റിക്കി പോണ്ടിംഗിനെ മറികടന്ന് വിരാട് കോഹ്‌ലി, മുന്നിൽ സച്ചിൻ മാത്രം |World Cup 2023 | Virat Kohli

അഹമ്മദാബാദിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്നിങ്‌സോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് എടുത്തവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് വിരാട് കോലി. ഓസ്‌ട്രേലിയൻ താരം റിക്കി പോണ്ടിംഗിനെ മറികടന്നാണ് കോലി റൺ വേട്ടയിൽ രണ്ടാം സ്ഥനത്തേക്ക് ഉയർന്നത്. ലോകകപ്പിൽ മുൻ ഓസീസ് ക്യാപ്റ്റൻ നേടിയ 1743 റൺസിന് രണ്ട് അകലെയാണ് കോഹ്‌ലി മത്സരം ആരംഭിച്ചത്.

46 ഇന്നിംഗ്‌സുകൾ കളിച്ചാണ് പോണ്ടിങ് ഇത്രയും റൺസ് നേടിയത്. എന്നാൽ കോലി ലോകകപ്പിലെ തന്റെ 37-ാം ഇന്നിഗ്‌സിൽ അത് മറികടന്നു.47 ഇന്നിംഗ്‌സുകളിൽ നിന്ന് 2278 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് കോലിയുടെ മുന്നിലുള്ളത്.തന്റെ മൂന്നാം ലോകകപ്പ് കളിക്കുന്ന കോഹ്‌ലി ഈ പതിപ്പിൽ മികച്ച ഫോമിലാണ്. സെമിഫൈനൽ വരെ 10 ഇന്നിങ്‌സുകളിൽ നിന്ന് മൂന്ന് സെഞ്ചുറികളും അഞ്ച് അർധസെഞ്ചുറികളും ഉൾപ്പെടെ 711 റൺസാണ് കോഹ്‌ലി നേടിയത്.

ഏകദിനത്തിലെ ഏറ്റവും കൂടുതൽ സെഞ്ചുറികൾ എന്ന സച്ചിന്റെ റെക്കോർഡും അദ്ദേഹം വേൾഡ് കപ്പിൽ തകർത്തിരുന്നു.കൂടാതെ ലോകകപ്പിന്റെ ഒരു പതിപ്പിൽ 700 അല്ലെങ്കിൽ അതിൽ കൂടുതൽ റൺസ് നേടുന്ന ആദ്യ ബാറ്റ്‌സ്മാൻ കൂടിയാണ് കോലി.13,795 റൺസ് നേടിയ കോഹ്‌ലി ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ താരമാണ്.ഏകദിന ക്രിക്കറ്റിൽ 50 സെഞ്ചുറികൾക്ക് പുറമെ 71 അർധസെഞ്ചുറികളും കോഹ്‌ലിയുടെ പേരിലുണ്ട്.

ഏകദിനത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയ മൂന്നാമത്തെ താരമാണ് കോലി.ഓസ്‌ട്രേലിയയ്‌ക്കെതിരെ 49 ഏകദിനങ്ങളിൽ നിന്ന് 53-ലധികം ശരാശരിയിൽ 2,300-ലധികം റൺസ് കോഹ്‌ലി നേടിയിട്ടുണ്ട്.സഹതാരങ്ങളായ സച്ചിൻ (3,077), രോഹിത് ശർമ (2,330-ലധികം) എന്നിവർ മാത്രമാണ് കൂടുതൽ ഏകദിന റൺസ് നേടിയത്.

Rate this post