‘ഇന്ത്യക്ക് തിരിച്ചടി’ : ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ രണ്ട് ടെസ്റ്റുകളിൽ വിരാട് കോലി കളിക്കില്ല | Virat Kohli

വ്യക്തിപരമായ കാരണങ്ങളാൽ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ഇതിഹാസം വിരാട് കോലി പിന്മാറി. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) തിങ്കളാഴ്ച പ്രസ്താവനയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു. കോഹ്‌ലിക്ക് പകരക്കാരനെ ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.നേരത്തെ, അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20യിൽ നിന്നും ‘വ്യക്തിപരമായ കാരണങ്ങളാൽ’ കോഹ്‌ലി പിന്മാറിയിരുന്നു.

അതേസമയം വ്യക്തിപരമായ സാഹചര്യം എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല. വിഷയത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയുമായി വിരാട് സംസാരിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ക്യാപ്റ്റന്റെ പിന്തുണയുണ്ടെന്നും ബിസിസിഐ അറിയിച്ചു. കോഹ്‌ലിയുടെ അഭാവത്തിൽ യശസ്വി ജയ്‌സ്വാൾ, ശുഭ്‌മാൻ ഗിൽ, ശ്രേയസ് അയ്യർ തുടങ്ങിയ യുവതാരങ്ങളുടെ ചുമലിൽ വലിയ ഉത്തരവാദിത്തം ഉണ്ടാകും.രാജ്യത്തിന് വേണ്ടി ക്രിക്കറ്റ് കളിക്കുന്നതിനാണ് തന്റെ ആദ്യ പരി​ഗണന. എന്നാൽ ചില വ്യക്തിപരമായ സാഹചര്യങ്ങളിൽ തനിക്ക് കളത്തിൽ നിന്ന് മാറി നിൽക്കേണ്ടി വരുമെന്ന് കോഹ്‌ലി പറഞ്ഞു.

താരത്തിന്റെ സ്വകാര്യതയെ മാനിച്ച് പിന്മാറ്റത്തിന്റെ കാരണം ബിസിസിഐ വെളിപ്പെടുത്തിയില്ല.ഈ സമയത്ത് വിരാട് കോഹ്‌ലിയുടെ സ്വകാര്യതയെ മാനിക്കണമെന്നും അദ്ദേഹത്തിന്റെ വ്യക്തിപരമായ കാരണങ്ങളെക്കുറിച്ച് ഊഹാപോഹങ്ങൾ ഒഴിവാക്കണമെന്നും ബിസിസിഐ മാധ്യമങ്ങളോടും ആരാധകരോടും അഭ്യർത്ഥിക്കുകയും ചെയ്തു.

ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ കളിക്കാനിരിക്കുന്നത്, അതിൽ ആദ്യത്തേത് ജനുവരി 25 ന് ഹൈദരാബാദിൽ നടക്കും. പരമ്പരയിലെ രണ്ടാം മത്സരം ഫെബ്രുവരി 2 ന് വിശാഖപട്ടണത്തിൽ നടക്കും. പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങൾക്കായി വിരാട് കോഹ്‌ലി തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു.ഉടൻ തന്നെ കോഹ്‌ലിക്ക് പകരക്കാരനെ പ്രഖ്യാപിക്കുമെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ (സി), ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (ഡബ്ല്യുകെ), കെ എസ് ഭരത് (ഡബ്ല്യുകെ), ധ്രുവ് ജൂറൽ (വിക്കറ്റ്), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ , കുൽദീപ് യാദവ്, സിറാജ്, മുകേഷ് കുമാർ, ജസ്പ്രീത് ബുംറ (വിസി), അവേഷ് ഖാൻ

Rate this post