സമയത്തിന് തൊട്ടുമുമ്പ് അദ്ദേഹം നേടിയ ഗോൾ തന്റെ ടീമിന് ഞെട്ടിക്കുന്ന ലീഡ് നൽകി. ഒടുവിൽ 2-1ന് തുർക്കി പരാജയപ്പെട്ടെങ്കിലും ഹസൻ സാസിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. ചൈനക്കെതിരെ 3 -0 ത്തിനു ജയിച്ച മത്സരത്തിൽ ഒന്ന് സ്കോർ ചെയ്യുകയും രണ്ട് അസിസ്റ്റുകൾ നൽകുകയും ചെയ്തു.കോസ്റ്റ റിക്കയെ സമനിലയിൽ തളച്ചതോടെ തുർക്കി പ്രീ ക്വാർട്ടറിലെത്തി.

പ്രീ ക്വാർട്ടറിൽ ഉമിത് ദവലയുടെ ഗോളിൽ തുർക്കി ജപ്പാനെ കീഴടക്കി അവസാന എട്ടിലെത്തി. ക്വാർട്ടറിൽ ആഫ്രിക്കൻ ശക്തികളായ സെനഗൽ ആയിരുന്നു എതിരാളികൾ .എക്സ്ട്രാ ടൈമിൽ ഇൽഹാൻ മനസിസ് നേടിയ ഗോളിൽ തുർക്കി സെമിയിൽ ബ്രസീലിനെ നേരിടാനെത്തി.റൊണാൾഡോയുടെ ഏക ഗോളിൽ തുർക്കിയുടെ കുതിപ്പ് ബ്രസീൽ അവസാനപ്പിച്ചു. മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ കൊറിയയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച് വേൾഡ് കപ്പ് ക്യാമ്പയിൻ തുർക്കി ഗംഭീരമായി അവസാനിപ്പിച്ച്.

ഹസൻ സാസിനെ സംബന്ധിച്ച് എന്നും ഓർമയിൽ നിക്കുന്ന ഒന്നായിരുന്നു വേൾഡ് കപ്പ്. ഒലിവർ ഖാൻ, റൊണാൾഡീഞ്ഞോ, റൊണാൾഡോ തുടങ്ങിയ ഫുട്ബോൾ ഇതിഹാസങ്ങൾക്കൊപ്പം ഓൾ-സ്റ്റാർ ടീമിൽ സ്ഥാനം പിടിക്കുകയും ചെയ്‌തു.

Rate this post