രോഹിത് ശർമ്മയുടെ പിൻഗാമിയായി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായേക്കാവുന്ന രണ്ട് കളിക്കാരെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര |Rohit Sharma

പ്രശസ്ത ക്രിക്കറ്റ് കമന്റേറ്ററും അനലിസ്റ്റുമായ ആകാശ് ചോപ്ര രോഹിത് ശർമ്മയുടെ പിൻഗാമിയായി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായേക്കാവുന്ന രണ്ട് കളിക്കാരെ തെരഞ്ഞെടുത്തിരിക്കുകയാണ്. നിലവിൽ 37 കാരനായ രോഹിത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിനെ നയിക്കനൊരുങ്ങുകയാണ്.

എന്നാൽ ക്യാപ്റ്റൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ തുടർച്ചയെക്കുറിച്ച് ഊഹാപോഹങ്ങൾ ഉയർന്നുവരുന്നുണ്ട്.പ്രത്യേകിച്ച് പ്രായത്തിന്റെ കാരണങ്ങളാൽ രോഹിതിന്റെ പകരക്കാരനെ കണ്ടെത്താനുള്ള സമയമായിരിക്കുകയാണ്.തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ, ശുഭ്മാൻ ഗില്ലിന്റെയും ഋഷഭ് പന്തിന്റെയും യുവത്വവും നേതൃഗുണവും ചോപ്ര എടുത്തുകാണിച്ചു. രോഹിതിന്റെ വിടവാങ്ങൽ സൃഷ്ടിക്കാൻ സാധ്യതയുള്ള ശൂന്യത നികത്താനുള്ള ശക്തമായ മത്സരാർത്ഥികളായി ചോപ്ര ഇവരെയാണ് കണ്ടത്.

സമയമാകുമ്പോൾ ക്യാപ്റ്റൻസി റോൾ ഏറ്റെടുക്കാൻ കഴിവുള്ള കളിക്കാരായി ഗില്ലിനെയും പന്തിനെയും ചോപ്ര തെരഞ്ഞെടുത്തു.“ഞാൻ വളരെ ദീർഘകാലത്തെക്കുറിച്ചാണ് സംസാരിക്കുന്നത്, അത് ശുഭ്മാൻ ഗില്ലായിരിക്കാം. ഞാൻ ഇപ്പോൾ സംസാരിക്കുന്നത് വിദൂര ഭാവിയെക്കുറിച്ചാണ്. അത് ഋഷഭ് പന്തായിരിക്കാം. ഒരു ടെസ്റ്റ് ക്രിക്കറ്റർ എന്ന നിലയിൽ ഋഷഭ് പന്ത് 24 കാരറ്റ് സ്വർണമാണ്,” ചോപ്ര പറഞ്ഞു.“അതിനാൽ പന്തും ക്യാപ്റ്റനാവാം. അദ്ദേഹം ഒരു ഗെയിം ചേഞ്ചറാണ്. ടെസ്റ്റ് ക്രിക്കറ്റ് പൂർത്തിയാക്കിയെന്നും നിങ്ങൾക്ക് മറ്റൊരാളെ ക്യാപ്റ്റനായി നിയമിക്കാമെന്നും രോഹിത് പറഞ്ഞാൽ ഞാൻ ഈ രണ്ടിലൊന്നിലേക്ക് നോക്കും, ”46 കാരനായ ചോപ്ര പറഞ്ഞു.

വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) എഡിഷനിൽ ഗിൽ ഗുജറാത്ത് ടൈറ്റൻസിന്റെ (ജിടി) നായകനാകും, അദ്ദേഹത്തിന്റെ നേതൃത്വപരമായ കഴിവുകൾ പ്രകടമാക്കാനുള്ള അവസരമാണ് വരാനിരിക്കുന്നത്.പന്ത് ടി20യിൽ ഇന്ത്യയെ നയിച്ചിട്ടുണ്ടെങ്കിലും ടെസ്റ്റ് ഫോർമാറ്റിൽ ഇതുവരെ ടീമിനെ നയിച്ചിട്ടില്ല.

Rate this post