വിജയ് ഹസാരെ ട്രോഫി പ്രീ ക്വാർട്ടറിൽ കേരളത്തിനായി സഞ്ജു സാംസൺ കളിക്കുമോ ? | Sanju Samson

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലേക്ക് മലയാളി താര സഞ്ജു സാംസണെ തെരഞ്ഞെടുത്തിരുന്നു.ഡിസംബർ 17ന് ജൊഹാനസ്ബർഗിലാണ് ആദ്യ ഏകദിനം കളിക്കുന്നത്. ശനിയാഴ്ച മഹാരാഷ്ട്രയ്‌ക്കെതിരെ നടക്കുന്ന വിജയ് ഹസാരെ ട്രോഫി പ്രീ ക്വാർട്ടർ മത്സരത്തിൽ സഞ്ജു സാംസൺ കളിക്കുമോ എന്നതാണ് ചോദ്യം.

വിജയ് ഹസാരെ ട്രോഫിയിൽ മികച്ച ഫോമിലാണ് സാംസൺ. ചൊവ്വാഴ്ച റെയിൽവേസിനെതിരായ മത്സരത്തിൽ സഞ്ജു സാംസൺ 139 പന്തിൽ നിന്ന് 128 റൺസ് നേടിയിരുന്നു. എന്നാൽ സഞ്ജു മികച്ച പ്രകടനം നടത്തിയെങ്കിലും കേരളം മത്സരത്തിൽ പരാജയപ്പെട്ടു. തോൽവിയോടെ കേരളത്തിന് നേരിട്ട് ക്വാർട്ടറിലേക്ക് യോഗ്യത നേടാനും സാധിച്ചില്ല.റയിൽവെയ്‌സിനോട് പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പിലെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നില നിർത്തി.

ഗ്രൂപ്പ് എ യിൽ ഏഴിൽ അഞ്ചും ജയിച്ച കേരളം 20 പോയിന്റുമായി ഒന്നാമതാണ്. രണ്ടാമതുള്ള മുംബൈക്ക് 20 പോയിന്റുണ്ടെങ്കിലും നെറ്റ് റൺറേറ്റ് കൂടുതലുള്ള കേരളം തന്നെയാണ് പട്ടികയിൽ മുന്നിൽ.ഗ്രൂപ്പിൽ രണ്ടാമത് നിൽക്കുന്ന മുംബൈ നേരിട്ട് ക്വാർട്ടറിൽ പ്രവേശിച്ചെങ്കിലും കേരളത്തിന് ഒരു പ്രീ ക്വാർട്ടർ മത്സരം കൂടി ജയിച്ചാലെ ക്വാർട്ടറിലെത്താൻ പറ്റൂ. നേർക്കുനേർ പോരാട്ടത്തിൽ മുംബൈയോടു കേരളം തോറ്റതാണ് തിരിച്ചടിയായത്.ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഏകദിന ടീമിന്റെ ടീമിൽ ഇടം നേടിയ ശേഷം സഞ്ജു സാംസൺ ടൂർണമെന്റിൽ തുടർന്നു. കേരള ക്യാപ്റ്റൻ നിർണായക മത്സരം കളിക്കാതിരിക്കാനുള്ള സാധ്യത വളരെ കുറവാണ്.

പ്രീക്വാർട്ടർ വിജയിച്ചാൽ ക്വാർട്ടര്‍ ഫൈനലിൽ രാജസ്ഥാനെയാണ് കേരളം നേരിടേണ്ടിവരിക.2023ലെ വിജയ് ഹസാരെ ട്രോഫിയിൽ സാംസണിന്റെ ശരാശരി 52.80 ആണ്. കേരളത്തിനായി മികച്ച പ്രകടനമാണ് സാംസൺ കാഴ്ചവെച്ചത്. ആറ് ഇന്നിംഗ്സുകളിൽ നിന്ന് 52.80 ശരാശരിയിൽ 264 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്, ഒരു സെഞ്ച്വറിയും ഫിഫ്‌റ്റിയും നേടിയിട്ടുണ്ട്.തന്റെ 124-ാം ലിസ്റ്റ് എ മത്സരം കളിക്കുന്ന 29-കാരൻ 33.38 ശരാശരിയിൽ 3,338 റൺസ് നേടിയിട്ടുണ്ട്.

ഈ ഫോർമാറ്റിൽ രണ്ട് സെഞ്ചുറികളും 16 അർധസെഞ്ചുറികളും അദ്ദേഹത്തിനുണ്ട്. 2019ലെ വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്‌ക്കെതിരെ നേടിയ 212* റൺസാണ് അദ്ദേഹത്തിന്റെ ഉയർന്ന സ്‌കോർ.ഇന്ത്യക്കായി 13 ഏകദിനങ്ങളിൽ 55.71 ശരാശരിയിൽ 390 റൺസ് നേടിയ സാംസൺ. മൂന്ന് അർധസെഞ്ചുറികൾ അദ്ദേഹം അടിച്ചുകൂട്ടിയിട്ടുണ്ട്.

Rate this post