ചരിത്ര വിജയം സ്വന്തമാക്കി സിംബാബ്‍വെ ,ആദ്യ ടി 20യിൽ ഇന്ത്യക്ക് 13 റൺസിന്റെ ദയനീയ തോൽവി | India vs Zimbabwe

സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ ടി 20 യിൽ ഇന്ത്യക്ക് തോൽവി. 13 റൺസിന്റെ തോൽവിയാണു ഇന്ത്യ ഏറ്റുവാങ്ങിയത്.116 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 102 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. 31 റൺസ് നേടിയ ക്യാപ്റ്റൻ ഗിൽ ആണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. സിംബാബ്‌വെക്ക് വേണ്ടി സിക്കന്ദർ റാസ മൂന്നു വിക്കറ്റ് വീഴ്ത്തി

116 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ തന്നെ പൂജ്യത്തിന് അഭിഷേക് ശർമയെ ബ്രയാൻ ബെന്നറ്റ് പുറത്താക്കി. സ്കോർ 15 ൽ നിൽക്കെ 7 റൺസ് നേടിയ റുതുരാജ് ഗെയ്ക്വാദിനേ ബ്ലെസ്സിങ് മുസാറബാനി പുറത്താക്കി. സ്കോർ 22 ൽ നിൽക്കെ 2 റൺസ് നേടിയ പരാഗിനെയും ഇന്ത്യക്ക് നഷ്ടമായി. ആ ഓവറിലെ അവസാന പന്തിൽ റിങ്കു സിംഗിനെ പൂജ്യത്തിനു ഇന്ത്യക്ക് നഷ്ടമായി. രണ്ടു വിക്കറ്റും നേടിയത് തെണ്ടൈ ചതാര ആയിരുന്നു.

സ്കോർ 43 ൽ നിൽക്കെ ഇന്ത്യക്ക് അഞ്ചാം വിക്കറ്റും നഷ്ടമായി.6 റൺസ് നേടിയ ജുറലിനെ ലൂക്ക് ജോങ്‌വെ പുറത്താക്കി. അടുത്ത ഓവറിൽ 31 റൺസ് നേടിയ ക്യാപ്റ്റൻ ഗില്ലിനെ സിംബാബ്വേ നായകൻ സിക്കന്ദർ റാസ പുറത്താക്കിയതോടെ ഇന്ത്യ 47 / 6 എന്ന നിലയിൽ തോൽവി മുന്നിൽ കണ്ടു. സ്കോർ 61 ൽ നിൽക്കെ 9 റൺസ് നേടിയ ബിഷ്‌ണോയിയെയും ഇന്ത്യക്ക് നഷ്ടമായി. സ്കോർ 84 ൽ നിൽക്കുമ്പോൾ 16 റൺസുമായി പൊരുതിയ ആവേശ് ഖാനെ ഇന്ത്യക്ക് നഷ്ടമായി. അടുത്ത ഓവറിൽ സിക്കന്ദർ റാസ മുകേഷ് കുമാറിനെ പൂജ്യത്തിനു പുറത്താക്കി.അവസാന ഓവറിൽ ഒരു വിക്കറ്റ് ശേഷിക്കെ 16 റൺസായിരുന്നു ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത്.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ സിംബാബ്‌വെയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്നിങ്‌സ് ആരംഭിച്ച തുടക്കം മുതല്‍ തകര്‍ച്ച നേരിട്ടു. പത്താംവിക്കറ്റില്‍ ക്ലൈവ് മദാന്ദെയും ടെന്‍ഡായ് ചതാരയും ചേര്‍ന്ന് നടത്തിയ അപരാജിത കൂട്ടുകെട്ടാണ് സിംബാബ്‌വെയെ നൂറ് കടത്തിയത്. ചതാര ഒരറ്റത്ത് റണ്ണൊന്നുമെടുക്കാതെ നിലയുറപ്പിച്ചപ്പോള്‍ മദാന്ദെ മറുവശത്ത് സ്‌കോര്‍ ഉയര്‍ത്തി.നാല് വിക്കറ്റുകള്‍ നേടിയ രവി ബിഷ്ണോയ് ഇന്ത്യക്കായി മികച്ച പ്രകടനം നടത്തി.

നാലോവറില്‍ 13 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ബിഷ്ണോയ് നാലുപേരെ മടക്കിയത്. ഓപ്പണര്‍ വെസ്്‌ലി മധ്‌വരെ (22 പന്തില്‍ 21), ബ്രയാന്‍ ബെന്നറ്റ് (15 പന്തില്‍ 23), ലൂക്ക് ജോങ്‌വെ (1), ബ്ലെസ്സിങ് മുസറബനി (0) എന്നിവരാണ് ബിഷ്‌ണോയ്ക്ക് മുന്നില്‍ കീഴടങ്ങിയത്.വാഷിംഗ്ടണ്‍ സുന്ദര്‍ നാലോവറില്‍ 11 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. 25 പന്തില്‍ 29 റണ്‍സെടുത്ത ക്ലൈവ് മദന്ദെയാണ് സിംബാബ്‌വെയുടെ ടോപ് സകോറര്‍.ക്യാപ്റ്റൻ സിക്കന്ദര്‍ റാസ 17 റണ്‍സെടുത്ത് പുറത്തായി. സിംബാബ്‌വെ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 115 റൺസാണ് നേടിയത്.

Rate this post