അമേരിക്കയിൽ സ്റ്റാർ ആയി മലയാളി ഫാസ്റ്റ് ബൗളർ ശ്രീശാന്ത്
യുഎസ് മാസ്റ്റേഴ്സ് ടി10 ലീഗിൽ ഗംഭീര പ്രകടനം പുറത്തെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മലയാളി ഫാസ്റ്റ് ബൗളർ എസ് ശ്രീശാന്ത്. ഹർഭജൻ സിംഗ് നായകനായ മോറിസ്വില്ലെ യൂണിറ്റി ടീമിന്റെ താരമാണ് ശ്രീശാന്ത്. ഫ്ലോറിഡയിലെ സെൻട്രൽ ബ്രോവാർഡ് റീജിയണൽ പാർക്ക് സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന മത്സരത്തിൽ ടെക്സസ് ചാർജേഴ്സിനെതിരെയാണ് ശ്രീശാന്ത് മികച്ച പ്രകടനം പുറത്തെടുത്തിരിക്കുന്നത്.
മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ടെക്സസ് ചാർജേഴ്സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് രണ്ടാമത്തെ ഓവറിൽ തന്നെ ശ്രീശാന്ത് തകർക്കുകയായിരുന്നു. ഓവറിലെ രണ്ടാമത്തെ പന്തിൽ മുഹമ്മദ് ഹഫീസിനെ ക്രിസ് ഗെയിലിന്റെ കൈകളിൽ എത്തിച്ച ശ്രീശാന്ത്, അതെ ഓവറിലെ നാലാമത്തെ പന്തിൽ മറ്റൊരു ഓപ്പണർ ആയ മുക്താർ അഹമ്മദിനെ പീനാറിന്റെ കൈകളിലും എത്തിച്ചു.
മധ്യനിരയിൽ ഉപുൽ തരംഗയും (7 പന്തിൽ 13), സ്റ്റീവൻസും (18 പന്തിൽ 36) വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കുമ്പോൾ വീണ്ടും, എതിരാളികൾക്ക് വില്ലനായി ശ്രീശാന്ത് അവതരിച്ചു. തന്റെ രണ്ടാമത്തെ ഓവറിൽ ശ്രീശാന്ത് വീണ്ടും രണ്ട് വിക്കറ്റുകൾ കൂടി വീഴ്ത്തി. തരംഗയെ സവേജിന്റെ കൈകളിൽ എത്തിച്ച ശ്രീശാന്ത്, സ്റ്റീവൻസിനെ ആൻഡേഴ്സന്റെ കൈകളിലും എത്തിച്ചു. ഇതോടെ മത്സരത്തിൽ നാലു വിക്കറ്റുകൾ ആണ് ശ്രീശാന്ത് വീഴ്ത്തിയത്.
2 ഓവറിൽ 12 റൺസ് മാത്രം വഴങ്ങിയാണ് ശ്രീശാന്ത് നാല് വിക്കറ്റ് പ്രകടനം നടത്തിയത്. ശ്രീശാന്തിന്റെ ബൗളിൽ പ്രകടനത്തിന്റെ മികവിൽ 10 ഓവറിൽ എതിരാളികളെ 7 വിക്കറ്റ് നഷ്ടത്തിൽ 109 റൺസിന് പിടിച്ചു കെട്ടാൻ മോറിസ്വില്ലെ യൂണിറ്റിക്ക് സാധിച്ചു. ശ്രീശാന്തിന് ഒപ്പം ഡി പിയഡ്റ്റ് രണ്ട് വിക്കറ്റുകളും, നവിൻ സ്റ്റെവാട്ട് ഒരു വിക്കറ്റും വീഴ്ത്തി. ടെക്സസ് ചാർജേഴ്സിന് വേണ്ടി സ്റ്റീവൻസ് (36), ബെൻ ഡങ്ക് (15), തരംഗ (13), തിസേര പെരേര (12) എന്നിവർ മികച്ച ബാറ്റിംഗ് പ്രകടനം നടത്തി.