2017 ലെ ചാമ്പ്യൻസ് ട്രോഫി ആവർത്തിക്കുമോ?, ആശങ്കയോടെ ഇന്ത്യൻ ആരാധകർ |India

പാകിസ്ഥാനെതിരായ ഏഷ്യകപ്പ് സൂപ്പർ 4 മത്സരത്തിലെ തകർപ്പൻ പ്രകടനം ഇന്ത്യൻ ആരാധകരെ വളരെ ആവേശത്തിൽ ആക്കിയിട്ടുണ്ട്. ടൂർണമെന്റിലെ കരുത്തർ എന്ന് പലരും വിധിയെഴുതിയ പാക്കിസ്ഥാൻ ടീമിനെ അനായാസം ഇന്ത്യൻ മുട്ടുകുത്തിക്കുന്നതാണ് കൊളംബോയിൽ കാണാൻ സാധിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 356 എന്ന ഭീമൻ സ്കോർ സ്വന്തമാക്കുകയുണ്ടായി.

ഇന്ത്യക്കായി രാഹുലും കോഹ്ലിയുമാണ് മത്സരത്തിൽ തകർപ്പൻ സെഞ്ച്വറികൾ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ കേവലം 128 റൺസിന് പുറത്താവുകയും, ഇന്ത്യ 228 റൺസിന്റെ കൂറ്റൻ വിജയം സ്വന്തമാക്കുകയും ചെയ്തു. ഈ മത്സരത്തിന്റെ ആവേശത്തിനിടയിലും ഇന്ത്യയെ ആശങ്കയിലാക്കുന്ന മറ്റൊരു കാര്യമുണ്ട്.

2017 ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇത്തരമൊരു വിജയം ഇന്ത്യയെ തേടി ഗ്രൂപ്പ് ഘട്ടത്തിൽ എത്തിയിരുന്നു. എന്നാൽ അതിന്റെ പരിണിതഫലം ഇന്ത്യ ആ ടൂർണമെന്റിന്റെ ഫൈനലിൽ തന്നെ അനുഭവിക്കേണ്ടി വന്നു. അന്ന് ഇന്ത്യയുടെ പാകിസ്ഥാനെതിരായ ഗ്രൂപ്പ് ഘട്ട മത്സരം ആരുംതന്നെ മറക്കാൻ സാധ്യതയില്ല. ഇന്നത്തെ മത്സരത്തിന് സമാനമായ രീതിയിൽ അന്നും ഇന്ത്യയുടെ മുൻനിര തീതുപ്പി. രോഹിത് ശർമ 91 റൺസും, ധവാൻ 68 റൺസും കോഹ്ലി 82 റൺസും യുവരാജ് 52 റൺസും ആ മത്സരത്തിൽ നേടി. അങ്ങനെ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 319 എന്ന കൂറ്റൻ സ്കോറിൽ എത്തിയിരുന്നു. പിന്നീട് മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാൻ ഇന്ത്യയുടെ ബോളിങ്ങിന് മുൻപിൽ അടിപതറി വീണു. മത്സരത്തിൽ കേവലം 164 റൺസ് മാത്രമാണ് പാക്കിസ്ഥാന് നേടാൻ സാധിച്ചത്. ആ വിജയം അന്ന് ഇന്ത്യയ്ക്ക് ഇതേപോലെ തന്നെ വലിയ ആവേശം നൽകിയിരുന്നു.

പക്ഷേ ഫൈനലിൽ ഇന്ത്യയ്ക്ക് വീണ്ടും പാക്കിസ്ഥാനെ നേരിടേണ്ടിവന്നു. അപ്പോൾ കാര്യങ്ങൾ നേരെ തിരിയുകയായിരുന്നു. ഫക്കർ സമനും ഹഫീസും സെഞ്ചുറി നേടിയ മത്സരത്തിൽ പാക്കിസ്ഥാൻ കേവലം 4 വിക്കറ്റുകളുടെ നഷ്ടത്തിൽ 338 റൺസ് നേടുകയുണ്ടായി. ഇത് പിന്തുടർന്നിറങ്ങിയ ഇന്ത്യ കേവലം 158 റൺസിന് പുറത്താവുകയും ചെയ്തു. അങ്ങനെ ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ പരാജയമറിഞ്ഞു.

ഗ്രൂപ്പ് ഘട്ടത്തിൽ വമ്പൻ വിജയം നേടി ആഘോഷമാക്കിയ ഇന്ത്യയെ സംബന്ധിച്ച് വളരെ നിരാശയായിരുന്നു ഫൈനൽ മത്സരത്തിലെ ഈ ദയനീയ പരാജയം നൽകിയത്. 2023 ഏഷ്യാകപ്പിലെ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ വിജയം ഓർമ്മിപ്പിക്കുന്നത് ആ അമിതാവേശമാണ്. ഫൈനലിൽ പാകിസ്ഥാൻ ഇന്ത്യയുടെ എതിരാളികളായി വന്നാലും അന്ന് ഈ മുൻനിര തകരാതിരിക്കട്ടെ എന്നും, വമ്പൻ വിജയം ഇന്ത്യയ്ക്ക് നേടാൻ സാധിക്കട്ടെ എന്നും പ്രതീക്ഷിക്കാം.

Rate this post