അഞ്ചാം ടി 20 യിൽ നാണംകെട്ട തോൽവിയുമായി ഇന്ത്യ , പരമ്പര വെസ്റ്റ് ഇൻഡീസിന് സ്വന്തം

വെസ്റ്റിൻഡീസിനെതിരായ അവസാന ട്വന്റി20യിൽ പരാജയമേറ്റുവാങ്ങി ഇന്ത്യ. മത്സരത്തിൽ 8 വിക്കറ്റുകളുടെ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഈ പരാജയത്തോടെ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമായിട്ടുണ്ട്. വിൻഡീസിനായി ബാറ്റിംഗിൽ നിക്കോളാസ് പൂരനും ബ്രാണ്ടൻ കിങ്ങും തിളങ്ങിയപ്പോൾ ബോളിംഗിൽ റൊമാലിയോ ഷെപ്പേർഡ് തീയായി മാറുകയായിരുന്നു. എന്നാൽ മറുവശത്ത് ഇന്ത്യൻ ബോളർമാർ നന്നെ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. എന്തായാലും ഈ പരാജയം ഇന്ത്യയെ വരും ദിവസങ്ങളിൽ വലിയ രീതിയിൽ ബാധിക്കും എന്നത് ഉറപ്പാണ്.

ടോസ് നേടിയ ഇന്ത്യ മത്സരത്തിൽ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗ് പറുദീസയായ ഫ്ലോറിഡയിൽ മികച്ച തുടക്കമല്ല ഇന്ത്യയ്ക്ക് ഇത്തവണ ലഭിച്ചത്. ഓപ്പണർമാരായ ജയ്സ്വാളിനെയും(5) ഗില്ലിനെയും(9) ഇന്ത്യക്ക് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ പിന്നീടെത്തിയ സൂര്യകുമാർ യാദവും തിലക് വർമയും ചേർന്ന് ഇന്ത്യയെ കൈപിടിച്ചു കയറ്റുകയായിരുന്നു. സൂര്യകുമാർ യാദവ് മത്സരത്തിൽ 45 പന്തുകളിൽ 61 റൺസാണ് നേടിയത്. 4 ബൗണ്ടറികളും മൂന്ന് സിക്സറുകളും ഇന്നിങ്സിൽ ഉൾപ്പെട്ടു. തിലക് വർമ 18 പന്തുകളിൽ 27 റൺസുമായി സൂര്യയ്ക്ക് മികച്ച പിന്തുണ നൽകി. എന്നാൽ ഇന്ത്യയുടെ മധ്യനിര ബാറ്റർമാർക്ക് മികവ് പുലർത്താൻ സാധിച്ചില്ല. ഇങ്ങനെ ഇന്ത്യൻ സ്കോർ നിശ്ചിത 20 ഓവറുകളിൽ 165 റൺസിൽ എത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ വിൻഡീസിന് ഓപ്പണർ മേയേഴ്സിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ മൂന്നാമതായി ക്രീസിലെത്തിയ നിക്കോളാസ് പൂരൻ ബ്രാണ്ടൻ കിങ്ങിനെ കൂട്ടുപിടിച്ച് അടിച്ചു തകർക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് ഒരു തട്ടുപൊളിപ്പൻ കൂട്ടുകെട്ടാണ് വിൻഡീസിനായി കെട്ടിപ്പടുത്തത്. സ്കോർ 11ആം ഓവറിൽ തന്നെ 100 റൺസ് കടത്താൻ ഇരുവർക്കും സാധിച്ചു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 107 റൺസാണ് സ്വന്തമാക്കിയത്. ഇത് ഇന്ത്യയെ പരാജയത്തിലേക്ക് നയിക്കുകയായിരുന്നു.

മത്സരത്തിൽ ബ്രാണ്ടൻ കിംഗ് 55 പന്തുകളിൽ 85 റൺസ് നേടി. ഇന്നിംഗ്സിൽ 5 ബൗണ്ടറികളും 6 സിക്സറുകളും ഉൾപ്പെട്ടു. നിക്കോളസ് പൂരൻ 35 പന്തുകളിൽ 47 റൺസ് നേടി. 1 ബൗണ്ടറിയും 4 സിക്സറുകളുമാണ് ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. ഇന്നിംഗ്സിന്റെ ഒരു സമയത്ത് പോലും ഈ ബാറ്റർമാരെ പിടിച്ചുനിർത്താൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല. അങ്ങനെ ഇന്ത്യ മത്സരത്തിൽ 8 വിക്കറ്റുകളുടെ പരാജയം അറിയുകയായിരുന്നു. ഈ പരാജയത്തോടെ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമായിട്ടുണ്ട്. വലിയ പ്രതീക്ഷയോടെ വിൻഡിസിലേക്ക് തിരിച്ച ഇന്ത്യയ്ക്ക് കിട്ടിയ തിരിച്ചടി തന്നെയാണ് ട്വന്റി20 പരമ്പരയിലെ പരാജയം.

Rate this post