‘മുഹമ്മദ് ഷമിയല്ല’ : ലോകത്തിലെ ഏറ്റവും മികച്ച ബൗളറായി ഈ താരത്തെ തെരഞ്ഞെടുത്ത് വസീം അക്രം |World Cup 2023

ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ലഖ്‌നൗവിൽ നടന്ന മത്സരത്തിൽ തകർപ്പൻ ജയമാണ് ഇന്ത്യ നേടിയത്. ആദ്യ ബാറ്റ് ചെയ്ത ടീം ഇന്ത്യ 229 റൺസ് ആണ് സ്കോർ ബോർഡിൽ കുറിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 129 റൺസിന് പുറത്താവുകയും ഇന്ത്യ 100 റൺസിന് വിജയം നേടുകയും ചെയ്തു.ഇംഗ്ലീഷ് ബാറ്റർമാർക്കെതിരെ വൻ നാശം വിതച്ച ഇന്ത്യൻ പേസർമാരുടെ മികച്ച പ്രകടനം കണ്ട മത്സരമായിരുന്നു ഇത്.

ഒരോവറിൽ രണ്ടു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഇംഗ്ലീഷ് ബാറ്റിങ്ങിന്റെ തകർച്ചക്ക് തുടക്കമിട്ടത്.അടുത്തത് ഷമിയുടെ ഊഴമായിരുന്നു, അടുത്തടുത്ത പന്തുകളിൽ രണ്ടു വിക്കറ്റുകൾ വീഴ്ത്തിയ താരം ഇംഗ്ലണ്ടിനെ ടോപ് ഓര്ഡറിനെ തകർത്തെറിഞ്ഞു. മത്സരത്തിൽ ഷമി നാലും ബുംറ മൂന്നു വിക്കറ്റും വീഴ്ത്തി. വിജയത്തിന് ശേഷം, മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ഇതിഹാസം വസീം അക്രം നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ബൗളറെ തിരഞ്ഞെടുത്തു.

ലഖ്‌നൗവിലെ തന്റെ മികച്ച പ്രകടനത്തെത്തുടർന്ന് ഷമി ആയിരിക്കുമെന്ന് മിക്കവർക്കും തോന്നിയിട്ടുണ്ടെങ്കിലും, നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച പേസറായി അക്രം ബുംറയെ തിരഞ്ഞെടുത്തു.” ബുമ്ര ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ചവനാണ്. നിയന്ത്രണം, വേഗത, വ്യതിയാനങ്ങൾ എല്ലാം അടങ്ങിയ ഒരു സമ്പൂർണ്ണ ബൗളർ” അക്രം എ സ്‌പോർട്‌സിനോട് പറഞ്ഞു.

ഷമിയും ബുംറയും ലോകത്തിലെ ഏറ്റവും മാരകമായ ഫാസ്റ്റ് ബൗളിംഗ് ജോഡികളാണെന്നും മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ജോഷ് ഹേസിൽവുഡ് തുടങ്ങിയവർക്ക് അവരുടെ അടുത്തേക്ക് വരാൻ പോലും കഴിയില്ലെന്ന് മുൻ ഇന്ത്യൻ താരം മഞ്ജരേക്കർ പറഞ്ഞു.“ഇന്ത്യൻ ടീമിന്റെ പ്രകടനത്തിൽ ഞാൻ അഭിമാനിക്കുന്നു. ഷമിയും ബുംറയും മികച്ച പ്രകടനം പുറത്തെടുത്തു. മറ്റൊരു ബൗളിംഗ് ജോഡിക്കും ഈ രണ്ടു കൂട്ടർക്കും അടുത്തെത്താനാകില്ല. അവരാണ് ഇപ്പോൾ ഏറ്റവും മികച്ചത്. ആദ്യ പവർപ്ലേയിൽ ഷമിയും ബുംറയും നേടിയ നാല് വിക്കറ്റുകൾ ഇംഗ്ലണ്ടിനെ കളിയിലേക്ക് തിരിച്ചുവരാൻ അനുവദിച്ചില്ല, ”സഞ്ജയ് സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

ഇംഗ്ലണ്ടിനെ 100 റൺസിന് തോൽപ്പിച്ച് ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. മെൻ ഇൻ ബ്ലൂവിന്റെ തുടർച്ചയായ ആറാം വിജയമാണിത്. ടൂർണമെന്റിലെ തുടർച്ചയായ നാലാം തോൽവിയോടെ ഇംഗ്ലണ്ട് അവസാന സ്ഥാനത്താണ്.

3/5 - (2 votes)