വിദേശതാരത്തിന്റെ പരിക്ക് ഗുരുതരം , സീസണിലെ ഭൂരിഭാഗം മത്സരങ്ങളും നഷ്ടമാകും |Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലേക്കുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്സ് . ടീമിന്റെ പ്രീ സീസൺ പരിശീലനം കഴിഞ്ഞ ദിവസം കൊച്ചിയിൽ ആരംഭിച്ചിരുന്നു. വിദേശ താരങ്ങളടക്കമുള്ളവർ ടീമിനൊപ്പം ചേർന്നിരുന്നു. അതിനിടയിൽ ബ്ലാസ്റ്റേഴ്സിന് പരിക്കിന്റെ രൂപത്തിൽ വലിയൊരു തിരിച്ചടി നേരിട്ടിരിക്കുകയാണ്.
പുതിയ സൈനിംഗ് ആയ ഓസ്ട്രേലിയൻ ഫോർവേഡ് ജൗഷുവ സോട്ടിരിയോയ്ക്ക് പ്രീസീസൺ പരിശീലനത്തിനിടെ ഉണ്ടായ പരിക്ക് കാരണം വരാനിരിക്കുന്ന സീസണിന്റെ ഒരു പ്രധാന ഭാഗം നഷ്ടമാവും എന്നുറപ്പായിരിക്കുകയാണ്.എ-ലീഗ് ടീമായ ന്യൂകാസിൽ ജെറ്റ്സ് എഫ്സിയിൽ നിന്ന് രണ്ട് മാസം മുമ്പ് ക്ലബ്ബിൽ ചേർന്ന 27 കാരന്റെ കണങ്കാലിനാണ് പരിക്കേറ്റത്.മെഡിക്കൽ പരിശോധനകൾക്ക് ശേഷം അദ്ദേഹത്തിന് ശസ്ത്രക്രിയയും തിരിച്ചുവരാൻ നീണ്ട കാലയളവും ആവശ്യമാണെന്ന് സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം പരിശീലന സെഷനുശേഷം കാറിനടുത്തേക്ക് നടക്കാൻ സഹായം ആവശ്യമായി വരുന്ന സോട്ടിരിയോയുടെ വീഡിയോ വൈറലായതിന് പിന്നാലെയാണ് പരിക്കിന്റെ വാർത്ത പുറത്തുവന്നത്. വരാനിരിക്കുന്ന സീസണിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതിനാൽ വീഡിയോ ആരാധകരെ നിരാശയിലാക്കി.രണ്ടു വർഷത്തെ കരാറിലാണ് ആക്രമണനിരയെ കൂടുതൽ ശക്തമാക്കാൻ ഇരുപത്തിയേഴു വയസുള്ള താരത്തെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ഈ സീസണിന്റെ ഭൂരിഭാഗവും നഷ്ടമാകുമെന്ന് ഉറപ്പായാൽ ജോഷുവക്ക് പകരം മറ്റൊരു താരത്തെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്സ് ശ്രമിക്കും.
🚨 Injury Blow for Kerala Blasters FC! Australian forward Jaushua Sotirio suffered a major injury in the preseason training camp.
— The Bridge Football (@bridge_football) July 18, 2023
We wish Jaushua a speedy recovery🙏. #KeralaBlasters #InjuryUpdate.
https://t.co/NBB3cE5lsg
ഓഗസ്റ്റ് 3 ന് കൊൽക്കത്തയിൽ ആരംഭിക്കാനിരിക്കുന്ന ഡ്യൂറാൻഡ് കപ്പ് പോലുള്ള നിർണായക മത്സരങ്ങൾ ഉൾപ്പെടെ വരാനിരിക്കുന്ന സീസണിലെ ഭൂരിഭാഗവും അദ്ദേഹത്തിന് നഷ്ടമാകും.ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡ്യുറാൻഡ് കപ്പ് ആരംഭിക്കുന്നതിന് മുമ്പ് അനുയോജ്യമായ പകരക്കാരനെ കണ്ടെത്താനുള്ള പരിമിതമായ സമയം കണക്കിലെടുക്കുമ്പോൾ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ മോഹങ്ങൾക്ക് ജൗഷുവ സോട്ടിരിയോയുടെ പരിക്ക് കനത്ത പ്രഹരമാണ് നൽകുന്നത്.ഡ്യൂറൻഡ് കപ്പിൽ ഗോകുലം കേരള എഫ്സി, ബെംഗളൂരു എഫ്സി, ആർമി ഗ്രീൻ എന്നീ ടീമുകൾക്കൊപ്പമാണ് കേരള ബ്ലാസ്റ്റേഴ്സ്.