‘പറഞ്ഞതിൽ ഖേദിക്കുന്നില്ല, പറഞ്ഞത് ഹൃദയത്തിൽ നിന്നുള്ളതാണ്, ആവശ്യമെങ്കിൽ അതേ രീതിയിൽ തന്നെ വീണ്ടും പറയും’: ആഷിഖ് കുരുണിയൻ
അർജന്റീനയെ ഇന്ത്യയിൽ കളിക്കാൻ ക്ഷണിച്ചതിനെതിരെ വിമർശനവുമായി മലയാളി താരം ആഷിഖ് കുരുണിയൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കേരളത്തിൽ ദേശീയ ടീമിൽ കളിക്കുന്ന താരങ്ങൾക്ക് പോലും പരിശീലന നടത്താനുള്ള അടിസ്ഥാന സൗകര്യമില്ലെന്ന് പറഞ്ഞ ആഷിക്ക് ഫുട്ബോളിന്റെ വികസനത്തിനായി അർജന്റീനയെ കൊണ്ടുവരുന്നതല്ല പകരം അടിസ്ഥാന സൗകര്യമൊരുക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും പറഞ്ഞിരുന്നു.
എന്നാൽ ഇതിനെതിരെ വലിയ വിമർശനങ്ങൾ ആഷിക്കിനെതിരെ ഉയർന്നു വന്നിരുന്നു.ഈ താരത്തെ അനുകൂലിച്ചുകൊണ്ട് പ്രതികൂലിച്ചു കൊണ്ടും ഒരുപാട് പേർ രംഗത്ത് വന്നു.ഇതിൽ ഇപ്പോൾ അദ്ദേഹം വ്യക്തത വരുത്തിയിട്ടുണ്ട്. നിലപാടിൽ മാറ്റമില്ല എന്നാണ് ആഷിക്ക് സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിട്ടുള്ളത്.താൻ പറഞ്ഞതിൽ ഖേദിക്കുന്നില്ലെന്നും അവ ഹൃദയത്തിൽ നിന്നു വാക്കുകളാണെന്നും ആവശ്യമെങ്കിൽ അതേ രീതിയിൽ വീണ്ടും പറയുമെന്നും താരം പറഞ്ഞു.
“രണ്ട് ദിവസം മുൻപ് ഞാൻ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലെ എന്റെ ചില അഭിപ്രായങ്ങൾ പല സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും തെറ്റായ വ്യാഖ്യാനിക്കുന്നതിനാൽ അവ വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു.ഒന്നാമതായി, പറഞ്ഞതിൽ ഞാൻ ഖേദിക്കുന്നില്ല. ഞാൻ പറഞ്ഞത് ഹൃദയത്തിൽ നിന്നുള്ളതാണ്, ആവശ്യമെങ്കിൽ അതേ രീതിയിൽ തന്നെ ഞാൻ വീണ്ടും പറയും” ആഷിക് പറഞ്ഞു.
”മലപ്പുറത്തെ ഗ്രൗണ്ടുകളുടെ എണ്ണം പറഞ്ഞാണ് പലരും പ്രതികരിച്ചത്. ഇ ഗ്രൗണ്ടുകളിൽ മിക്കതിലും ഞാൻ പോയിട്ടുള്ളതിനാൽ എനിക്കറിയാം മലപ്പുറത്ത് നിരവധി ഗ്രൗണ്ടുകൾ ഉണ്ട് എന്നത് . എന്നിരുന്നാലും, ഇതിൽ എത്രയെണ്ണം വർഷം മുഴുവൻ പരിശീലനത്തിന് യോഗ്യമാണ്? ഈ ഗ്രൗണ്ടുകൾ ഒരു ടൂർണമെന്റിനായി തയ്യാറാക്കിയാൽ അതിന് ശേഷം പരിപാലനം ഇല്ലാതെ ചിലപ്പോൾ പറമ്പിൽ പശുക്കൾ വരെ മേയുന്നു. ഇതാണ് യാഥാർത്ഥ്യം” അദ്ദേഹം കൂട്ടിചേർത്തു.
“ലയണൽ മെസ്സി ഇന്ത്യയിൽ ഫുട്ബോൾ കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നുണ്ടോ? അതെ. എന്നിരുന്നാലും, മെസ്സി ഇന്ത്യയിൽ കളിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നതിനേക്കാൾ എന്റെ സംസ്ഥാനത്തെ കുട്ടികൾ ദേശീയ ടീമിനായി കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. മികച്ച സൗകര്യങ്ങൾ, മികച്ച കായിക മൈതാനങ്ങൾ, പരിശീലകർക്കും കളിക്കാർക്കും കൂടുതൽ അവസരങ്ങൾ എന്നിവയാണ് അതിനുള്ള ഏറ്റവും നല്ല മാർഗം” ആഷിക്ക് പറഞ്ഞു.